ലോകമെമ്പാടുമുള്ള കുട്ടികളിൽ രോഗത്തിന്റെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിൽ ഒന്നാണ് ന്യൂമോണിയ.

To advertise here,

ശ്വാസകോശത്തിൽ ഉണ്ടാകുന്ന ഗുരുതര അണുബാധയാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളിൽ ഏകദേശം 14% ന്യൂമോണിയ മൂലമാണ്. 2019-ൽ മാത്രം 7,40,000-ത്തിലധികം കുഞ്ഞുങ്ങളുടെ ജീവനാണ് ഇതുമൂലം നഷ്ടപ്പെട്ടത്.

ചികിത്സാരംഗത്ത് വളരെയേറെ പുരോഗതി നാം കൈവരിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളും ചികിത്സാ സൗകര്യങ്ങളും കുറവുള്ള പ്രദേശങ്ങളിൽ ന്യൂമോണിയ ഇന്നും വലിയ ഭീഷണിയായി തുടരുന്നു.

കാരണങ്ങളും അപകടസാധ്യതകളും

വൈറസുകൾ, ബാക്ടീരിയകൾ, ചിലപ്പോൾ ഫംഗസ് എന്നിവ മൂലമാണ് ന്യൂമോണിയ ഉണ്ടാകുന്നത്. ഇൻഫ്ലുവൻസ, ആർ.എസ്.വി. (Respiratory Syncytial Virus) പോലുള്ള വൈറസ് രോഗങ്ങൾക്കുശേഷം പലപ്പോഴും ബാക്ടീരിയൽ ന്യൂമോണിയ വരാറുണ്ട്. സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ (Streptococcus pneumoniae)യും ഹീമോഫിലസ് ഇൻഫ്ലുവൻസ (Haemophilus influenzae)യും സാധാരണയായി കണ്ടുവരുന്ന ബാക്ടീരിയകളാണ്.

പോഷകാഹാരക്കുറവ്, പ്രതിരോധശേഷി കുറവ്, വീടിനുള്ളിലെ പുക/വാതക മലിനീകരണം എന്നിവയാണ് കുട്ടികളെ കൂടുതൽ അപകടത്തിലാക്കുന്ന പ്രധാന ഘടകങ്ങൾ.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

  • തുടർച്ചയായ ചുമയും പനിയും
  • വേഗത്തിലുള്ള ശ്വാസം, അല്ലെങ്കിൽ ശ്വാസംമുട്ട്
  • നെഞ്ചുവേദന, കുറുകൽ ശബ്ദം
  • ചുണ്ട്, നഖം എന്നിവ നീല നിറമാകുന്നത് ഓക്സിജൻ കുറവിന്റെ സൂചനയാണ്.
  • കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി കരയുക, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും ശ്രദ്ധിക്കണം.

ചികിത്സ

  • ബാക്ടീരിയ ന്യൂമോണിയയ്ക്ക് ആന്റിബയോട്ടിക് മരുന്നുകൾ ആണ് നൽകുക.
  • വൈറസ് ന്യൂമോണിയയ്ക്ക് വിശ്രമം, ധാരാളം വെള്ളം കുടിക്കൽ, ഓക്സിജൻ സപ്പോർട്ട് തുടങ്ങിയവയാണ് നിർദ്ദേശിക്കാറുള്ളത്.
  • ന്യൂമോണിയ ഗുരുതരമായ കേസുകളിൽ, പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടിവരും.

പ്രതിരോധം

മറ്റേതൊരു രോഗത്തെയും പോലെ ന്യൂമോണിയ തടയാനുള്ള ഏറ്റവും നല്ല മാർഗം മുൻകരുതലാണ്.

  • ന്യൂമോകോക്കസ്, Hib, ഇൻഫ്ലുവൻസ തുടങ്ങിയ വാക്സിനുകൾ
  • പോഷകാഹാരം ഉറപ്പാക്കുക
  • കൈ കഴുകുന്നത് പോലുള്ള ശുചിത്വശീലങ്ങൾ പതിവാക്കുക
  • ശ്വാസകോശ രോഗങ്ങൾക്ക്‌ ഉടൻ ചികിത്സ തേടുക

ന്യൂമോണിയ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗമാണ്. മാതാപിതാക്കൾക്കിടയിൽ ബോധവത്ക്കരണം ശക്തമാക്കുകയും, വാക്സിനേഷൻ ഉൾപ്പെടെ ആരോഗ്യസൗകര്യങ്ങൾ എല്ലാവരിലും എത്തിക്കാനും സാധിച്ചാൽ നമ്മുടെ കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ സാധിക്കും. ന്യൂമോണിയയെ ചെറുതായി കാണാതെ. ജാഗ്രതയോടെ, സമയോചിതമായ ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ നമ്മുടെ കുട്ടികളെ ഈ ശത്രുവിൽ നിന്ന് രക്ഷിച്ചെടുക്കാം.

(തലശ്ശേരി മിഷൻ ഹോസ്പിറ്റലിലെ കൺസൽട്ടന്റ് പീഡിയാട്രീഷൻ ആണ് ലേഖിക)