ഓർഡർ ചെയ്ത് വരുത്തുന്ന ഭക്ഷണം അലുമിനിയം ഫോയിലുകളിൽ പൊതിഞ്ഞാവും ലഭ്യമാവുക. അടുത്തിടെയായി അലുമിനിയം ഫോയിൽ അനാരോഗ്യകരമാണെന്നും കാൻസർ സാധ്യത കൂട്ടുമെന്നും പറഞ്ഞുകൊണ്ടുള്ള ചർച്ചകൾ സജീവമാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് റായ്പുരിൽ നിന്നുള്ള കാൻസർരോഗ വിദഗ്ധനായ ഡോ.ജയേഷ് ശർമ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കുന്നത്.
അലുമിനിയം ഫോയിലിൽ പൊതിഞ്ഞുവരുന്ന ചൂടുള്ള റൊട്ടി സുരക്ഷിതമാണോ? ഉച്ചഭക്ഷണം പാക്ക് ചെയ്യാനും ഭക്ഷണം സൂക്ഷിച്ചുവെക്കാനുമൊക്കെ എന്നും നാം ഉപയോഗിക്കുന്നവയാണിവ. പക്ഷേ, അലുമിനിയം ഭക്ഷണത്തിലേക്ക് കടക്കുമെന്നും വൃക്കയെ തകരാറിലാക്കുമെന്നുമൊക്കെയുള്ള പ്രചാരണങ്ങളുണ്ട്. അലുമിനിയം ഫോയിൽ ഹാനികരമാണോ എന്നതിന്റെ വസ്തുത പരിശോധിക്കാം എന്നു പറഞ്ഞാണ് ഡോ. ജയേഷ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നും ഭക്ഷണം ഓർഡർ ചെയ്തുകഴിച്ചിരുന്ന തന്റെയൊരു സുഹൃത്താണ് അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് കാൻസറിന് കാരണമാകില്ലേയെന്ന് ചോദിച്ചതെന്ന് ഡോ.ജയേഷ് പറയുന്നു. എന്തിനാണ് അലുമിനിയം ഫോയിൽ തന്നെ ഉപയോഗിക്കുന്നതെന്നും എന്തുകൊണ്ട് അതിൽ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്.
ഭൂമിയിലെ ഏറ്റവും സാധാരണമായ ലോഹമാണ് അലുമിനിയമെന്ന് ഡോ.ജയേഷ് പറയുന്നു. അത് ഭാരം കുറവുള്ളതുമാണ്. ഭക്ഷണവുമായി എളുപ്പത്തിൽ പ്രതിപ്രവർത്തനം നടത്താത്ത ലോഹവുമാണത്. ഭക്ഷണത്തിൽ വളരെ ചെറിയ അളവിൽ മാത്രമേ ഇത് കടക്കുകയുള്ളൂ, അത് ശരീരം ആഗിരണം ചെയ്യാനുള്ള സാധ്യത വിരളവുമാണ്. ആഗിരണം ചെയ്യപ്പെടുന്നവ വൃക്കയിലൂടെ പുറന്തള്ളുകയും ചെയ്യും. കട്ടികൂടിയ ലോഹം അല്ലാത്തതിനാൽ ശരീരത്തിൽ അടിഞ്ഞുകൂടാനുള്ള സാധ്യതയുമില്ല- അദ്ദേഹം പറയുന്നു.
അലുമിനിയം വിഷമയമാണെങ്കിലും അതിൽ നിന്ന് കാൻസർ വരാനുള്ള സാധ്യത തീരെയില്ലെന്നും അദ്ദേഹം പറയുന്നു. ഇത് കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ പട്ടികയിലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇനി അലുമിനിയത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് മുൻകരുതൽ എടുക്കുന്നവർക്കുള്ള വഴിയും ഡോ.ജയേഷ് പറയുന്നുണ്ട്. നല്ല ചൂടിൽ അലുമിനിയം പാത്രങ്ങളിൽ പാകം ചെയ്യരുത്, പുളി കൂടുതലും അസിഡിക് അംശവുമുള്ള ഭക്ഷണങ്ങൾ അലുമിനിയം പാത്രങ്ങളിൽ പാകംചെയ്യരുത്, അസിഡിക് അംശമുള്ളവ കാലങ്ങളോളം അലുമിനിയം പാത്രങ്ങളിൽ സൂക്ഷിക്കരുത് എന്നിവയാണവ.
കാൻസർ വരുമെന്നുപറഞ്ഞ് അലുമിനിയത്തെ കുറ്റപ്പെടുത്തുന്നത് പുകവലിക്കുന്നയാൾ സിഗരറ്റിനു പകരം സിഗരറ്റ് പാക്കിനെ കുറ്റപ്പെടുത്തുന്നതുപോലെയാണെന്നും ഫാസ്റ്റ്ഫുഡിനെ മാത്രമേ ഭയക്കേണ്ടതുള്ളൂ, അലുമിനിയത്തെ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Content Highlights: Is aluminum foil safe in food? A cancer expert debunks myths & explains risks.
Published: 10 Dec 2025, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented