കോട്ടയം മെഡിക്കല്‍ കോളേജിലെ 98 ബാച്ച് വിദ്യാര്‍ത്ഥി ആയാണ് ഞാന്‍ മെഡിക്കല്‍ പഠനം നടത്തിയത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരിക്കെ ഫാമിലി പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റിലെ പോസ്റ്റിങ്ങിനിടെ ഡോ. പാര്‍ഥസാരഥി എന്ന അധ്യാപകന്‍ എന്‍.എസ്.വി. അഥവാ നോ സ്‌കാല്‍പല്‍ വാസെക്ടമിയെ പറ്റി  (No Scalpel Vasectomy) ഒരു പരസ്യവാചകം തയ്യാറാക്കാന്‍ പറഞ്ഞു. അന്നത്തെ കാലത്തെ പ്രെസ്റ്റിജ് കുക്കറിന്റെ പരസ്യം കോപ്പി അടിച്ചു നിര്‍മ്മിച്ച, 'സ്വന്തം ഭാര്യയെ സ്‌നേഹിക്കുന്നു എങ്കില്‍ വേണ്ടത് എന്‍.എസ്.വി. തന്നെ' എന്ന തലക്കെട്ട് ആ വര്‍ഷത്തെ തലക്കെട്ടായി ഡിപ്പാര്‍ട്ട്‌മെന്റ് തിരഞ്ഞെടുത്തു. ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും പ്രസവാനന്തര കാലത്തെ വേദനയുടെയും ഭാരം പേറുന്ന പെണ്ണിന് തന്നെ എല്ലാ ഭാരവും പകുത്തു നല്‍കാതെ വേദനയില്‍ ഒരു പങ്ക് എങ്കിലും പുരുഷന്‍ ഏറ്റെടുക്കണം. വിഷയത്തിലേക്ക് കടക്കാം...

To advertise here,

ലോകത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വന്ധീകരണ മാര്‍ഗങ്ങള്‍ പുരുഷ സ്ത്രീ വന്ധീകരണ ശസ്ത്രക്രിയകള്‍ ആണ്. ഇവ രണ്ടും പെര്‍മനെന്റ് (സ്ഥിര) മാര്‍ഗങ്ങള്‍ ആണ്. വാസെക്ടമി എന്ന പുരുഷ വന്ധീകരണ ശസ്ത്രക്രിയയെ പറ്റി ഒന്നു നോക്കാം.

രണ്ടാം ലോകമഹായുദ്ധ കാലത്താണ് വാസെക്ടമി ഒരു വന്ധ്യതാ മാര്‍ഗമായി അംഗീകാരം നേടിയത്. 1954 മുതല്‍ ഭാരതത്തില്‍ വാസെക്ടമി ചെയ്തു തുടങ്ങി. ആരംഭകാലത്ത് ലഭിച്ച വമ്പിച്ച ബഹുജന സ്വീകാര്യത ലാപ്രോസ്‌കോപ്പിക് ഫീമെയില്‍ സ്റ്റെറിലൈസേഷന്റെ വരവോടെ വാസെക്ടമിക്കു നഷ്ടപ്പെട്ടു. ലൈംഗിക ജീവിതത്തെ പറ്റിയുള്ള തെറ്റിദ്ധാരണ, ആരോഗ്യപ്രവര്‍ത്തകരില്‍ വന്ന അവധാനത ഇവയൊക്കെ കാരണം വാസെക്ടമിയെ അപേക്ഷിച്ചു ട്യൂബക്ടമി കൂടാന്‍ കാരണമായി. ഇത്തരുണത്തില്‍ ആണ് എന്‍.എസ്.വി.  രംഗത്തേക്ക് വരുന്നത്. 1974ല്‍ ചൈനയിലെ Sinchuan പ്രവിശ്യയിലെ Dr Li Shunqiang കൂടുതല്‍ ലളിതവും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന എന്‍.എസ്.വി. ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ഏകദേശം ഒരു ദശകം കഴിഞ്ഞു 1985 ഓടെ അന്താരാഷ്ട്ര രംഗത്തു എന്‍.എസ്.വി. അംഗീകരിക്കപ്പെട്ടു. 1991ല്‍ Dr RCM Kaza, Dr Alok Banerjee എന്നീ ഡോക്ടര്‍മാര്‍ ബാങ്കോക്കില്‍ നിന്നും എന്‍.എസ്.വി. പരിശീലനം നേടി തിരിച്ചു വന്ന് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം കൊടുക്കുകയും എന്‍.എസ്.വി. ഇന്ത്യയില്‍ പ്രചാരം നേടുകയും ചെയ്തു. 1992ല്‍ ദേശീയ കുടുംബാസൂത്രണ പദ്ധതിയില്‍ എന്‍.എസ്.വി. ഉള്‍പ്പെടുത്തപ്പെട്ടു.

എന്താണ് എന്‍.എസ്.വി. 
വൃഷ്ണ സഞ്ചിയില്‍ വൃഷണത്തിനും ലിംഗത്തിന്റെ തുടക്ക ഭാഗത്തിനും (root of penis) മധ്യത്തില്‍ മില്ലിമീറ്ററുകള്‍ മാത്രം ഉള്ള ദ്വാരം ഉണ്ടാക്കി അതിലൂടെ ബീജവാഹിനി കുഴലുകളെ (വലതും ഇടതും) കെട്ടിയിടുകയും വേര്‍പെടുത്തുകയും ചെയ്ത് ബീജസഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന പ്രക്രിയ. പരിശീലനം ലഭിച്ച എം.ബി.ബി.എസ്. അടിസ്ഥാന യോഗ്യത ഉള്ള ആര്‍ക്കും ഈ ലളിത ശസ്ത്രക്രിയ ചെയ്യാന്‍ പറ്റും. പുറമേയ്ക്ക് തുന്നലുകള്‍ ഒന്നും ആവശ്യമില്ല എന്നതും എന്‍.എസ്.വി.യെ ആകര്‍ഷകമാക്കുന്നു.

സാധാരണ വാസെക്ടമി രീതിയെ ഇന്‍സിഷണല്‍ വാസെക്ടമി (Incisional Vasectomy) എന്നാണ് പറയുന്നത്. വൃഷണ സഞ്ചിയില്‍ ഒന്നില്‍ കൂടുതല്‍ മുറിവുകള്‍, തുന്നലുകള്‍, അധികവേദന ഒക്കെ ഇന്‍സിഷണല്‍ വാസെക്ടമി ക്കു എന്‍.എസ്.വിയെ അപേക്ഷിച്ചു വേണ്ടി വരും.

ആര്‍ക്കൊക്കെ എന്‍.എസ്.വി. ചെയ്യാം?
22 വയസ്സ് മുതല്‍ 60 വയസ്സ് വരെയുള്ള വിവാഹിതരും ചുരുങ്ങിയത് ഒരു കുട്ടിയെങ്കിലും ഉള്ള പുരുഷന്മാര്‍ക്ക് എന്‍.എസ്.വി. പരിഗണിക്കാം. ഏതൊരു കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് മുന്‍പും എന്താണ് ചെയ്യുന്നത്, എന്താണ് രീതി, ബദല്‍ മാര്‍ഗങ്ങള്‍ തുടങ്ങി പാര്‍ശ്വഫലങ്ങള്‍ വരെ ഉപയോക്താവ് ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നും മനസ്സിലാക്കിയിരിക്കണം.

ഇനി നമുക്ക് പൊതുവെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്ന ചോദ്യങ്ങള്‍ നോക്കാം.

വാസെക്ടമി ചെയ്തത് കൊണ്ട് ലൈംഗിക ക്ഷമത, അനുഭൂതി ഇവ നഷ്ടപ്പെടുമോ
ഉത്തരം: നഷ്ടപ്പെടില്ല. വൃഷ്ണത്തില്‍ നിന്നുള്ള ബീജവും സെമിനല്‍ മെസിക്കിള്‍സ്, പ്രോസ്റ്റേറ്റ് (seminal vesicles, prostate) ഇവ ഉല്‍പ്പാദിപ്പിക്കുന്ന സെമിനല്‍ ഫ്‌ളൂയിഡും (seminal fluid) ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ പുറത്തു വരുന്നത്. ഇതില്‍ ബീജം മാത്രമാണ് എന്‍.എസ്.വി. ചെയ്യുന്നതില്‍ കൂടി ശുക്ലത്തില്‍ ഒഴിവാകുന്നത്. അതായത് ഗര്‍ഭ സാധ്യത മാത്രമേ ഇല്ലാതാവുന്നുള്ളൂ. ലൈംഗിക ക്ഷമത ഞരമ്പുകളും ഹോര്‍മോണുകളും ചേര്‍ന്നാണ് നിലനിര്‍ത്തുന്നത്. അതിനെ ഒരു തരത്തിലും എന്‍.എസ്.വി. ബാധിക്കില്ല. ഗര്‍ഭധാരണ ഭയം ഒഴിവാകുന്നതിനാല്‍ സെക്‌സ് കുറച്ചുകൂടി ആസ്വദിക്കാന്‍ പങ്കാളികള്‍ക്കു കഴിയും.

വാസെക്ടമിക്കു ശേഷം എത്രനാള്‍ വരെ ഗര്‍ഭസാധ്യത ഉണ്ട്?
ഉത്തരം: മൂന്നുമാസം വരെ മറ്റെന്തെങ്കിലും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മൂന്നുമാസം കഴിഞ്ഞ് ശുക്ലം പരിശോധിച്ച് ശുക്ലം ബീജമുക്തം ആണെന്ന് ഉറപ്പിച്ച ശേഷമേ എന്‍.എസ്.വി. വിജയകരം എന്നു പറയൂ. 99 ശതമാനമാണ് വിജയശതമാനം. 

വാസെക്ടമി ഒരു താത്കാലിക വന്ധ്യംകരണ ഉപാധി ആണോ?
ഉത്തരം: വാസെക്ടമി സ്ഥിരമാര്‍ഗം (permanent method) ആണ്. വാസെക്ടമി ആവശ്യം വന്നാല്‍ റിവേഴ്‌സിബിള്‍ ആണ്. പക്ഷേ വിജയശതമാനം കുറവാണ്. പിന്നെയും കുട്ടികള്‍ വേണമെങ്കില്‍ Micro TESA എന്ന മാര്‍ഗം സ്വീകരിച്ചു കൃത്രിമ ഗര്‍ഭധാരണം സാധിക്കും.

വാസെക്ടമി ചെയ്തവര്‍ക്ക് ലൈംഗിക രോഗങ്ങള്‍ വരാമോ?
ഉത്തരം: ലൈംഗിക രോഗങ്ങള്‍ വാസെക്ടമിയാല്‍ തടയാന്‍ സാധ്യമല്ല. കോണ്ടം പോലെയുള്ള ഉപാധികള്‍ ലൈംഗിക രോഗങ്ങള്‍ പകരുന്നത് തടയും.

വാസെക്ടമിക്കു ശേഷം എത്രനാള്‍ കഴിഞ്ഞു ജോലിക്കു പോകാം?
ഉത്തരം: തൊട്ടടുത്ത ദിവസം തന്നെ പോയി തുടങ്ങാം. 48 മണിക്കൂര്‍ കഴിഞ്ഞാല്‍ ദിനചര്യകള്‍ സാധാരണ പോലെ തന്നെ തുടരാം.

ലൈംഗികബന്ധം എന്നു മുതല്‍ ആകാം?
ഉത്തരം: മറ്റു ബുദ്ധിമുട്ടില്ലെങ്കില്‍ രണ്ടാം ദിനം മുതല്‍ ആകാം. ആദ്യ മൂന്ന് മാസം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം. 

എന്‍.എസ്.വി. ചെയ്തവര്‍ക്ക് ബീജം ഉണ്ടാകുമോ?
ഉത്തരം: ഉണ്ടാകും. ബീജം എപ്പിഡിഡിമസ് എന്ന ഭാഗത്തു അബ്‌സോര്‍ബ് ചെയ്യപ്പെടും.

ആരോഗ്യപ്രശ്‌നങ്ങള്‍ എന്‍.എസ്.വിയ്ക്കു ശേഷം എന്തെല്ലാം?
ഉത്തരം: ഇതുവരെ അങ്ങനെ ഒരു ആരോഗ്യപ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്‍.എസ്.വി. ആണോ ട്യൂബെക്ടമി ആണോ നല്ലത്?
ഉത്തരം: പങ്കാളികള്‍ തമ്മില്‍ സംസാരിച്ച് തീരുമാനിക്കേണ്ട കാര്യമാണിത്. കൂടുതല്‍ ലളിതവും വേദനരഹിതവും ചിലവ് കുറവും എന്‍.എസ്.വി. ആണ്. അതിനാല്‍ തന്നെ വാസെക്ടമി എന്നു പറയേണ്ടി വരും. ട്യൂബെക്ടമി കൂടുതല്‍ സങ്കീര്‍ണമാണ്. വേദനയും പ്രശ്‌നങ്ങളും കൂടുതലും ആണ്.

NB: ഞാനും എന്റെ സുഹൃത്തുക്കളില്‍ നല്ലൊരു പങ്കും എന്‍.എസ്.വി. തിരഞ്ഞെടുത്തു. കാരണം ഞങ്ങള്‍ ഞങ്ങളുടെ പങ്കാളികളെ സ്‌നേഹിക്കുന്നു. നിങ്ങളോ ???
വായിക്കണം, ചിന്തിക്കണം, തീരുമാനമെടുക്കണം, പ്രവര്‍ത്തിക്കണം.

എഴുതിയത്: ഡോ. ഫസല്‍ ഇസ്മായേല്‍ (അതിഥി എഴുത്തുകാരന്‍, ഇന്‍ഫോക്ലിനിക്)

Content Highlights: what is NSV Non Scalpel Vasectomy Male Sterilization, Health