ഗായകൻ അദ്നാൻ സാമിയുടെ മാറ്റം ആരാധകരെയാകെ അത്ഭുതപ്പെടുത്തിയിരുന്നു. അമിതവണ്ണത്താൽ വലഞ്ഞിരുന്ന താരം പെട്ടെന്നാണ് വണ്ണം കുറച്ച് ആരോ​ഗ്യം തിരികെ കൈവരിച്ചത്. നിരവധി തവണ താൻ വണ്ണം കുറച്ചതിനെക്കുറിച്ച് അദ്നാൻ സാമി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ, ആപ് കി അദാലത്ത് എന്ന ടെലിവിഷൻ പരിപാടിക്കിടെയാണ് വണ്ണം കുറയ്ക്കാൻ ഇടയാക്കിയ കാര്യത്തെക്കുറിച്ച് അദ്ദേഹം വീണ്ടും വെളിപ്പെടുത്തുന്നത്. 230 കിലോ ഭാരമുണ്ടായിരുന്ന അദ്നാൻ 120 കിലോയോളം ഭാരമാണ് കുറച്ചത്. 

To advertise here,

ഞാൻ ഭാരം കുറച്ചതുമായി ബന്ധപ്പെട്ട പലതരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാരിയാട്രിക് സർജറി ചെയ്തെന്നും ലിപ്പോസക്ഷൻ നടത്തിയെന്നും പറഞ്ഞവരുണ്ട്. ഒരു സൂചി ഉപയോഗിച്ച് ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്ന പ്രക്രിയയാണ് ലിപ്പോസക്ഷൻ. ഒരു പ്രത്യേക ഭാഗത്തെ കൊഴുപ്പ് കുറയ്ക്കുന്നതിനാണ് സാധാരണയായി ഇത് ചെയ്യുന്നത്. എനിക്ക് 230 കിലോ ഭാരമുണ്ടായിരുന്നു. അത്രയും കൊഴുപ്പ് നീക്കം ചെയ്യണമെങ്കിൽ സൂചിക്ക് പകരം വാക്വം ക്ലീനർ വേണ്ടിവരുമായിരുന്നു, തമാശയോടെ അദ്നാൻ പറഞ്ഞു. 

ലിപ്പോസക്ഷനോ ബാരിയാട്രിക് സർജറിയോ ചെയ്തിട്ടില്ലെന്ന് ​അദ്നാൻ സാമി വ്യക്തമാക്കി. ന്യൂട്രീഷണിസ്റ്റ് പറഞ്ഞത് പ്രകാരം ഭക്ഷണക്രമത്തിൽ വരുത്തിയ മാറ്റമാണ് സഹായകരമായത്. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ശീലമാക്കി. റൊട്ടി, ചോറ്, പഞ്ചസാര, എണ്ണ, മദ്യം എന്നിങ്ങനെയെല്ലാം ഒഴിവാക്കി. ഇത് കൃത്യമായ പാലിച്ചതോടെ ഭാരം കുറഞ്ഞുതുടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.