
കേരളം പനിയിൽ വിറച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, എച്ച് വൺ എൻ വൺ എന്നുതുടങ്ങി സകല പനികളും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രോഗപ്രതിരോധത്തിനായി ശ്രദ്ധിക്കേണ്ട മാർഗങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നിരന്തരം ജാഗ്രത പുറപ്പെടുവിക്കുന്നുമുണ്ട്. പനിക്കാലത്തെ നിസ്സാരമാക്കരുതെന്ന് കരുതി അവബോധമുണ്ടാക്കാൻ പങ്കുവെച്ച ഒരു പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചതിനെക്കുറിച്ച് പങ്കുവെക്കുകയാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇൻസ്റ്റഗ്രാമിലൂടെ പനിയെക്കുറിച്ച് പങ്കുവെച്ച പോസ്റ്റാണ് ഭാഗ്യലക്ഷ്മി ഗുരുതരാവസ്ഥയിൽ എന്ന പേരിൽ പല മാധ്യമങ്ങളും പങ്കുവെച്ചതെന്ന് അവർ പറയുന്നു.
എച്ച് വൺ എൻ വൺ ബാധിച്ചുവെന്നും കഠിനമാണെന്നും എല്ലാവരും കരുതിയിരിക്കണമെന്നും പറഞ്ഞാണ് ഭാഗ്യലക്ഷ്മി ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചത്. എന്നാൽ അതിലൂടെ അവബോധം പരത്തുന്നതിന് പകരം പലരും തെറ്റായി ഉപയോഗിച്ചുവെന്നാണ് അവർ പറയുന്നത്.
താൻ വളരെ മോശം അവസ്ഥയിലാണ് എന്നു പറഞ്ഞാണ് പലരും ചിത്രം പങ്കുവെച്ചത്. എച്ച് വൺ എൻ വൺ ആണ് എന്ന റിസൾട്ട് കിട്ടിയപ്പോൾ ഉച്ചവരെ മാത്രമേ താൻ ആശുപത്രിയിൽ കിടന്നിരുന്നുള്ളു. അവിടെ പനിബാധിച്ച് എത്തിയവരുടെ തിരക്കായിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നും പാരസെറ്റാമോൾ കഴിച്ച് വിശ്രമിക്കാനും നല്ല ഭക്ഷണവും വെള്ളവും കുടിക്കാനുമാണ് ഡോക്ടർ പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
എന്നാൽ ആളുകൾക്ക് അവബോധം ഉണ്ടാകാൻ വേണ്ടിയിട്ട പോസ്റ്റ് മറ്റൊരുതരത്തിൽ ആഘോഷിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വാർത്ത കണ്ട് പലരും തന്നെ വിളിച്ച് എന്തുപറ്റി എന്ന് അന്വേഷിക്കുന്നുണ്ട്. തനിക്കൊരു കുഴപ്പവും ഇല്ല. നിറയെ വെള്ളംകുടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നതാണ് പറയാനുള്ളത്. തന്നെ വിളിച്ച് വിവരം അന്വേഷിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതിനൊപ്പം താൻ പൂർണ ആരോഗ്യവതിയായി ഇരിക്കുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
എന്താണ് എച്ച്1 എന്‍1 ?
ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍ പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവില്‍ വൈദ്യശാസ്ത്രത്തിലുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികള്‍ പരിപൂര്‍ണ്ണ വിശ്രമം എടുക്കുക. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും വീട്ടില്‍ തന്നെ വിശ്രമിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍- വൃക്കരോഗങ്ങള്‍ തുടങ്ങിയവ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കഴിക്കുക. രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാം അതിനാല്‍ അതീവ ജാഗ്രത പാലിക്കുക. യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക.
Content Highlights: bhagyalakshmi on fake news about her health condition
Published: 24 Jun 2023, 05:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented