”ആരോഗ്യപൂര്‍ണ്ണമായ തുടക്കം, പ്രതീക്ഷാനിര്‍ഭരമായ ഭാവി” ഇത്തവണത്തെ ലോകാരോഗ്യ ദിനത്തിന്റെ സന്ദേശമാണിത്. കുഞ്ഞിന്റെ ആരോഗ്യപൂര്‍ണ്ണമായ ജനനവും അതിലൂടെ ഭാവിയിലെ ആരോഗ്യം നല്ലതായിരിക്കണമെന്ന പ്രതീക്ഷയും പങ്കുവെക്കുന്ന സുന്ദരമായ സന്ദേശം. യാദൃശ്ചികമെന്ന് പറയട്ടെ, ഇന്നലെ ആശുപത്രിയിലെത്തിച്ച് പ്രസവമെടുക്കുന്നതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് അക്യുപങ്ചറില്‍ ബിരുദം നേടിയ യുവതി മരണപ്പെട്ട വാര്‍ത്ത ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ സന്ദേശം എത്ര പ്രധാനപ്പെട്ടതാണെന്ന് കൃത്യമായി പറഞ്ഞു വയ്ക്കുന്നു.
എന്തുകൊണ്ട് വീട്ടില്‍ പ്രസവിക്കേണ്ടി വരുന്നു?
വീട്ടില്‍ നിന്നോ, അല്ലെങ്കില്‍ ആശുപത്രിയിലേക്ക് വരുന്ന വഴിയിലോ പ്രസവം സംഭവിക്കുന്ന വാര്‍ത്ത നമ്മളെ സംബന്ധിച്ച് അത്ര പുതുമയുള്ളതൊന്നുമല്ല. നിനച്ചിരിക്കാതെ പ്രസവ വേദന വരികയും ആശുപത്രിയിലെത്തിക്കാനുള്ള സമയത്തിനുള്ളില്‍ പ്രസവം നടക്കുകയും ചെയ്യുന്നതാണ് ഇതിന് പ്രധാന കാരണമായി കാണുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടില്‍ നിന്ന് തന്നെയോ അല്ലെങ്കില്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ വാഹനത്തില്‍ വെച്ചോ ഒക്കെ പ്രസവം യാദൃശ്ചികമായി നടക്കുന്നതാണ്. ഏറ്റവും മികച്ച ആതുരസേവന സൗകര്യങ്ങള്‍ പൊതുവെ കേരളീയ സമൂഹത്തിന്റെ തൊട്ടരികിലുണ്ടെങ്കിലും അപൂര്‍വ്വമായി നടക്കുന്ന ഇത്തരം കേസുകള്‍ സ്വാഭാവികമായി കണക്കാക്കാം.
എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് പ്രസവമെടുക്കാന്‍ ശ്രമിക്കുകയും യുവതി മരണപ്പെടുകയും ചെയ്ത സംഭവത്തെ അത്ര ലാഘവത്തോടെ കാണാന്‍ സാധിക്കില്ല. ഇത് ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും ബോധപൂര്‍വ്വം അവ നിഷേധിച്ചത് മൂലമുണ്ടായ ദുരന്തമാണ്. ശരിക്കും മനുഷ്യനിര്‍മ്മിത ദുരന്തം. പല തരത്തിലുള്ള കാരണങ്ങള്‍ ഇതിന് ഇടയാക്കുന്നുണ്ട്. പണ്ടൊക്കെ വീട്ടിലല്ലേ പ്രസവം നടന്നത് എന്നത് ചിന്തയും, ആശുപത്രിയില്‍ പോയാല്‍ അനാവശ്യമായി സിസേറിയന്‍ നടത്തുമോ എന്ന സംശയവും, മതപരമായ ചില തെറ്റായ ധാരണകളുമൊക്കെ ഈ നിലയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.
എന്തുകൊണ്ട് ആശുപത്രിയില്‍ പ്രസവിക്കണം?
പ്രസവം എന്നത് ശരീരത്തിന്റെ സ്വാഭാവികമായ ഒരു പ്രക്രിയയാണ്. എന്നാല്‍, അതീവ സങ്കീര്‍ണ്ണമായ ഒരു ശാരീരിക പ്രവര്‍ത്തനം കൂടിയാണ് എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. പല തരത്തിലുള്ള സങ്കീര്‍ണതകള്‍ പ്രസവ സമയത്ത് പ്രതീക്ഷിക്കാവുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിലെ സങ്കീര്‍ണ്ണതകളും അമ്മയുടെ ആരോഗ്യത്തിലുണ്ടാകാനിടയുള്ള സങ്കീര്‍ണ്ണതകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇവയൊക്കെ കൃത്യമായി തിരിച്ചറിഞ്ഞ് ആരോഗ്യപൂര്‍ണ്ണമായ രീതിയില്‍ പ്രസവം പൂര്‍ത്തിയാക്കണമെങ്കില്‍ ആശുപത്രികളെ തന്നെ ആശ്രയിക്കണം.
ഉദാഹരണത്തിന് രക്തസ്രാവത്തിന്റെ കാര്യമെടുക്കാം. വീട്ടില്‍ നിന്നാണ് പ്രസവം നടക്കുന്നതെങ്കില്‍ അമിത രക്തസ്രാവമുണ്ടായാല്‍ ആശുപത്രിയിലെത്തിക്കുന്നത് വരെയുള്ള സമയം അതീവ നിര്‍ണ്ണായകമാണ്. ഈ സമയ നഷ്ടം ജീവന്‍ നഷ്ടപ്പെടുവാന്‍ വരെ കാരണമാകും. കുഞ്ഞിന്റെ ഹൃദയമിടിപ്പിലും പലപ്പോഴും ജനനസമയത്ത് വ്യതിയാനമുണ്ടാകും. ഏതെങ്കിലും കാരണവശാല്‍ പ്രസവം നീണ്ടുപോകുന്ന സാഹചര്യമുണ്ടായാലും വലിയ പ്രതിസന്ധികള്‍ക്കിടയാകും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ പോലും ദോഷകരമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളെ യഥാസമയം തിരിച്ചറിഞ്ഞ് ഉടനടി തന്നെ ഫലപ്രദമായ ചികിത്സാരീതികളിലൂടെ പ്രതിവിധി കണ്ടെത്തണമെങ്കില്‍ ആശുപത്രിയില്‍ നിന്ന് മാത്രമേ സാധിക്കുകയുള്ളൂ.
അതീവ ഗൗരവതരമായ സാമൂഹിക പ്രത്യാഘാതത്തിനാണ് ഈ വഷയത്തെ കുറിച്ചുള്ള അജ്ഞതയും തന്മൂലമുള്ള തെറ്റായ തീരുമനവും വഴിയൊരുക്കുന്നത്. ആരോഗ്യമുള്ള ജീവിതം ഓരോ പൗരവന്റെയും അവകാശമാണ്. പ്രസവിക്കുന്ന യുവതിക്കും അതുപോലെ തന്നെ പിറന്ന് വീഴുന്ന കുഞ്ഞിനും ഈ അവകാശം ഒരേപോലെ ബാധകവുമാണ്. ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ സന്ദേശത്തെ പൊതുസമൂഹം ഗൗരവത്തോടെ തന്നെ ഏറ്റെടുക്കണം. ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനവും പ്രതീക്ഷാനിര്‍ഭരമായ ഭാവിയും അവന് ഉറപ്പ് വരുത്താന്‍ നമുക്കൊരുമിച്ച് പരിശ്രമിക്കാം.
കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ഗൈനക്കോളജി വിഭാഗം ഡോക്ടറാണ് ലേഖകൻ
Content Highlights: World Health Day highlights safe childbirth
Published: 07 Apr 2025, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented