വളര്‍ത്തുനായ നക്കിയതിനെ തുടര്‍ന്നുണ്ടായ അണുബാധ കാരണം വയോധിക മരിച്ചു. യുകെയിലെ നോര്‍ഫോക് കൗണ്ടിയിലെ ആറ്റ്ല്‍ബറോയിലാണ് സംഭവം. ജൂണ്‍ ബക്‌സ്തര്‍ എന്ന 83-കാരിയാണ് മരിച്ചത്. 

To advertise here,

ജൂണ്‍ 29-നാണ് സംഭവമുണ്ടായത്. വീട്ടില്‍ വെച്ച് ശൗചാലയം ഉപയോഗിക്കുന്നതിനിടെ വയോധികയുടെ കാലിന് എങ്ങനെയോ മുറിവേറ്റു. ഈ സമയത്ത് അവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. പിന്നീട് പേരക്കുട്ടിയായ കെയ്റ്റലന്‍ അലിന്‍ അവിടേക്കെത്തി. കെയ്റ്റലന്റെ വളര്‍ത്തുനായ വയോധികയുടെ കാലിലെ മുറിവില്‍ നക്കുകയായിരുന്നു. 

മുറിവില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ പാസ്ച്‌റെല്ല മള്‍ട്ടോസിഡ (Pasteurella multocida) എന്ന ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. സാധാരണയായി നായ്ക്കളുടെ വായില്‍ കാണപ്പെടുന്ന ബാക്ടീരിയയാണ് ഇത്. ഏകദേശം 50 ശതമാനം നായ്ക്കളുടെ വായിലും ഈ ബാക്ടീരിയ ഉണ്ടാകുമെന്നാണ് കണക്ക്. നായ്ക്കള്‍ക്ക് ദോഷമുണ്ടാക്കാത്ത ബാക്ടീരിയയാണ് ഇത്. 

ചികിത്സയില്‍ തുടരുമ്പോഴും ബക്‌സ്തര്‍ സെപ്‌സിസിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ജൂലായ് ഏഴിന് അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതിന് മുമ്പ് 2023-ല്‍ ബെല്‍ജിയത്തില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 85-കാരിയാണ് അന്ന് മരിച്ചത്. ഒന്നിലേറെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചാണ് മരണം സംഭവിച്ചത്. 

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പ്രായാധിക്യം മൂലമോ അണുബാധ പോലുള്ള മറ്റെന്തെങ്കിലും കാരണത്താലോ രോഗപ്രതിരോധശേഷി ദുര്‍ബലമായവരാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വിഭാഗത്തില്‍ പെട്ടവര്‍ നായ്ക്കളെ തങ്ങളുടെ ശരീരത്തില്‍ നക്കാന്‍ ഒരുകാരണവശാലും അനുവദിക്കരുത്. ഇപ്പോള്‍ മരിച്ച ജൂണ്‍ബക്‌സ്തറിന് വൃക്കയ്ക്കും കരളിനും ഹൃദയത്തിനുമെല്ലാം പ്രശ്‌നങ്ങളുണ്ടായിരുന്നു. 

ആരോഗ്യമുള്ളവരാണെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ വളര്‍ത്തുനായ നക്കുന്നതില്‍ പ്രശ്‌നമില്ല എങ്കിലും ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിങ്ങളുടെ കണ്ണ്, മൂക്ക്, വായ, സ്വകാര്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നക്കാന്‍ നായയെ അനുവദിക്കരുത്. മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലെ ചര്‍മ്മം കൂടുതല്‍ മൃദുലമായതിനാല്‍ പെട്ടെന്ന് അണുബാധയേല്‍ക്കുമെന്നതാണ് ഇതിന് കാരണം. മുറിവുകളുള്ള ഭാഗങ്ങളില്‍ നക്കാന്‍ നായയെ അനുവദിക്കരുതെന്നും മുറിവുകള്‍ മൂടിക്കെട്ടി വെക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.