സ്ട്രോക്ക് എന്നത് പലപ്പോഴും പ്രായമായവരിൽ മാത്രം ഉണ്ടാകുന്ന ഒന്നാണ് എന്ന തെറ്റിദ്ധാരണ സാധാരണമാണ്. ചെറുപ്പക്കാർ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും സ്ട്രോക്കുകൾ ബാധിക്കാം.‌ ഇപ്പോൾ യുവാക്കളിലെ സ്ട്രോക്ക് വർധിക്കുകയും കാര്യമായ രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുകയും ചെയ്തുവരുന്നു. ലോകത്ത് സ്ട്രോക്കുകൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, യുവാക്കളിൽ, അതായത് 55 വയസ്സിന് താഴെയുള്ളവരിൽ അവ കൂടുതലായി കാണപ്പെടുന്നു. മരണത്തിലേക്ക് നയിക്കാവുന്ന ഏറ്റവും സാധാരണമായ രണ്ടാമത്തെ കാരണമാണ് സ്ട്രോക്കുകൾ. 2020 വരെയുള്ള കണക്ക് പ്രകാരം വൈകല്യത്തിലേക്ക് നയിക്കാവുന്ന മൂന്നാമത്തെ ഏറ്റവും സാധാരണ കാരണവും സ്ട്രോക്ക് തന്നെയാണ്.

To advertise here,

എന്താണ് സ്ട്രോക്ക്?  

ആദ്യം, ഒരു സ്ട്രോക്ക് എന്താണെന്ന് മനസ്സിലാക്കാം. തലച്ചോറിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. തലച്ചോറിന് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാത്തതിനാൽ ഈ തടസ്സം തലച്ചോറിന് തകരാറുണ്ടാക്കാം. രണ്ട് തരം സ്ട്രോക്കുകൾ ഉണ്ട്:

രക്തക്കുഴലുകളിലെ ബ്ലോക്ക്: ഇതാണ് ഏറ്റവും സാധാരണമായ തരം.  തലച്ചോറിലെ രക്തക്കുഴലുകളിൽ  രക്തം കട്ടപിടിക്കുകയോ കൊഴുപ്പ് അടിഞ്ഞുകൂടുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു.

രക്തക്കുഴൽ പൊട്ടൽ: മസ്തിഷ്കത്തിലെ രക്തക്കുഴൽ പൊട്ടി മസ്തിഷ്ക കലകളിലേക്ക് രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഈ സ്ട്രോക്ക് സംഭവിക്കുന്നത്. ഇത് സമ്മർദ്ദം സൃഷ്ടിക്കുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.

ചെറുപ്പക്കാർക്കുള്ള അപകട ഘടകങ്ങൾ എന്തൊക്കെയാണ്?

ചെറുപ്പക്കാരിൽ സ്ട്രോക്കുകൾ പ്രായമായവരേക്കാൾ കുറവാണെങ്കിലും, വിവിധ കാരണങ്ങളാൽ സംഭവിക്കാം. യുവാക്കൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങൾ ഇവയാണ്:

  • ഹൃദ്രോഗം
  • ഉയർന്ന രക്തസമ്മർദ്ദം
  • ജീവിതശൈലി: പുകവലി, മയക്കുമരുന്ന് ദുരുപയോഗം, അമിതമായ മദ്യപാനം
  • പ്രമേഹം
  • പൊണ്ണത്തടി
  • ഉപ്പ് അധികമായ പാക്കറ്റ് ഭക്ഷണ ഉപഭോഗം
  • ജനിതകമായ കാരണങ്ങൾ
  • ഗർഭനിരോധന ഗുളികകൾ

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്

സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? പ്രതിരോധം നിർണായകമാണെന്ന് ഓർമിക്കുകയാണ് പ്രധാനം. സ്വീകരിക്കാവുന്ന ചില മാർഗങ്ങൾ ഇതാ:

രക്തസമ്മർദം നിയന്ത്രിക്കുക: രക്തസമ്മർദ്ദം പതിവായി പരിശോധിക്കുകയും അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് നിങ്ങളുടെ ഡോക്ടർ നിർദേശിക്കുന്ന കാര്യങ്ങൾ പിന്തുടരുകയും ചെയ്യുക.

ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരം പാലിക്കുക, പതിവായി വ്യായാമത്തിൽ ഏർപ്പെടുക, പുകവലിയും അമിതമായ മദ്യപാനവും ഒഴിവാക്കുക.

പ്രമേഹ നിയന്ത്രണം: നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ, അത് നിയന്ത്രണവിധേയമാക്കാൻ ഡോക്ടർ നിർദേശിക്കുന്ന കാര്യങ്ങൾ പിന്തുടരുകയും ചെയ്യുക.

ശരീരഭാരം നിയന്ത്രിക്കുക: ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും മറ്റ് സ്ട്രോക്ക് സംബന്ധമായ ഘടകങ്ങളുടെയും അപകടസാധ്യത കുറയ്ക്കും.

ഹൃദയ പരിശോധന: നിങ്ങൾക്ക് സ്ട്രോക്കിന്റെയോ ഹൃദ്രോഗത്തിന്റെയോ കുടുംബ ചരിത്രമുണ്ടെങ്കിൽ, നേരത്തെയുള്ള സ്ക്രീനിംഗും അപകടസാധ്യതയും പരിഗണിക്കുക.

മരുന്ന് കൃത്യമായി കഴിക്കുക: രക്താതിമർദ്ദം, പ്രമേഹം, അല്ലെങ്കിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ  അവസ്ഥകൾക്കുള്ള മരുന്നുകൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ, നിർദ്ദേശിച്ച പ്രകാരം അവ കഴിക്കുന്നത് ഉറപ്പാക്കുക.

​ഗർഭനിരോധന മാർഗങ്ങൾ: സ്‌ട്രോക്ക് സാധ്യത കുറയ്ക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ സ്ത്രീകൾ ഡോക്ടർമാരെ സമീപിക്കണം.

ചികിത്സ

സ്ട്രോക്കുകൾ ചികിത്സിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകം സമയമാണ്, കാരണം ചികിത്സ ഉടനടി ആരംഭിക്കേണ്ടതുണ്ട്. അതിനാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നേരത്തെയുള്ള തിരിച്ചറിയൽ ആണ്. അപ്പോൾ, ഒരു സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം? താഴെ പറയുന്ന അവസ്ഥകൾ ഒറ്റയ്‌ക്കോ സംയോജിതമായോ കണ്ടേക്കാം:

  • മുഖത്തിന്റെയോ കൈകാലുകളുടെയോ മരവിപ്പ് അല്ലെങ്കിൽ ബലഹീനത
  •  മുഖം ഒരു വശത്തേക്ക് വ്യതിചലിക്കുക, പുഞ്ചിരിക്കുന്ന രീതിയിലുള്ള മാറ്റം
  • അവ്യക്തമായ സംസാരം
  • മറ്റുള്ളവരോട് സംസാരിക്കാനോ മനസ്സിലാക്കാനോ ഉള്ള കഴിവില്ലായ്മ
  • ഛർദ്ദിയോടൊപ്പമുള്ള തലവേദന
  • ഫിറ്റ്സ്

സ്ട്രോക്കുൾപ്പെടെയുള്ള മസ്തിഷ്ക വൈകല്യങ്ങളുടെ ചികിത്സ എളുപ്പമല്ല. ഈ രോഗങ്ങളിൽ വിദഗ്ധരായ ഡോക്ടർമാരുടെ അറിവും അനുഭവവും ആവശ്യമാണ്. മാറ്റങ്ങൾ തിരിച്ചറിയാനും വേഗത്തിൽ ചികിത്സകൾ നടപ്പിലാക്കാനും പരിശീലനം ലഭിച്ച, പക്ഷാഘാതമുള്ള രോഗികളെ പതിവായി പരിചരിക്കുന്ന ഡോക്ടർമാരും  നഴ്‌സുമാരും  മറ്റ് ജീവനക്കാരുമുള്ള ആശുപത്രികളിൽ രോഗികൾ എത്തിച്ചേരേണ്ടത് പ്രധാനമാണ്.

ഒരാൾക്ക് സ്ട്രോക്ക് ഉണ്ടെന്ന് സംശയിക്കുകയും അവർ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തുകഴിഞ്ഞാൽ, സ്ട്രോക്കിന്റെ തരം (രക്തക്കുഴലുകൾ പൊട്ടിയത്/രക്തക്കുഴൽ കട്ടപിടിക്കൽ) തിരിച്ചറിയുന്നതിനുള്ള സിടി സ്കാൻ അല്ലെങ്കിൽ എംആർഐ സ്കാൻ ആണ് ആദ്യം നടത്തുന്ന പരിശോധനകളിലൊന്ന്. ഈ പ്രധാന വ്യത്യാസത്തെ അടിസ്ഥാനമാക്കി, ചികിത്സ വ്യത്യാസപ്പെടുന്നു.

യുവാക്കളിലെ സ്ട്രോക്ക് മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാം, കൂടാതെ രക്തക്കുഴലുകളുടെ ബ്ലോക്കിന്, ബ്ലോക്ക് നീക്കം ചെയ്യാനുള്ള മരുന്നുകളും (ത്രോംബോളിസിസ്) കീഹോൾ ചികിത്സകളും (ത്രോംബെക്ടമി) ആവശ്യമായി വന്നേക്കാം.

വളരെ വിരളമായി വലിയ സ്ട്രോക്കുകളുള്ളവരിൽ ശസ്ത്രക്രിയ ആവശ്യമായി വരും. ഈ രോഗികളിൽ  സ്ട്രോക്ക് മൂലം തലച്ചോറിനുള്ളിൽ കടുത്ത സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ കെയർ ടീമിന്റെ ഭാഗമായ ന്യൂറോസർജൻ ഒരു ജീവൻ രക്ഷിക്കാനുള്ള ഡീകംപ്രസീവ് ക്രാനിയോക്ടമി ശസ്ത്രക്രിയ ശുപാർശ ചെയ്തേക്കാം, പലപ്പോഴും ഇത് തലച്ചോറിന്റെ സമ്മർദ്ദം കുറയ്ക്കാനും കൂടുതൽ വഷളാകുന്നതും സങ്കീർണതകൾ തടയാനും സഹായിക്കും.

ന്യൂറോ എൻഡോസ്കോപ്പി, ന്യൂറോനാവിഗേഷൻ (കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ) പോലുള്ള നൂതന ഉപകരണങ്ങൾ ഉപയോഗിച്ച്, കീഹോൾ വഴി പലപ്പോഴും ആഴത്തിലുള്ള രക്തസ്രാവം പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയും.

ചെറുപ്പക്കാരിൽ സ്ട്രോക്കുകൾ താരതമ്യേന കുറവാണെങ്കിലും, അവ സംഭവിക്കാം. കാരണങ്ങൾ, അപകടസാധ്യത ഘടകങ്ങൾ, പ്രതിരോധ നടപടികൾ എന്നിവ മനസ്സിലാക്കുന്നതിലൂടെ, നിങ്ങളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. ആകസ്മികമായി ഒരു സ്ട്രോക്ക് സംഭവിക്കുകയാണെങ്കിൽ, ഫലപ്രദമായ ചികിത്സകൾ ലഭ്യമാണെന്ന് അറിയുന്നത് ആശ്വാസകരമാണ്. ഓർക്കുക, നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്, നിങ്ങൾ തിരഞ്ഞെടുക്കുന്ന എല്ലാ മാറ്റങ്ങളും വരുത്താൻ കഴിയും. സമയമാണ് ഏറ്റവും നിർണായക ഘടകം. മുകളിൽ വിവരിച്ചിരിക്കുന്ന ഏതെങ്കിലും മുന്നറിയിപ്പ് അടയാളങ്ങൾ ശ്രദ്ധയിൽപ്പെടുകയോ അനുഭവിക്കുകയോ ചെയ്താൽ, ഉടൻ ചികിത്സ ഉറപ്പാക്കുക.

(ലേക്​ഷോർ ആശുപത്രിയിൽ ന്യൂറോസർജറി വിഭാ​ഗം മേധാവിയാണ് ലേഖകൻ)