കോട്ടയം:‘കഷണ്ടിത്തലയ്ക്ക് വെയിലത്ത് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല’ -വിദഗ്ധ ഡോക്ടർമാരുടെ ഉറപ്പാണിത്. കാലങ്ങൾക്കൊണ്ട് ശരീരത്തിലെ മറ്റു ചർമഭാഗംപോലെ വെയിലേൽക്കാൻ പാകപ്പെട്ടതാണ് കഷണ്ടി. എന്നാൽ, ചൂടല്ലേ വിയർക്കുമെന്ന് കരുതി മൊട്ടയടിച്ചേക്കാമെന്ന് കരുതുന്നവർ സൂക്ഷിക്കണം. ചൂടുകാലത്ത് പെട്ടെന്ന് മുടിയില്ലാതാകുമ്പോൾ ചർമത്തിന് ചൂട് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് മൊട്ടയടിക്കാതിരിക്കുന്നതാണ് നല്ലത്.

To advertise here,

മൊട്ടയടിച്ചവർക്ക് തൊപ്പി വെക്കാമെങ്കിലും ചൂടുകൂടും. അതിനെക്കാൾ നല്ലസംരക്ഷണം പ്രകൃതി തന്ന മുടിതന്നെയാണ്. ഏതുതരം വിഗ്ഗും തല വിയർപ്പിക്കും. വെയിലത്ത് തലയിൽ ചൂടുകൂടാൻ വിഗ്ഗ് കാരണമാകും.

മനസ്സ് പാകപ്പെട്ടാൽമതി

കഷണ്ടിയിൽ സങ്കടപ്പെടുന്നവരാണ് 99 ശതമാനംപേരും. അതിനോട് പൊരുത്തപ്പെടാൻ സമയമെടുക്കും. ചൂടത്ത് വിഗ്ഗ് നല്ലതല്ല. മുടിവെച്ചുപിടിപ്പിക്കുന്നത് അത്ര കുഴപ്പമില്ല. -ഡോ. മോഹൻദാസ്, റിട്ട. ചർമചികിത്സാവിദഗ്ധൻ, മെഡിക്കൽ കോളേജ്, കോട്ടയം

കൈയിൽ വെയിലടിക്കുംപോലെ

പെട്ടെന്നല്ലല്ലോ, കാലങ്ങൾ കൊണ്ടാണീ കഷണ്ടിയുണ്ടായത്. അതുകൊണ്ട് ചൂടിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വെയിലേറ്റ് നടക്കുമ്പോൾ കഷണ്ടി ബുദ്ധിമുട്ടിക്കുന്നില്ലേയെന്ന് ചിലർ ചോദിച്ചിട്ടുണ്ട്. ‘ഒരു പ്രശ്നവുമില്ല. കൈയിൽ വെയിലടിക്കും പോലെത്തന്നെ’ -അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, എംപി

‘മൊട്ട ഗ്ലോബൽ’

കഷണ്ടിയെ അതിജീവിക്കാൻ മൊട്ടയടിച്ചുതുടങ്ങിയവരുടെ ആഗോളസംഘടനയാണ് മൊട്ട ഗ്ലോബൽ. ചെറിയ കഷണ്ടി വന്നപ്പോഴുള്ള സങ്കടംമാറ്റാനാണ് മൊട്ടയടിച്ചത്. പിന്നീടത് ആത്മവിശ്വാസത്തിന്റെ അടയാളമായി. ചൂടൊന്നും കാര്യമാക്കുന്നില്ല -സത്യരാജ്, ക്യാമറാമാൻ, തിരുവനന്തപുരം, മൊട്ട ഗ്ലോബൽ അംഗം

കഷണ്ടിയിൽ പ്ളസുണ്ട്

പാരമ്പര്യമായുള്ള കഷണ്ടിയാണല്ലോ. ശരീരത്തിന്റെ ഒരവസ്ഥമാത്രം. വെയിലോ മഴയോ കൊള്ളുമ്പോൾ കൂടുതൽ പ്രശ്നമൊന്നുമില്ല. ചൂടുകാലത്ത് കാറ്റ് കൂടുതൽ കൊള്ളാൻകഴിയുന്നത് പ്ളസായിട്ടേ തോന്നിയിട്ടുള്ളൂ-മാണി സി. കാപ്പൻ, എംഎൽഎ