ലോകമെമ്പാടും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങൾ ഇന്ന് വർധിച്ചുവരുകയാണ്. ഹോർമോൺ വ്യതിയാനം മുതൽ മാരകമായ കാൻസർ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, തൈറോയ്ഡ് കാൻസർ അത്ര ഭയപ്പെടേണ്ടതില്ലാത്ത ഒന്നല്ല എന്ന പൊതുധാരണ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു പരിധിവരെ ഇത് ശരിയുമാണ്; കാരണം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്ന ഭൂരിഭാഗം തൈറോയ്ഡ് കാൻസറുകളും സർജറിയിലൂടെയോ റേഡിയോആക്ടീവ് അയോഡിൻ ചികിത്സയിലൂടെയോ പൂർണമായി ഭേദമാക്കാൻ സാധിക്കും.

To advertise here,

എന്നാൽ, ഇതിൽനിന്ന് തികച്ചും വ്യത്യസ്തവും അപകടകരവുമായ മറ്റൊരു മുഖം കൂടിയുണ്ട് അഡ്വാൻസ്ഡ് തൈറോയ്ഡ് കാൻസർ. മറ്റ് അവയവങ്ങളിലേക്ക് പടർന്ന, റേഡിയോആക്ടീവ് അയോഡിൻ ചികിത്സയോട് പ്രതികരിക്കാത്ത ഇത്തരം കാൻസറുകൾ ജീവന് തന്നെ ഭീഷണിയാണ്. ഈ ലോക തൈറോയ്ഡ് ദിനത്തിൽ, അഡ്വാൻസ്ഡ് തൈറോയ്ഡ് കാൻസർ ബാധിതരായ രോഗികൾക്ക് ജീവൻരക്ഷാ കവചമാകുന്ന ആധുനിക ചികിത്സകളായ ജെനോമിക് സ്വീക്വൻസിങ്ങും ടാർഗെറ്റഡ് തെറാപ്പിയും നാം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

തൈറോയ്ഡ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ

തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും കാണിക്കാത്ത രോഗമാണിത്. എങ്കിലും താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്:

കഴുത്തിലെ മുഴകൾ: കഴുത്തിന്റെ മുൻഭാഗത്ത് വേദനയില്ലാത്ത രീതിയിൽ ഉണ്ടാകുന്ന കട്ടിയുള്ള മുഴകൾ അല്ലെങ്കിൽ വീക്കം.

ശബ്ദത്തിലെ വ്യതിയാനം: ആഴ്ചകൾ കഴിഞ്ഞിട്ടും മാറാത്ത ശബ്ദഗാംഭീര്യക്കുറവ് അല്ലെങ്കിൽ തൊണ്ടയടപ്പ്.

ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട്: തൊണ്ടയിൽ എന്തോ തടഞ്ഞുനിൽക്കുന്നത് പോലുള്ള അനുഭവം.

ശ്വാസതടസ്സം: ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

തുടർച്ചയായ ചുമ: ജലദോഷം ഇല്ലാതെ തന്നെയുള്ള വിട്ടുമാറാത്ത ചുമ.

എന്താണ് അഡ്വാൻസ്ഡ് തൈറോയ്ഡ് കാൻസർ?

തൈറോയ്ഡ് കാൻസറുകളെ പ്രധാനമായും നാലായി തരംതിരിക്കാം: പപ്പിലറി, ഫോളികുലാർ, മെഡുല്ലറി, അനപ്ലാസ്റ്റിക്. ഇതിൽ ആദ്യത്തെ രണ്ടും സാധാരണയായി പെട്ടെന്ന് ഭേദമാക്കാവുന്നതാണ്. എന്നാൽ മെഡുല്ലറി കാൻസറും, അതീവ മാരകമായ അനപ്ലാസ്റ്റിക് കാൻസറും മറ്റ് ശരീരഭാഗങ്ങളിലേക്ക് (ശ്വാസകോശം, എല്ലുകൾ, കരൾ) പടരുമ്പോഴാണ് അത് 'അഡ്വാൻസ്ഡ്' ഘട്ടത്തിലേക്ക് മാറുന്നത്.

കുറച്ചുകാലം മുൻപു വരെ കീമോതെറാപ്പിയും റേഡിയേഷനും മാത്രമായിരുന്നു ഈയൊരു അവസ്ഥയ്ക്കുള്ള പോംവഴി. എന്നാൽ ഇവയുടെ ഫലപ്രാപ്തി വളരെ കുറവായിരുന്നു. ഇവിടെയാണ് പ്രിസിഷൻ മെഡിസിൻ അഥവാ കൃത്യമായ ലക്ഷ്യാധിഷ്ഠിത ചികിത്സയുടെ പ്രസക്തി.

ജെനോമിക് സ്വീക്വൻസിങ്:

എല്ലാ കാൻസറുകളുടെയും പിന്നിൽ കോശങ്ങളിലെ ഡി.എൻ.എ ഘടനയിലുണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ്. കാൻസർ ബാധിച്ച കോശങ്ങളുടെ ജനിതകഘടന കൃത്യമായി വിശകലനം ചെയ്യുന്ന അത്യാധുനിക പരിശോധനയാണ് നെക്സ്റ്റ്-ജനറേഷൻ സ്വീക്വൻസിങ് (Next-Generation Sequencing) അഥവാ ജെനോമിക് സ്വീക്വൻസിങ്.

ഇതിലൂടെ കാൻസർ വളരാൻ കാരണമാകുന്ന പ്രധാന 'ഡ്രൈവർ ജീനുകളെ' കണ്ടെത്താനാകും. അഡ്വാൻസ്ഡ് തൈറോയ്ഡ് കാൻസറിൽ ഏറ്റവും നിർണായകമായ രണ്ട് ജനിതക മാറ്റങ്ങളാണ്:

  • ആർ.ഇ.ടി. ജീൻ വ്യതിയാനങ്ങൾ
  • എൻ.ടി.ആർ.കെ.ജീൻ ഫ്യൂഷനുകൾ

എന്തുകൊണ്ട് ഈ പരിശോധനകൾ അനിവാര്യമാണ്?

ശരീരത്തിലെ സാധാരണ കോശങ്ങളെ കാൻസർ കോശങ്ങളാക്കി മാറ്റുന്ന സ്വിച്ചുകളാണ് ആർ.ഇ.ടി, എൻ.ടി.ആർ.കെ ഫ്യൂഷനുകൾ എന്ന് ലളിതമായി പറയാം. ഈ സ്വിച്ചുകൾ എപ്പോഴും 'ഓൺ' ആയിരിക്കുന്നതുകൊണ്ട് കാൻസർ കോശങ്ങൾ അതിവേഗം വളരുകയും പടരുകയും ചെയ്യുന്നു.

അഡ്വാൻസ്ഡ് മെഡുല്ലറി തൈറോയ്ഡ് കാൻസറുകളിൽ ഭൂരിഭാഗം (ഉദ്ദേശം 60% മുതൽ 90% വരെ) ആർ.ഇ.ടി മ്യൂട്ടേഷനുകൾ കാണപ്പെടുന്നു. അതുപോലെ തന്നെ മറ്റ് തൈറോയ്ഡ് കാൻസറുകളിൽ എൻ.ടി.ആർ.കെ ഫ്യൂഷനുകളും ഉണ്ടാകാറുണ്ട്. ഈ ജനിതക മാറ്റങ്ങൾ ശരീരത്തിലുണ്ടോ എന്ന് പരിശോധിച്ചറിയേണ്ടത് ചികിത്സയുടെ വിജയത്തിന് അത്യാവശ്യമാണ്. കാരണം, ഇതിനെ തളയ്ക്കാൻ പ്രത്യേക 'സ്മാർട്ട് ഡ്രഗ്ഗുകൾ' ഇന്ന് ലഭ്യമാണ്.

ടാർഗെറ്റഡ് തെറാപ്പി: പുതിയ ചികിത്സാ രീതികൾ

ജെനോമിക് സ്വീക്വൻസിങ് നടത്തി കൃത്യമായ ജീൻ വ്യതിയാനം കണ്ടെത്തിക്കഴിഞ്ഞാൽ, ഡോക്ടർമാർക്ക് സാധാരണ കീമോതെറാപ്പിക്ക് പകരം ടാർഗെറ്റഡ് ഡ്രഗ്‌സ് ഉപയോഗിച്ചുള്ള ചികിത്സ നിശ്ചയിക്കാം. ഇവ സാധാരണ കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെ, കാൻസർ കോശങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നു.

ആർ.ഇ.ടി. വ്യതിയാനങ്ങൾക്ക്: പരിശോധനയിൽ ഈ വ്യതിയാനം കണ്ടെത്തിയാൽ സെൽപെർകാറ്റിനിബ്, പ്രാൽസെറ്റിനിബ് തുടങ്ങിയ അത്യാധുനിക ടൈറോസിൻ കൈനസ് ഇൻഹിബിറ്ററുകൾ ഉപയോഗിക്കാം. ഇവ കാൻസർ കോശങ്ങളുടെ വളർച്ച അതിവേഗം തടയുകയും പാർശ്വഫലങ്ങൾ വളരെ കുറയ്ക്കുകയും ചെയ്യുന്നു.

എൻ.ടി.ആർ.കെ. ഫ്യൂഷനുകൾക്ക്: ശരീരത്തിൽ ഈ ഫ്യൂഷനുകളാണ് ഉള്ളതെങ്കിൽ ലാരോടെക്റ്റിനിബ്, എൻട്രെക്റ്റിനിബ് തുടങ്ങിയ വിപ്ലവകരമായ മരുന്നുകൾ നൽകാം. ശരീരത്തിലുടനീളം വ്യാപിച്ച അതീവ ഗുരുതരമായ കാൻസറുകളിൽ പോലും 70 ശതമാനത്തിലധികം രോഗമുക്തി നിരക്ക് നൽകാൻ ഈ സ്മാർട്ട് മരുന്നുകൾക്ക് സാധിക്കാറുണ്ട്.

കാൻസർ ചികിത്സയിൽ 'എല്ലാവർക്കും ഒരേ മരുന്ന്' എന്ന പരമ്പരാഗത രീതി ഇന്ന് മാറിക്കഴിഞ്ഞു. ഇന്ന് ഓരോ വ്യക്തിയുടെയും കാൻസറിന്റെ കൃത്യമായ ജനിതക സ്വഭാവമറിഞ്ഞാണ് ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുന്നത്.

അഡ്വാൻസ്ഡ് തൈറോയ്ഡ് കാൻസർ ബാധിച്ച ഒരു രോഗിക്ക് സാധാരണ ചികിത്സകൾ പരാജയപ്പെടുമ്പോൾ പ്രത്യാശ നൽകുന്നത് ഈ ബയോമാർക്കർ പരിശോധനകളാണ്. അതിനാൽ, അഡ്വാൻസ്ഡ് തൈറോയ്ഡ് കാൻസർ സ്ഥിരീകരിക്കപ്പെട്ടാൽ, ആദ്യഘട്ടത്തിൽ തന്നെ 'എനിക്ക് ആർ.ഇ.ടി/എൻ.ടി.ആർ.കെ ജീൻ പരിശോധനകൾ ആവശ്യമുണ്ടോ?' എന്ന് നിങ്ങളുടെ ഓങ്കോളജിസ്റ്റിനോട് ചോദിച്ചു മനസ്സിലാക്കുക. ശരവേഗത്തിൽ മാറുന്ന ആധുനിക മെഡിക്കൽ ശാസ്ത്രം ഇന്ന് നമുക്ക് മുന്നിൽ നീട്ടിത്തരുന്നത് വെറും മരുന്നുകളല്ല, മറിച്ച് ജീവിതത്തിലേക്കുള്ള പുതിയൊരു തിരിച്ചുവരവാണ്.

(കോഴിക്കോട് ആസ്റ്റർ മിംസിലെ ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം എച്ച്.ഓ.ഡിയും സീനിയർ കൺസൾട്ടന്റുമാണ് ലേഖകൻ.)