
യൂറിക് ആസിഡ് സംബന്ധമായ ചോദ്യത്തിന് മറുപടി നൽകുകയാണ് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ.
എനിക്ക് 56 വയസ്സുണ്ട്. കുറച്ചുകാലമായി പെരുവിരലിൽ വീക്കവും വേദനയും ഉണ്ടായിരുന്നു. പിന്നീട് മുട്ടുവേദനയും വന്നു. രക്തം പരിശോധിച്ചപ്പോൾ യൂറിക് ആസിഡ് 8.2 mg/dl എന്ന അളവാണ് കണ്ടത്. യൂറിക് ആസിഡ് കൂടുതലാണെന്ന് പറഞ്ഞു. എനിക്ക് പ്രമേഹമോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇല്ല. യൂറിക് ആസിഡ് കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത് ? -വിജയൻ
''രക്തത്തിലെ യൂറിക് ആസിഡ് കൂടിയതിനെ തുടർന്നുണ്ടായ ഗൗട്ട് എന്ന സന്ധിവാതരോഗമാണ് താങ്കളുടെ പ്രശ്നം. ഗൗട്ടിന് ഫലപ്രദമായ ചികിത്സ ഇപ്പോൾ ലഭ്യമാണ്. ഒപ്പം ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ കൂടി വരുത്തേണ്ടിവരും.
കോശഘടനയിലെ സുപ്രധാന തന്മാത്രകളായ ഡി.എൻ.എ.യുടെയും ആർ.എൻ.എ.യുടെയും ഭാഗമായ പ്യൂരിന്റെ വിഘടനത്തിൽ നിന്നുണ്ടാകുന്ന അമ്ലമാണ് യൂറിക് ആസിഡ്. പുരുഷന്മാരിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഏഴിലും സ്ത്രീകളിൽ ആറിലും കുറവായിരിക്കണം. ഈസ്ട്രജൻ എന്ന സ്ത്രീഹോർമോണിന് യൂറിക് ആസിഡിന്റെ മൂത്രത്തിലൂടെയുള്ള വിസർജനം ത്വരിതപ്പെടുത്താനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് യൂറിക് ആസിഡ് കുറഞ്ഞുനിൽക്കുന്നത്.
യൂറിക് ആസിഡിന്റെ ഉത്പാദനം കൂടുമ്പോഴാേ വിസർജനം കുറയുമ്പോഴോ ആണ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവുയരുന്നത്. ലുക്കീമിയ, സോറിയാസിസ് പോലെയുള്ള അമിതകോശവിഭജനം നടക്കുന്ന സാഹചര്യങ്ങൾ, മദ്യപാനം, അമിത മാംസാഹാരം തുടങ്ങിയവയൊക്കെ യൂറിക് ആസിഡ് ഉത്പാദനം കൂട്ടാം. വൃക്കകളുടെ പ്രവർത്തന തകരാറുകളാണ് യൂറിക് ആസിഡിന്റെ വിസർജന പ്രക്രിയയെ തടസ്സപ്പെടുത്തുന്നത്. മദ്യപാനം രണ്ട് രീതിയിലും യൂറിക് ആസിഡിന്റെ അളവ് കൂട്ടുന്നു. മദ്യയിനങ്ങളിൽ ബിയർ ആണ് ഗൗട്ടിന് ഏറ്റവുമധികം സാധ്യതയുണ്ടാക്കുന്ന മദ്യം.
രക്താതിമർദം, പ്രമേഹം, അമിതവണ്ണം, തൈറോയ്ഡിന്റെ പ്രവർത്തനമാന്ദ്യം(ഹൈപ്പോ തൈറോയ്ഡിസം), പാരാതൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തുടങ്ങിയവയും ഗൗട്ടിന് കാരണമാകാം. വേദനസംഹാരികലായ സാലിസിലേറ്റുകൾ, മൂത്രം പോകാനുപയോഗിക്കുന്ന തയാസൈഡ് മരുന്നുകൾ, ചില കരൾരോഗ മരുന്നുകൾ തുടങ്ങിയവയും യൂറിക് ആസിഡിന്റെ നില വർധിപ്പിക്കും.
യൂറിക് ആസിഡ് കൂടുന്നതിനെ തുടർന്നുണ്ടാകുന്ന പ്രധാന പ്രശ്നം ഗൗട്ട് തന്നെയാണ്. കാലിലെ പെരുവിരൽ സന്ധിക്കുണ്ടാകുന്ന അതിശക്തമായ വേദനയും ചൂടും ചുവപ്പും നീർക്കെട്ടുമാണ് പ്രധാന ലക്ഷണം. കണങ്കാൽ, ഉപ്പൂറ്റി, കാൽമുട്ടുകൾ, മണിബന്ധം, കൈവിരലുകൾ, കൈമുട്ട് എന്നിവയെയും ഗൗട്ട് ബാധിക്കാം. സന്ധിവേദനകൾ ഒന്നോ രണ്ടോ ദിവസത്തിനകം ഭേദമായെന്ന് വരാം.
ഉയർന്ന യൂറിക് ആസിഡ് നില മൂത്രത്തിൽ കല്ലിന്റെ പ്രശ്നങ്ങൾക്കും വൃക്കത്തകരാറുകൾക്കും കാരണമാകാം. കൂടാതെ പ്രമേഹം, അമിത കൊളസ്ട്രോൾ, ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, അമിതവണ്ണം എന്നീ പ്രശ്നങ്ങൾ ഒരുമിച്ച് കാണപ്പെടുന്നു. മെറ്റബോളിക് സിൻഡ്രോമിന്റെ ഭാഗമായും ഉയർന്ന യൂറിക് ആസിഡ് നില കാണാം.
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനായി ശരീരഭാരം കുറയ്ക്കണം. മദ്യപാനം പൂർണമായും ഒഴിവാക്കണം. പൂരിൻ അമിതമായടങ്ങിയ മാംസത്തിന്റെ(റെഡ്മീറ്റ്) ഉപയോഗവും കടൽ മത്സ്യത്തിന്റെ ഉപയോഗവും ഒഴിവാക്കണം. കോളപോലെയുള്ള കാർബണേറ്റഡ് പാനീയങ്ങളും ഫാസ്റ്റ്ഫുഡും ഒഴിവാക്കണം.
ചികിത്സയ്ക്കായി യൂറിക് ആസിഡിന്റെ വിസർജനത്തെ ത്വരിതപ്പെടുത്തുന്ന മരുന്നുകൾ(യൂറിക്കോസൂറിക് മരുന്നുകൾ) ഉപയോഗിക്കുന്നു. പ്രോബെനസിഡ്, സൾഫിൻ പൈറസോൺ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടും. കൂടാതെ യൂറിക് ആസിഡിന്റെ ഉത്പാദനത്തെ കുറയ്ക്കുന്ന മരുന്നുകളായ അലോപ്യൂരിനോൾ, ഫെബുക്ലോസ്റ്റാറ്റ് തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. ആർത്രൈറ്റിസിന്റെ വേദനയുള്ള സമയത്ത് വേദനസംഹാരികളും ഉപയോഗിക്കണം. പ്രമേഹമോ മറ്റ് ജീവിതശൈലീ രോഗങ്ങളോ ഇല്ലാത്ത താങ്കൾക്ക് യൂറിക് ആസിഡ് കുറയ്ക്കൽ എളുപ്പമായിരിക്കും.''
Content Highlights: uric acid level causes risks treatment prevention
Published: 18 Jun 2022, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented