മസിൽ പെരുപ്പിച്ച് ശക്തികാണിക്കുന്നവനാണ് ആൺ. എങ്കിലും ശരീരത്തിന്റെ ഫിസിയോളജി അനുസരിച്ച് പെണ്ണാണ് മുന്നിൽ. സ്ത്രീ അബലയാണെന്ന്, അറിവില്ലാത്തവർ പറഞ്ഞുണ്ടാക്കിയ ഒരു തെറ്റാണ്. ശരീരത്തിനുപറ്റുന്ന അപചയങ്ങളെ ഉചിതമായി നേരിടാൻ പെണ്ണുങ്ങളാണ് മിടുക്കർ. സ്ത്രീകളെ അപേക്ഷിച്ച് ബലഹീനമായ ശരീരവും പേറിയാണ് ആണുങ്ങളുടെ നടപ്പ്. കോവിഡ് കൂടുതൽ ബാധിച്ചതും മരിച്ചതും ആണുങ്ങളാണ്. രോഗാണുപ്രതിരോധശക്തി പെണ്ണുങ്ങൾക്കാണ് കൂടുതൽ. ചെറുപ്പകാലത്തും ഏറ്റവും കൂടുതൽ ആശുപത്രിയിലെത്തുന്നത് ആൺകുട്ടികളാണെന്നുള്ളത് ലോകത്ത്‌ മുഴുവൻ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആൺകുട്ടികൾക്ക് കൂടുതൽ ശ്രദ്ധകൊടുക്കുന്നതുകൊണ്ടാണോ ഇത്? അല്ല. പരീക്ഷണശാലയിലെ ജന്തുക്കൾക്കും ഇതാണ് രീതി. ഗർഭകാലത്തുമാത്രമാണ് സ്ത്രീകൾ കുറച്ച് അരക്ഷിതരായിത്തീരുന്നത്.

To advertise here,

ആ ചെറിയ ‘വൈ’

കാൻസർ ബാധിച്ചോ, ആണുങ്ങൾ കൂടുതൽ കഷ്ടത്തിലാണ്. പല കാൻസറുകളും ആണുങ്ങൾക്ക് കൂടുതലായി വരുന്നുതന്നെയുണ്ട്. ജനിതകവസ്തുവായ ഡി.എൻ.എ. അടുക്കിക്കെട്ടിയ കഷണതന്തുക്കളായ ക്രോമസോമുകൾ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വ്യത്യസ്തമാണ്. പെണ്ണുങ്ങൾക്ക് പ്രത്യേകമായി രണ്ട് എക്സ് (X) ക്രോമസോമുകളുണ്ട്, പെണ്ണത്തം നിശ്ചയിക്കപ്പെടാനായി. ആണുങ്ങൾക്ക് ഒരു എക്സ് മാത്രം, കൂടെയുള്ളത് വളരെ ചെറിയ ഒരുതുണ്ടുമാത്രമായ വൈ (Y) ക്രോമസോം! ഇത് പൊതുവേ ആണുങ്ങൾ പുറത്തുപറയാറില്ല. അവരുടെ ‘ഇത്’ (Y) വളരെ ചെറുതാണെന്നുള്ളത്!. ആണായിപ്പിറന്നവനാകാൻ തീരുമാനിക്കുന്ന Y ക്രോമസോമിൽ അതിനുവേണ്ട ജീനുകളുണ്ട്. ആണത്തം നൽകുന്നെങ്കിലും ചില കുഴപ്പങ്ങളും സമ്മാനിക്കുന്നുണ്ട്. ഈ ക്രോമസോമിലുള്ള മറ്റുചില ജീനുകൾ അത്ര മര്യാദക്കാരല്ല. ചിലപ്പോൾ ചില കോശങ്ങളിൽ ഈ ക്രോമസോം അപ്പാടെ അപ്രത്യക്ഷമാകാറുമുണ്ട്. ഇത് കാൻസറിന്‌ വഴിവെക്കുന്നുവെന്നാണ് ആധുനിക പഠനങ്ങൾ തെളിയിക്കുന്നത്. ചിലപ്പോൾ ഹൃദ്രോഗത്തിനും സാധ്യതയേറ്റുന്നു. മൂത്രാശയകാൻസറും കുടൽ കാൻസറും (colon cancer) ശ്വാസകോശകാൻസറും ആണുങ്ങളിൽ കൂടുതലായി കാണപ്പെടുന്നത് ഇതുകൊണ്ടാണത്രെ! മരണത്തോതും സ്ത്രീകളെക്കാൾ കൂടുതലാണ്. പ്രായമായ ആണുങ്ങളിൽ ഈ വൈ ക്രോമസോം നഷ്ടം കൂടുതലായി സംഭവിക്കുന്നു. ഈ പ്രതിഭാസം പ്രതിരോധകോശങ്ങളെ തീരേ നിർവീര്യമാക്കുന്നുമുണ്ട്. ഈ പ്രതിരോധികളാണ് കാൻസർ കോശങ്ങളെ വകവരുത്തേണ്ടത്. പ്രതിരോധിക്കാൻ ശക്തിയില്ലായ്കയാൽ കൂടുതൽ അസുഖങ്ങൾ വന്നുചേരുന്നു എന്നത് മറ്റൊരു കാര്യം. ആണത്തത്തിന്‌ കൊടുക്കേണ്ടിവരുന്ന വില!.

ജനിതകസൗഭാഗ്യം

പെണ്ണുങ്ങൾക്ക് രണ്ട് എക്സ് ക്രോമസോം (XX) ഉള്ളത് ചില സൗഭാഗ്യങ്ങളും സമ്മാനിക്കുന്നുണ്ട്. ഈ എക്സിൽ ചില ജനിതകമാറ്റങ്ങൾ സംഭവിക്കാറുണ്ട്. കുഴപ്പമാണ് സംഭവം. പക്ഷേ, ഇത് സമീകരിക്കാൻ മറ്റൊരു എക്സ് ആരോഗ്യത്തോടെ കൂടെയുള്ളതിനാൽ സ്ത്രീകൾക്ക് വലിയ പ്രശ്നങ്ങളുണ്ടാകാറില്ല. ഇതേ വൈകല്യം ആണുങ്ങളുടെ എക്സ് ക്രോമസോമിൽ സംഭവിച്ചാൽ ഇങ്ങനെ സമതുലനംചെയ്യാൻ മറ്റൊരു എക്സ് (X) ഇല്ല എന്നതിനാൽ അവന്റെ ജീവിതം കട്ടപ്പൊകയാകുകയാണ്. മാന്ദ്യങ്ങളിൽനിന്ന് വിമുക്തമാകാനുള്ള കഴിവ് സ്ത്രീകൾക്ക് ശരീരത്തിലാകമാനം വിന്യസിച്ചിട്ടുള്ളതാണ്. ഈ പ്രത്യേക സിദ്ധി ഓരോ കോശത്തിലും വ്യാപരിച്ചിട്ടുണ്ട്. അവയെ ഉണർത്തി പ്രവർത്തനനിരതമായി നിലനിർത്തുക എന്നതുതന്നെ. ഇത് നിർണായകമാണ്, പ്രത്യേകിച്ചും തലച്ചോറിലെ ന്യൂറോണുകളാണെങ്കിൽ.

ലഘുവായതോ അത്ര രൂക്ഷമല്ലാത്തതോ ആയ തലച്ചോർ ആഘാതങ്ങൾ ഭേദമാകാൻ സ്ത്രീകൾക്ക്‌ സമയമെടുത്തേക്കും, ആണുങ്ങൾ മെച്ചപ്പെട്ട രീതിയിൽ ഇത് തരണംചെയ്യുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, കടുത്ത ആഘാതം തലച്ചോറിന്‌ ഏൽക്കുകയാണെങ്കിൽ അതിൽനിന്ന് എളുപ്പത്തിലും കൂടുതലായും കരകയറുന്നത് സ്ത്രീകളാണ്. ആണുങ്ങളിൽ പരിക്കുപറ്റിയ ന്യൂറോണുകൾ മരണത്തിലേക്ക് നീങ്ങുന്നത് വ്യത്യസ്തരീതിയിലാണ്. തലച്ചോർ മുഴുവൻ നീർവീക്കം വ്യാപിക്കുകയാണ്. ഇതിനെയൊക്കെ പ്രതിരോധിക്കാനുള്ള ‘ആന്റി ഓക്സിഡന്റ്’ കുറവായത് ഒരു കാരണമാണ്. തലച്ചോർ ക്ഷതം സംഭവിച്ച ആണുങ്ങളെ പരിപാലിക്കാൻ ഡോക്ടർമാർ കൂടുതൽ ശ്രദ്ധവെക്കേണ്ടി വരുകയാണ്; പ്രത്യേകിച്ചും എമർജൻസി ക്ളിനിക്കുകളിൽ. എന്നാൽ, സ്ത്രീകളും ഇതേ രീതിയിൽ തലച്ചോർ ആഘാതത്തിൽനിന്ന് കരകയറാൻ പണിപ്പെട്ടേക്കും. അവർക്ക് ആർത്തവവിരാമം (menopause) സംഭവിക്കുമ്പോൾ, ഈ ഫിസിയോളജി പ്രതിഭാസത്തിനുശേഷം മസ്തിഷ്കാഘാതം വന്നാൽ കരകയറാനും പ്രയാസമായേക്കും സ്ത്രീകൾക്ക്. ഇതിന്റെ ഒരു കാരണം അവരുടെമാത്രം ഹോർമോണുകളായ ഈസ്‌ട്രജനും പ്രോജസ്റ്റെറോണും അളവ് കുറയുന്നതാണ്. ഈ രണ്ട് ഹോർമോണുകളും അവർക്ക് വേണ്ടത്ര സംരക്ഷണം നൽകുന്നവയാണ്, ആർത്തവവിരാമംവരെ.

വേണം, പെണ്ണത്തം

തലച്ചോർ ആഘാതത്തിൽനിന്ന് ആണുങ്ങളെ ഭേദപ്പെടുത്താൻ എന്താണ് മാർഗം? അവർക്ക് ‘പെണ്ണത്തം’ നൽകുകതന്നെ! ‘പെണ്ണെന്നൊരെണ്ണത്തെ തീർത്തല്ലോ നാന്മുഖൻ പെണ്ണിലും പെണ്ണാക്കി പൂരുഷനെ’ എന്ന് കവി പാടിയത് നടപ്പാക്കുക! അവരിൽ ഈസ്‌ട്രജനും പ്രോജസ്റ്റെറോണും അല്പം കുത്തിവെച്ച് തുടങ്ങുക. പക്ഷേ, ഹോർമോൺ തെറാപ്പി വളരെ അപകടംപിടിച്ച ചികിത്സാരീതിയാണ്. ഏതു ഹോർമോൺ, എത്രമാത്രം എപ്പോഴൊക്കെ എന്ന് നിർണയിക്കുക എളുപ്പമല്ല. ഇപ്പോൾ പ്രായോഗിക ഗവേഷണങ്ങൾ(applied research) ഈ വഴിയിൽ തകൃതിയായി നടക്കുന്നുണ്ട്. ത്വക്കിൽ വരുന്ന മുറിവുകൾ പെട്ടെന്ന് ഭേദമാകും സ്ത്രീകളിൽ; ഈസ്‌ട്രജൻ പുരട്ടിയാൽ ഇത് എളുപ്പവുമാകും. ആണുങ്ങളിൽ ഇതേ ഈസ്‌ട്രജൻ ചികിത്സ ഫലപ്രദമാകുന്നുവെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അവരിലില്ലാത്ത സ്ത്രീ ഹോർമോൺതന്നെ ചികിത്സ. ത്വക്ക് ചിത്സയ്ക്കല്ലാതെ മറ്റ് അവയവങ്ങൾക്കോ ചില ഫിസിയോളജി പ്രശ്നങ്ങൾക്കോ ഈസ്‌ട്രജൻ ചികിത്സ എങ്ങനെ സാധിച്ചെടുക്കാമെന്ന ആലോചനയിലാണ് ഇന്ന് ശാസ്ത്രജ്ഞർ. അങ്ങനെ ആണുങ്ങൾ അതിജീവിക്കാനും ആരോഗ്യത്തോടെ വർത്തിക്കാനും അവരുടെ ശരീരം തത്‌കാലത്തേക്ക്‌, ഒരു ഭാഗത്തുമാത്രമെങ്കിലും കൂടുതൽ പെണ്ണത്തം കലർന്നതാക്കുക എന്നത് ഒരു പോംവഴിയായി തെളിയുന്നു എന്നത് രസാവഹംതന്നെ.

ഇത് ലോകത്തെമ്പാടും സമൂഹത്തിന്റെ സാധാരണ വിശ്വാസത്തിനും കരുതലിനും എതിരാണെന്നത് വിചിത്രമായിത്തോന്നാം. ആൺ ശരീരമാണ് ബലമേറിയത്, അതിജീവനത്തിന്‌ കൂടുതൽ ഉതകിയത്, സ്ത്രീകളെ ‘the weaker sex’ എന്ന് ബ്രാൻഡ്ചെയ്ത് അരികിലാക്കുകയാണ് വേണ്ടത് എന്ന മുൻവിധി മാറിമറിയുന്നു. 

യൂണിവേഴ്‌സിറ്റി ഓഫ്‌ ഷിക്കാഗോയിലെ മുൻ സീനിയർ സയന്റിസ്റ്റായ ലേഖകൻ ഷിക്കാഗോയിലെ ട്രൈറ്റൺ കോളേജിലെ അജങ്‌റ്റ്‌ പ്രൊഫസറാണ്‌