ആലപ്പുഴ: വരുമാന പരിധിയില്ലാതെ, 70 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും സൗജന്യചികിത്സ നല്‍കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായി വയോവന്ദന കാര്‍ഡ് എടുത്തവര്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) നിന്നു പുറത്തായി. നിലവില്‍ കാസ്പില്‍ ഉള്‍പ്പെട്ട് സൗജന്യചികിത്സ ലഭിക്കുന്നവരാണ് ആയുഷ്മാന്‍ഭാരത് പ്രധാനമന്ത്രി ജനാരോഗ്യ യോജന (പി.എം.ജെ.എ.വൈ.) യില്‍ രജിസ്റ്റര്‍ ചെയ്തതോടെ സംസ്ഥാനത്തിന്റെ സൗജന്യ ചികിത്സയില്‍നിന്നു പുറത്തായത്.
കേന്ദ്രപദ്ധതിയില്‍ ഒരാള്‍ അംഗമായാല്‍ കാസ്പ് പദ്ധതിയില്‍നിന്ന് കുടുംബാംഗങ്ങളെല്ലാം പുറത്താകുകയും ചെയ്യും. കേന്ദ്രപദ്ധതി സംസ്ഥാനത്തു തുടങ്ങിയാലേ ഇവര്‍ക്കിനി സൗജന്യ ചികിത്സാപദ്ധതിയില്‍ വീണ്ടും അംഗമാകാനാകൂ. കേന്ദ്രനിര്‍ദേശം കിട്ടാത്തതും സംസ്ഥാനവിഹിതത്തിനു പണമില്ലാത്തതുമാണ് പദ്ധതി തുടങ്ങാത്തതിനു കാരണം.
അതിനാല്‍, കേന്ദ്രപദ്ധതിയുടെ രജിസ്‌ട്രേഷന്‍ ഇപ്പോള്‍ തുടങ്ങരുതെന്ന് സി.എസ്.സി. ഡിജിറ്റല്‍ സേവാ കേന്ദ്രം, അക്ഷയ കേന്ദ്രം എന്നിവയ്ക്കു അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ചില കേന്ദ്രങ്ങളും സംഘടനകളും പദ്ധതിയില്‍ ആളെ ചേര്‍ത്ത് വയോവന്ദന കാര്‍ഡ് എടുത്തുനല്‍കിയിരുന്നു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ എഴുപതുകഴിഞ്ഞവര്‍ കാസ്പില്‍ അംഗമാണ്. അവര്‍ക്കു പ്രതിവര്‍ഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സയ്ക്കു തടസ്സമില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ കേന്ദ്രപദ്ധതിയില്‍ ചേരരുതെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
രണ്ടാഴ്ചമുന്‍പ് ചികിത്സ സൗജന്യം; ഇപ്പോള്‍ പണംവേണം
ചേര്‍ത്തല പാണാവള്ളി പുല്ലൂട്ടിക്കല്‍ ഗംഗാധരന്‍ ഹൃദ്രോഗിയാണ്. രണ്ടാഴ്ചമുന്‍പ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ സൗജ്യനചികിത്സയും കിട്ടി. ഡിസ്ചാര്‍ജ് ചെയ്ത് വന്നയുടന്‍ കേന്ദ്രസര്‍ക്കാരിന്റെ 70 കഴിഞ്ഞവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നു. വയോവന്ദന കാര്‍ഡും കിട്ടി.
കഴിഞ്ഞദിവസം വീണ്ടും നെഞ്ചുവേദന വന്നപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയ്ക്കു പണം നല്‍കേണ്ടിവന്നു. വയോവന്ദന കാര്‍ഡ് എടുത്തതോടെ കാസ്പ് കാര്‍ഡ് റദ്ദായി. ഫലത്തില്‍ രണ്ടുകാര്‍ഡില്‍നിന്നും സൗജന്യചികിത്സ കിട്ടാതായി. കാസ്പില്‍ അംഗമാകുന്നവര്‍ക്ക് സര്‍ക്കാരിന്റെ മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ അംഗത്വം പാടില്ലെന്നു നിബന്ധനയുണ്ട്.
Content Highlights: Ayushman Vay Vandana card holders excluded from Karunya Arogya Suraksha Padhathi
Published: 21 Nov 2024, 07:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented