രോഗലക്ഷണങ്ങൾ നിസ്സാരമാക്കി വിടുന്നതാണ് പലപ്പോഴും ചികിത്സയുടെ വിജയസാധ്യതയും കുറയ്ക്കുന്നത്. അടിക്കടി വരുന്ന തലവേദനയും ക്ഷീണവുമൊക്കെ നിസ്സാരമാക്കിയതിലൂടെ വൈകി ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതിനേക്കുറിച്ചു തുറന്നുപറയുകയാണ് റെക്സാമിൽ നിന്നുള്ള ജോഷ് സ്മിത്ത് എന്ന മുപ്പത്തിനാലുകാരൻ. തുടർച്ചയായ തലവേദനയും ബ്രെയിൻ ഫോഗും പിന്നീട് മസ്തിഷ്കാർബുദത്തിന്റെ ലക്ഷണങ്ങളാണെന്ന് സ്ഥിരീകരിച്ചതിനേക്കുറിച്ചാണ് ജോഷ് ബിബിസിയോടു പങ്കുവെച്ചത്.
സ്ഥിരമായ തലവേദനയും ആശയക്കുഴപ്പവും മന്ദതയും അനുഭവപ്പെടുന്ന ബ്രെയിൻ ഫോഗും ഉണ്ടായപ്പോൾ ക്ഷീണത്തിന്റേതാകുമെന്നാണ് ജോഷ് കരുതിയത്. ഡോക്ടറെ കാണുന്നതിനുപകരം വേദനാസംഹാരികളിൽ അഭയം തേടുകയും ചെയ്തു. വിശ്രമിക്കുമ്പോൾ ലക്ഷണങ്ങൾ കുറയുമെന്നുകരുതിയെങ്കിലും മാറ്റമുണ്ടായില്ല. പാരസെറ്റാമോളിൽ അഭയംതേടുകയും നേരത്തേ കിടന്നുറങ്ങുകയുമൊക്കെ ചെയ്തു. മാറ്റമില്ലാതിരുന്നതോടെയാണ് ഭാര്യ കെല്ലി വിദഗ്ധചികിത്സ തേടണമെന്ന് നിർബന്ധിക്കുന്നത്. വർഷങ്ങൾക്കുശേഷമാണ് താനാദ്യമായി തലവേദനയ്ക്ക് ഡോക്ടറെ കാണാൻ തീരുമാനിച്ചതെന്ന് ജോഷ് പറയുന്നു.
അന്നും കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താനായില്ല. പതിയെ ലക്ഷണങ്ങൾ വഷളാവുകയും കണ്ണിനുപുറകിൽ വരെ വേദന തീവ്രമാവുകയും ചെയ്തതോടെ വീണ്ടും ഭാര്യ വിദഗ്ധചികിത്സയ്ക്കു നിർദേശിച്ചു. അത്രത്തോളം വേദന മുമ്പൊരിക്കലും അനുഭവപ്പെട്ടിരുന്നില്ലെന്ന് ജോഷ് പറയുന്നു. ആദ്യം മാേർഫിൻ നൽകി തിരിച്ചുവിട്ടെങ്കിലും വേദന വിട്ടുമാറിയില്ല. പിന്നാലെ നടത്തിയ സി.ടി. സ്കാൻ പരിശോധനയിലാണ് 4.5 സെന്റിമീറ്റർ നീളത്തിലുള്ള ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.
തുടർന്ന് ലിവർപൂളിലെ വാൾട്ടൺ സെന്ററിൽ എത്തിച്ചപ്പോഴാണ് ജോഷിന് മാരക മസ്തിഷ്കാർബുദമായ ഗ്ലയോബ്ലാസ്റ്റോമയാണെന്ന് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയിലൂടെ ട്യൂമറിന്റെ ഏകദേശം 95% നീക്കം ചെയ്യാൻ കഴിഞ്ഞെങ്കിലും പിന്നീട് കാൻസർ പൂർണമായും ഭേദമാക്കാനാവില്ലെന്ന് ജോഷിനെ അറിയിച്ചു. റേഡിയേഷൻ, കീമോതെറാപ്പി ചികിത്സ തുടരുന്ന ജോഷ് ലക്ഷണങ്ങൾ കാലങ്ങളോളം പ്രകടമായിട്ടും നിസ്സാരമാക്കിയതാണ് തന്റെ രോഗാവസ്ഥ വഷളാക്കിയതെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
ഗ്ലയോബ്ലാസ്റ്റോമ
ഗ്രേഡ് 5 ബ്രെയിൻ ട്യൂമറാണിത്. ദ്രുതഗതിയിൽ വളരുകയും ഇരട്ടിക്കുകയും ചെയ്യുന്ന കാൻസർ കോശങ്ങളാണ് ഇതിന്റെ പ്രത്യേകത. രോഗം മാറ്റാനുള്ള ചികിത്സ ലഭ്യമല്ലെങ്കിലും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചികിത്സകളാണ് നടന്നുവരുന്നത്. കാഴ്ച മങ്ങൽ, തലവേദന, വിശപ്പില്ലായ്മ, ഓർമക്കുറവ്, മാനസികനിലയിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങൾ, ഛർദി, ഓക്കാനം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തരിപ്പ് തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.
Content Highlights: Persistent headaches and brain fog are often early indicators of neurological issues., Delaying medical consultation for chronic symptoms can lead to advanced stage diagnosis., Glioblastoma is a Grade 4 aggressive brain tumor requiring immediate medical imaging like CT scans.
Published: 30 Jul 2026, 04:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented