ഡോക്ടർമാരുടെ കുറിപ്പടികൾ വായിക്കാൻ ബുദ്ധിമുട്ടുന്നതിനേക്കുറിച്ച് പലരും പരാതിപ്പെടാറുണ്ട്. എന്നാൽ കുറിപ്പടിയിൽ കൃത്യമായി മരുന്നെഴുതിയിട്ടും അതിനു ‌പകരം മൃഗങ്ങൾക്കുള്ള മരുന്ന് മാറിക്കിട്ടിയ ഒരു അമ്മയുടെ അനുഭവമാണ് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിക് കൺസൾട്ടന്റായ ഡോ. സുനിൽ പി.കെ. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ടുവയസ്സുള്ള കുഞ്ഞിന് വിരയ്ക്കായി എഴുതിയ മരുന്നിന് പകരം അതേപേരിലുള്ള വെറ്റിനറി മെഡിസിൻ മെഡിക്കൽ ഷോപ്പിലുള്ളവർ മാറിക്കൊടുത്തതിനേക്കുറിച്ചാണ് കുറിപ്പ്.

To advertise here,

തനിക്ക് വാട്സാപ്പിൽ വന്ന ഒരമ്മയുടെ സംശയത്തേക്കുറിച്ചാണ് ചിത്രംസഹിതം ഡോ.സുനിൽ കുറിച്ചിരിക്കുന്നത്. കുട്ടികൾക്ക് വിരയ്ക്കായി നൽകുന്ന നോവേം എന്ന പേരിലുള്ള ആൽബെൻഡസോൾ മരുന്നാണ് ഡോക്ടർ കുറിപ്പടിയിൽ നൽകിയിരുന്നത്. എന്നാൽ ഇതിനുപകരം അതേപേരിലുള്ള വെറ്റിനറി മെഡിസിനാണ് മെഡിക്കൽഷോപ്പിൽ നിന്ന് നൽകിയത്.  രണ്ട് വയസ്സുള്ള കുഞ്ഞിന് മെഡിക്കൽ ഷോപ്പ് അധികൃതർ പട്ടിക്കുട്ടിക്ക് വിര ഇളക്കാനുള്ള മരുന്ന് മാറി നൽകിയതിനേക്കുറിച്ച് ആശങ്ക പങ്കുവെക്കുന്നതാണ് പോസ്റ്റ്.

ഉടൻ തന്നെ അവരെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോൾ ഡ‍ോക്ടർ എഴുതിയ മരുന്നുതന്നെയാണ് നൽകിയതെന്നാണ് മെഡിക്കൽ ഷോപ്പിലുള്ളവർ അവരെ അറിയിച്ചതെന്ന് ഡോ.സുനിൽ കുറിക്കുന്നു. നമ്മുടെ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു നൽകാൻ നിൽക്കുന്നവർ നിർദ്ദിഷ്ട യോഗ്യതയുള്ളവർ ആണോ എന്നത് കുഴപ്പിക്കുന്ന ചോദ്യമാണെന്നും അദ്ദേഹം പറയുന്നു.

മരുന്നു കൊടുക്കും മുമ്പ് അതൊന്ന് വായിച്ചു നോക്കാൻ തോന്നിയതു കൊണ്ടാണ് ചോദിച്ച് ഉറപ്പു വരുത്താൻ പറ്റിയതെന്ന് ആ അമ്മ പറഞ്ഞുവെന്ന് ഡോ.സുനിൽ കുറിക്കുന്നു. മരുന്ന് കഴിക്കും മുമ്പും കുട്ടികൾക്ക് കൊടുക്കും മുമ്പും നമുക്ക് കിട്ടിയ മരുന്നുകളുടെ ലേബലുകൾ ഒന്ന് വിശദമായി വായിക്കുന്നത് എല്ലാം കൊണ്ടും നല്ലതായിരിക്കും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപത്തിലേക്ക്...

" ഡോക്ടറേ , ഈ മരുന്നാണോ കൊച്ചിന് വിരയ്ക്ക് എഴുതിയേക്കുന്നേ ? "

വാട്സാപ്പിൽ വന്ന ചോദ്യവും കൂടെയുള്ള ചിത്രവും കണ്ട് ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി.

രണ്ട് വയസ്സുള്ള കൊച്ചിന് NOWORM എന്ന മരുന്നാണ് വിരയ്ക്കായി എഴുതിയത്. കുട്ടികൾക്ക് സാധാരണയായി നൽകുന്ന ആൽബെൻഡസോൾ എന്ന മരുന്നാണ് അത്.

അതിനു പകരം കൊടുത്തേക്കുന്നതോ ....അതേ പേരിലുള്ള വെറ്റിനറി മെഡിസിൻ !

അതിലടങ്ങിയിരിക്കുന്ന ഘടകങ്ങളും വ്യത്യസ്തമാണ്. Febantel എന്നത് അമേരിക്കയിലും ഇംഗ്ലണ്ടിലും മനുഷ്യരിൽ ഉപയോഗിക്കാൻ അനുമതി ഇല്ലാത്തതാണ്. ഇന്ത്യയിയിലെ കാര്യം എന്താണാവോ! എന്തായാലും എനിക്കീ മരുന്ന് പരിചിതമല്ല. രണ്ടാമത്തെ ഘടകമായ Pyrantel എന്നത് നമുക്കും കഴിക്കാവുന്ന വിര മരുന്നാണ്.

ഇത് നമുക്ക് കഴിക്കാമോ എന്നതല്ലല്ലോ ഇവിടുത്തെ വിഷയം. രണ്ട് വയസ്സായ ഒരു കുഞ്ഞിന് മരുന്നെഴുതുമ്പോൾ പട്ടിക്കുട്ടിക്ക് വിര ഇളക്കാനുള്ള മരുന്നാണോ നൽകുക ?

ഉടനെ അവരെ വിളിച്ചു സംസാരിച്ചു. അവർ മെഡിക്കൽ ഷോപ്പിലേക്ക് വിളിച്ചിരുന്നു, ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണ് കൊടുത്തത് എന്ന് അവർ പറഞ്ഞു പോലും.

കൂട്ടത്തിൽ പിക്യാറ്റ് എന്നും ഡോക്ടർ ചീട്ടിൽ എഴുതിയിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തുവത്രേ !

എന്തൂട്ടാണ് ഈ പീക്യാറ്റ് എന്ന് തല പുകച്ചൊടുവിൽ അവർ അയച്ചു തന്ന എൻ്റെ പ്രിസ്ക്രിപ്ഷൻ കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിപ്പോയി.

കൊച്ച് ചുമരിൽ നിന്ന് കുമ്മായം ഒക്കെ അടർത്തിത്തിന്നുന്നു എന്ന് അമ്മ പറഞ്ഞിരുന്നു. നേരിയ രക്തക്കുറവ് ഉള്ളതു കൊണ്ട് രക്തപരിശോധനയ്ക്കും എഴുതിയിരുന്നു. കൂട്ടത്തിൽ PICA+ എന്നും ചീട്ടിൽ എഴുതി. ഇമ്മാതിരി മണ്ണ് , കുമ്മായം എന്നിവ തിന്നുന്ന ശീലത്തിന് പൊതുവേ PICA എന്നാണ് പറയുക. ഭക്ഷണത്തിൽ ഇരുമ്പ് സത്ത് കുറയുന്നത് കൊണ്ടുള്ള വിളർച്ചയിൽ ഇത് സാധാരണമാണ്. PICA+ ആണ് പീക്യാറ്റ് ആയി മാറിയത് . എനിക്ക് മനസ്സിലാകാഞ്ഞത് മരുന്ന് എഴുതിയ ഭാഗത്തേ അല്ലാത്ത ഇക്കാര്യം എന്തിനിവർ നോക്കാൻ പോയി എന്നതാണ്.

എന്തായാലും ഡോക്ടർ എന്ന നിലയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരനുഭവം.

ചില മെഡിക്കൽ ഷോപ്പുകളിൽ നിന്നും മരുന്ന് മാറി നൽകിയിട്ടുണ്ട്. ചിലരൊക്കെ പ്രിസ്ക്രിപ്ഷനിൽ നമുക്ക് വരുന്ന ചില തെറ്റുകൾ ഒക്കെ ചൂണ്ടിക്കാണിക്കാറുമുണ്ട്.

പക്ഷേ കുട്ടിയ്ക്ക് എഴുതിയ മരുന്നിന് പകരം പട്ടിയ്ക്കുള്ള മരുന്ന് നൽകിയത് ആദ്യമായാണ്. നമ്മുടെ മെഡിക്കൽ ഷോപ്പുകളിൽ മരുന്ന് എടുത്തു നൽകാൻ നിൽക്കുന്നവർ നിർദ്ദിഷ്ട യോഗ്യതയുള്ളവർ ആണോ എന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്.

ഡോക്ടർ എഴുതുന്ന മരുന്ന് തന്നെയാണോ രോഗിക്ക് കിട്ടുന്നതും കഴിക്കുന്നതും എന്ന് എങ്ങനെ ഉറപ്പ് വരുത്തും ? ആ കൊച്ചിൻ്റെ അമ്മ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട് .

" മരുന്നു കൊടുക്കും മുമ്പ് അതൊന്ന് വായിച്ചു നോക്കാൻ തോന്നിയതു കൊണ്ട് എനിക്ക് ഡോക്ടറുടെ അടുത്ത് ചോദിച്ച് ഉറപ്പു വരുത്താൻ പറ്റി. ഇംഗ്ലീഷ് വായിക്കാൻ പറ്റാത്ത ആൾക്കാരാണെങ്കിൽ എന്തു ചെയ്തേനേ? "

മനുഷ്യരിൽ ഉപയോഗിക്കുന്ന വിര മരുന്നിൻ്റെ അതേ ബ്രാൻഡ് നെയിം മൃഗങ്ങൾക്കായി ഉള്ള വിര മരുന്നിനും എങ്ങനെ കിട്ടി ?

എന്തായാലും മരുന്ന് കഴിക്കും മുമ്പും കുട്ടികൾക്ക് കൊടുക്കും മുമ്പും നമുക്ക് കിട്ടിയ മരുന്നുകളുടെ ലേബലുകൾ ഒന്ന് വിശദമായി വായിക്കുന്നത് എല്ലാം കൊണ്ടും നല്ലതായിരിക്കും.