തനിക്കു പിടിപെട്ട പുതിയ രോഗവിവരം വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി സാമന്ത. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അവര്‍ അസുഖം ബാധിച്ചതായി അറിയിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മയോസൈറ്റിസ് എന്നു പറയുന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗമാണ് സാമന്തയെ പിടികൂടിയത്. ശരീരത്തിലെ മസിലുകളെ ദുര്‍ബലപ്പെടുത്തുന്ന അസുഖമാണിത്.

To advertise here,

ആശുപത്രിയില്‍നിന്നുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ സാമന്ത തന്റെ അസുഖത്തെ സംബന്ധിച്ച് വൈകാരികമായി ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

''യശോദ ട്രെയിലറിനോടുള്ള നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്‌നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഓട്ടോ ഇമ്മ്യൂൺ രോഗമായ മയോസൈറ്റിസ് പിടിപെട്ടു. രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷേ, ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും-സാമന്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 

അതേസമയം രോഗം ഉടന്‍തന്നെ മാറുമെന്ന് ഡോക്ടര്‍മാര്‍ പ്രത്യാശ പ്രകടിപ്പിച്ചതായും അവര്‍ പറഞ്ഞു. 

എന്താണ് മയോസൈറ്റിസ് ?

എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.