നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ച് ഏറ്റവും മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ് നട്ട്സ്. ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ, വിറ്റാമിനുകൾ എന്നിവ ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. ബദാം, വാൾനട്ട്, കശുവണ്ടി, പിസ്ത, ഹേസൽനട്ട് തുടങ്ങിയ നട്ട്സുകൾ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയതിനാൽ തലച്ചോറിനും നല്ലതാണ്. അതിനാൽ, നട്ട്സിനെക്കുറിച്ച് ആർക്കും രണ്ട് അഭിപ്രായങ്ങളില്ല. എന്നാൽ, നട്ട്സ് എപ്പോൾ കഴിക്കുന്നതാണ് ശരീരത്തിന് നല്ലത് എന്നതിനെക്കുറിച്ച് നമുക്ക് വലിയ ധാരണയുണ്ടാവില്ല. ഇപ്പോഴിതാ, ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത കരൾരോഗ വിദഗ്ധൻ ഡോ. സൗരഭ് സേഥി. ഓരോ തരം നട്ട്സും കഴിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയത്തെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ദിവസം ആരംഭിക്കുന്നത് ബദാം കഴിച്ചുകൊണ്ടാകാം എന്നാണ് ഡോക്ടർ പറയുന്നത്. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ബദാം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ, മെറ്റബോളിക് പ്രവർത്തനങ്ങൾക്കും മാനസിക വ്യക്തതയ്ക്കും രാവിലെ ബദാം കഴിക്കുന്നത് നല്ലതാണ്. അതുപോലെ, പൈൻ നട്ടിന്റെ ഏറ്റവും മികച്ച ഗുണം ലഭിക്കുന്നതിന് അത് രാവിലെ ഇടനേരത്ത് കഴിക്കാനാണ് ഡോക്ടർ പറയുന്നത്. രാവിലെ പത്തിനോ പതിനൊന്നിനോ ഇത് കഴിക്കുന്നത് നിങ്ങൾക്ക് ഇത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നതിനും ഉച്ചയ്ക്ക് അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതിനും സഹായിക്കും.
കശുവണ്ടി കഴിക്കാൻ ഏറ്റവും അനുയോജ്യം ഉച്ചഭക്ഷണ സമയമാണെന്നും ഡോക്ടർ വ്യക്തമാക്കുന്നു. സിങ്ക്, അയൺ എന്നിവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സാലഡിൽ ചേർത്തോ ഭക്ഷണത്തോടൊപ്പമോ കശുവണ്ടി കഴിക്കാം. എന്നാൽ, കലോറി കൂടുതലായതിനാൽ മിതമായ അളവിൽ മാത്രം ഇത് കഴിക്കുക. പിസ്ത കഴിക്കാൻ ഏറ്റവും നല്ല സമയം ഉച്ചയ്ക്ക് ശേഷമാണ്. ഉച്ചകഴിഞ്ഞുള്ള ക്ഷീണം അകറ്റാൻ ഇത് നിങ്ങളെ സഹായിക്കും. പ്രോട്ടീനും ഫൈബറും അടങ്ങിയതാണ് പിസ്ത. ഉച്ചകഴിഞ്ഞ് മൂന്നിനോ നാലിനോ കുറച്ച് പിസ്ത കഴിക്കുന്നത് അത്താഴം വരെ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.
വാൾനട്ട് വൈകീട്ട് കഴിക്കാം. നല്ല ഉറക്കത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളും മെലാറ്റോണിനും ധാരാളമായി അടങ്ങിയിട്ടുള്ള ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Optimize Your Nut Consumption: A Gastroenterologist's Guide to Timing
Published: 18 Jul 2025, 08:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented