മാർച്ച് 24, ലോക ക്ഷയരോഗ ദിനം. 'യെസ്, വീ ക്യാൻ എൻഡ് ടിബി. കമ്മിറ്റ്, ഇൻവെസ്റ്റ്‌, ഡെലിവർ' എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം. ക്ഷയരോഗത്തെക്കുറിച്ച് ആളുകളിൽ അവബോധം വളർത്തുകയും ക്ഷയരോഗം ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായുള്ള ഒരു ആഗോള പോരാട്ടമാണ് ഇത്. ഈ പ്രമേയം ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ പുതിയ ഊർജം പകരുകയും, ഈ രോഗം പ്രതിരോധിക്കാവുന്നതും ചികിത്സിക്കാവുന്നതുമാണെന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ ടി.ബി രോഗികളുള്ള ഇന്ത്യക്കും ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിനും ലോക ക്ഷയരോഗ ദിനം വളരെ പ്രധാനപ്പെട്ടതാണ്. ക്ഷയരോഗം അഥവാ ടിബി മനുഷ്യരെ ആയിരക്കണക്കിന് വർഷമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു ബാക്ടീരിയൽ രോഗമാണ്. മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയയാണ് ഇതിന് കാരണം. ഇത് പ്രാഥമികമായി ബാധിക്കുന്നത് രോഗിയുടെ ശ്വാസകോശത്തെയാണ്. രോഗബാധിരായ വ്യക്തികൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെ ഇത് വ്യാപിക്കുന്നു. 

To advertise here,

രോഗത്തിന്റെ രണ്ട് ഘട്ടങ്ങളുണ്ട്: സജീവ ടിബി യും ഒളിഞ്ഞിരിക്കുന്ന ടിബിയും. ഒളിഞ്ഞിരിക്കുന്ന ടിബി ഉള്ളവർക്ക് രോഗലക്ഷണങ്ങൾ കാണാറില്ല, പക്ഷേ രോഗിയുടെ ശരീരത്തിന്റെ പ്രതിരോധശേഷി ദുർബലമാകുമ്പോൾ ഇത് പ്രകടമായി കാണാൻ തുടങ്ങുന്നു. പോഷകാഹാരക്കുറവ്, പ്രമേഹം, മോശം ജീവിത സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ ക്ഷയരോഗത്തിന്റെ വ്യാപനം വർദ്ധിപ്പിക്കുന്നു. 

ഇന്ത്യയിലെയും കേരളത്തിലെയും സാഹചര്യം

ലോകത്തിലെ ഏറ്റവും കൂടുതൽ ക്ഷയരോഗ രോഗികൾ ഉള്ളത് ഇന്ത്യയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.  ഓരോ വർഷവും ദശലക്ഷക്കണക്കിന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. കേരളം, ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണെങ്കിലും, ക്ഷയരോഗം ഇവിടെയും ഒരു  പ്രധാന പ്രശ്നമാണ്. ക്ഷയരോഗരഹിത സംസ്ഥാനം എന്ന ലക്ഷ്യത്തോടെ നടപടികൾ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. നേരത്തെയുള്ള രോഗനിർണയം, ചികിത്സ ലഭ്യത, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഈ ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടന്നുവരുന്നു.

രോഗനിർണയത്തിലെ കാലതാമസം: ഒരു വലിയ വെല്ലുവിളി

കേരളത്തിൽ, ക്ഷയരോഗനിർണയം വൈകുന്നത് ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച്, കോവിഡ്-19-ന് ശേഷമുള്ള ഈ കാലഘട്ടത്തിൽ, ശ്വാസകോശ ലക്ഷണങ്ങൾ കാണിക്കുന്നവർ അത് പോസ്റ്റ്-കോവിഡ് സിൻഡ്രോമായി തെറ്റിദ്ധരിക്കുകയും ഇത് രോഗനിർണയം വൈകിക്കുകയും അത് വഴി രോഗം കൂടുതൽ വ്യാപിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ, ചുമ, പനി, രാത്രി വിയർപ്പ്, ശരീരഭാരം കുറയൽ തുടങ്ങിയ സർവ സാധാരണമായ  ലക്ഷണങ്ങൾ കാണിക്കാത്തവരിൽ ടിബി കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഉണ്ട്.

സബ്ക്ലിനിക്കൽ ടിബി: ഒരു മറഞ്ഞിരിക്കുന്ന അപകടം

2019-2021 കാലഘട്ടത്തിൽ നടന്ന നാഷണൽ ടിബി പ്രിവലൻസ് സർവേ പ്രകാരം, 42.6% ടിബി കേസുകൾ ചെസ്റ്റ് അഥവാ നെഞ്ചിന്റെ എക്സ്-റേ ഉപയോഗിക്കാതെ കണ്ടെത്താൻ കഴിയുമായിരുന്നില്ല. ഇത്തരം കേസുകൾ സബ്ക്ലിനിക്കൽ ടിബി എന്ന് അറിയപ്പെടുന്നു. ഇവയിൽ രോഗലക്ഷണങ്ങൾ കാണാത്തതിനാൽ, എക്സ്-റേ പോലുള്ള നൂതന ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ ഇത് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. 

മറഞ്ഞിരിക്കുന്ന ടിബി കേസുകൾ കണ്ടെത്തുന്നതിനും രോഗം കൂടുതൽ വ്യാപിക്കുന്നത് തടയുന്നതിനും ചെസ്റ്റ് എക്സ്-റേ സ്ക്രീനിംഗ് വ്യാപകമായി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്.

പ്രതിരോധവും ചികിത്സയും

ക്ഷയരോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ, ക്ഷയരോഗ പ്രതിരോധ മരുന്നുകളും രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ (ചുമ മര്യാദകൾ )
പാലിക്കപ്പെടുന്നുണ്ട് എന്നതും ഉറപ്പാക്കേണ്ടതാണ്. രോഗികളിൽ നേരത്തെയുള്ള രോഗനിർണയവും, അവർ ശരിയായി മരുന്നുകൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതാണ് ഏറ്റവും പ്രധാനം. ഇന്ത്യാ ഗവൺമെന്റിന്റെ  നാഷണൽ ടിബി എലിമിനേഷൻ പ്രോഗ്രാം (NTEP) സൌജന്യ  രോഗനിർണയവും ചികിത്സയും വാഗ്ദാനം ചെയ്യുന്നു. ഡോട്ട്സ് (DOTS)  ടിബി ക്കെതിരായ പോരാട്ടത്തിൽ മുഖ്യ പങ്ക് വഹിക്കുന്നു. 
ബോധവൽക്കരണവും സാമൂഹിക പങ്കാളിത്തവും ക്ഷയരോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും, അപകർഷതാബോധവും ഇല്ലാതാക്കുകയും, സമയബന്ധിതമായ പരിശോധന പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഈ രോഗം ഉന്മൂലനം ചെയ്യുന്നതിന് അത്യാവശ്യമാണ്. 

ക്ഷയരോഗം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ ഗവേഷണം, മെച്ചപ്പെട്ട പൊതുജനാരോഗ്യ നയങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവയെല്ലാം പ്രധാന പങ്ക് വഹിക്കുന്നു. രോഗനിർണയ ശേഷി ശക്തിപ്പെടുത്തുക, നേരത്തെയുള്ള പരിശോധന പ്രോത്സാഹിപ്പിക്കുക, ക്ഷയരോഗത്തെ കുറിച്ചുള്ള അപകർഷതാബോധം കുറയ്ക്കുക എന്നിവയിലൂടെ ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യുകയെന്ന ലക്ഷ്യം നമുക്ക് കൈവരിക്കാനാകും.

കൊച്ചി അമൃത ഹോസ്പിറ്റലിൽ റെസ്പിറേറ്ററി മെഡിസിൻ വിഭാ​ഗം ക്ലിനിക്കൽ പ്രൊഫസറാണ് ലേഖകൻ.