'അമ്മക്കിളിക്കൂട്' എന്ന സിനിമ കണ്ട് കണ്ണുനിറയാത്ത മലയാളികളുണ്ടായിരുന്നില്ല. വൃദ്ധസദനങ്ങള്‍ എന്നാല്‍ വയസ്സായവരെ മക്കള്‍ വലിച്ചെറിഞ്ഞു കളയുന്ന ഇടമാണെന്ന് സങ്കല്‍പം ഒരു പരിധിവരെ നമ്മുടെ മനസ്സില്‍ നിറയ്ക്കാന്‍ ഇത്തരം സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു.  മക്കളെ കാത്തിരിക്കുന്ന ഒറ്റപ്പെട്ട അച്ഛനമ്മമാരായിരുന്നു കഥകളിലെ ഓള്‍ഡ് ഏയ്ജ് ഹോമുകള്‍ നമുക്ക് തന്നത്. ഇതിനൊപ്പം പ്രായമായവരെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന മലയാളികള്‍ വാര്‍ത്തകളുടെയും ഭാഗമായി. മാതാപിതാക്കളെ നോക്കാത്തവര്‍ക്ക് ശിക്ഷ നല്‍കണമെന്ന് നിയമം പോലും നിര്‍മിക്കേണ്ടി വന്നു ഇവിടെ. 

To advertise here,

വീട്ടില്‍ പ്രായമായവര്‍ ഉണ്ടെങ്കില്‍ പങ്കാളികളില്‍ ഒരാള്‍ അവരുടെ കരിയറും സ്വപ്‌നങ്ങളും വേണ്ടെന്ന് വച്ച് അവരെ പരിചരിക്കാന്‍ തയ്യാറാകുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്നത് നമ്മുടെ നാട്ടില്‍ വളരെ സാധാരണമാണ്, അതൊരു കീഴ്‌വഴക്കവുമാണ്. മിക്കപ്പോഴും കുടുംബത്തിലെ സ്ത്രീകളായിരിക്കും ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്നവര്‍. അങ്ങനെ ചെയ്യാത്തവര്‍, ഹോം നഴ്‌സിനെയോ മറ്റോ ഏര്‍പ്പെടുത്തുന്നവര്‍ മോശക്കാരെന്ന് കരുതപ്പെടുന്ന സമൂഹമാണ് ഇന്നും നമ്മുടേത്. മക്കള്‍ക്ക് മാതാപിതാക്കളോടുള്ള ഇഷ്ടമില്ലായ്മയല്ല, പലപ്പോഴും അവര്‍ തമ്മിലുള്ള കാലഘട്ടത്തിന്റെ അന്തരം തന്നെയാണ് പ്രശ്‌നക്കാരായി മാറുന്നത്. പരസ്പരം വിലങ്ങിട്ട് പൂട്ടിയ അവസ്ഥയാണ് ഒടുവില്‍ ഇരുകൂട്ടര്‍ക്കും അനുഭവപ്പെടുക. ചിലര്‍ അവസാനകാലം മൊത്തം കലഹിച്ച് തീര്‍ക്കുമ്പോള്‍ കുറച്ചുപേര്‍ തെരുവില്‍ ഉപേക്ഷിക്കപ്പെടും, ചിലര്‍ സ്വന്തംവീട്ടില്‍ തന്നെ ഒറ്റയ്ക്കാവും. നമ്മുടെ വയോജനങ്ങള്‍ എന്തുകൊണ്ടാണ് ഇത്രവലിയൊരു പ്രശ്‌നമായി അനുഭവപ്പെടുന്നത്. 

കാരണം കേരളത്തിന് പ്രായമാകുന്നു എന്നതാണ്. പഠനങ്ങളനുസരിച്ച് കേരളത്തിലെ ജനസംഖ്യയില്‍ ഇരുപത് ശതമാനവും പ്രായമായവരാണ്. ഇത് ഓരോ വര്‍ഷവും ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നാണ് കണക്കുകള്‍. 2011 ലെ സെന്‍സസ് അനുസരിച്ച് അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ പതിമൂന്ന് ശതമാനമായിരുന്നത് 2036 ആകുന്നതോടെ 23 ശതമാനമാകുമെന്നാണ് പറയുന്നത്. 2051 ഓടെ അത് 34.3 ശതമാനത്തിലെത്തും. എന്നാല്‍ ഈ പ്രായമായവരെ ശരിയായി സംരക്ഷിക്കാനും അവരുടെ രണ്ടാം ബാല്യം മനോഹരമായി കൊണ്ടുനടക്കാനുമുള്ള സൗകര്യം നമ്മുടെ സമൂഹത്തിലുണ്ടോ എന്നതുകൂടി പരിഗണിക്കേണ്ടതുണ്ട്. 

1961 ല്‍ 5.1 ശതമാനമായിരുന്നു കേരളത്തിലെ പ്രായമായവരുടെ എണ്ണം. രാജ്യത്തെ മൊത്തം വയോജനങ്ങളുടെയും എണ്ണത്തേക്കാള്‍ കുറവ്. ദേശീയ തലത്തില്‍ 5.6 ആയിരുന്നു. എന്നാല്‍ 60 വര്‍ഷം കൊണ്ട് 2011 എത്തുമ്പോള്‍ 12.6 ശതമാനമായി ഇത് വര്‍ധിച്ചു. രാജ്യത്തെ മൊത്തം ശതമാനം അപ്പോഴും 8.3 ശതമാനം മാത്രം. 2015 ലെ എസ്.ആര്‍. എസ് സ്റ്റാറ്റിക്കല്‍ റിപ്പോര്‍ട്ടനുസരിച്ച് (The Sample Registration System Statistical Report) കണക്കുകളാണ് ഇത്. 48 ലക്ഷം ആളുകള്‍ കേരളത്തില്‍ അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. ഇതില്‍ 15 ശതമാനം ആളുകള്‍ 80 വയസ്സിന് മുകളില്‍ ഉള്ളവരാണ്. പുരുഷന്മാരെക്കാള്‍ സ്ത്രീകളുടെ എണ്ണമാണ് വയോജനങ്ങളില്‍ ഏറെ. അവരില്‍ ഏറെപ്പേരും വിധവകളുമാണ്. കേരളത്തില്‍ പുരുഷന്മാരില്‍ ആയുര്‍ ദൈര്‍ഘ്യം 72.5 വര്‍ഷമാണെങ്കില്‍ 77.8 വര്‍ഷമാണ് സ്ത്രീകളുടേത്. 60 മുതല്‍ 69 വയസ്സുവരെ പ്രായമുള്ളവരില്‍ 23 ശതമാനം വിധവകളുണ്ട്. അവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും നിസ്സഹായതയും പരിഹരിക്കാനുള്ള സംവിധാനം ഇന്നും നമുക്കില്ല എന്ന് ഓര്‍ക്കണം. 

പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ നമ്മുടെ ഗവണ്‍മെന്റുകളെല്ലാം നടപ്പാക്കുന്നുണ്ട്. അത് പാലിക്കാനുള്ള ഉയര്‍ന്ന വിദ്യാഭ്യാസവും നമുക്കുണ്ട്.  അത് തന്നെയാണ് നമ്മുടെ ഏറുന്ന ആയുര്‍ദൈര്‍ഘ്യത്തിന്റെ കാരണവും. എന്നാല്‍ അവര്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ അവര്‍ക്ക് അനുകൂലമാണോ. എന്നാണ് ചോദ്യം. കുടുംബം എന്നാല്‍ അച്ഛനും അമ്മയും മക്കളും മാത്രമാകുമ്പോള്‍ പ്രായമായവരെ ഇവിടെ എവിടെ ഉള്‍ക്കൊള്ളിക്കും എന്നത് വലിയ പ്രശ്‌നമാണ്. 

വിദേശരാജ്യങ്ങളില്‍ വാര്‍ധക്യത്തിനായി ഒരുങ്ങുക എന്ന സങ്കല്‍പമുണ്ട്. അതുമാത്രമല്ല വാര്‍ധക്യം വീട്ടിലിരിക്കാനുള്ളതും മരണത്തെ കാത്തിരിക്കാനുമുള്ളതാണ് എന്ന ചിന്തയല്ല അവിടെ, ഒരുമനുഷ്യന്റെ ശേഷി എത്രത്തോളം പ്രയോജനപ്പെടുത്താന്‍ കഴിയുമോ അത്രയും പ്രയോജനപ്പെടുത്തുക എന്നതാണ് പലനാടുകളിലെയും രീതി.    എന്നാല്‍ വാര്‍ധക്യത്തില്‍ എന്തെന്ന ചിന്തയില്ലാത്തവരാണ് നമ്മളിലേറെയും. സാമ്പത്തികമായി ഉന്നതനിലയിലുള്ളവര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വഴികള്‍ ഉണ്ടാവും. എങ്കിലും വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കുക എന്നതാവും അവരുടെയും അവസ്ഥ. ഇതൊന്നുമില്ലാത്തവരോ? മക്കളുടെയോ ബന്ധുക്കളുടെയോ ഔദാര്യം തേടേണ്ടി വരും.  ഇതിനെല്ലാം പരിഹാരമാകാവുന്ന സീനിയര്‍ ലിവിങ് എന്ന സംവിധാനവും വയോജനങ്ങളുടെ കമ്യൂണിറ്റികളും എല്ലാം പലരാജ്യങ്ങളിലും സജീവമാണ്. അത്തരം സംവിധാനങ്ങളെ എന്തുകൊണ്ടാണ്    നമ്മളിപ്പോഴും അംഗീകരിക്കാത്തത്. 

സക്കറിയ, എഴുത്തുകാരന്‍

വാര്‍ധക്യം എന്ന സങ്കല്‍പത്തോട് തന്നെ എനിക്ക് എതിര്‍പ്പുണ്ട്. അത് പ്രത്യേകിച്ചും മലയാളികളുടെ ഒരു കണ്ടെത്തലാണ്. 50 വയസ്സാകുമ്പോള്‍ റിട്ടയറാവണം. പിന്നെ വീട്ടില്‍ അടങ്ങി ഇരിക്കണം. ഞാന്‍ ഇതിനോട് വളരെയധികം വിയോജിക്കുന്നു. ഒരാള്‍ ബുദ്ധിപരമായും ശാരീരികമായും തകരുമ്പോഴാണ് വാര്‍ധക്യം ആവുന്നത്, ആ വാക്കിനോടും എനിക്ക് യോജിപ്പില്ല, Biological decay എന്ന് വിശേഷിപ്പിക്കാനാണ് എനിക്ക് താല്‍പര്യം. പുറത്ത് പലരാജ്യങ്ങളിലും പോകുമ്പോള്‍ ഒരു എഴുപത്, എണ്‍പത് വയസ്സുള്ളവര്‍, തലച്ചോറ് പ്രവര്‍ത്തിക്കുന്ന കാലം വരെ ജോലി ചെയ്യുകയും ആക്ടീവായി ഇരിക്കുകയും ചെയ്യുന്നവരാണ്, വീല്‍ചെയറിലാണ് വലിയ പ്രൊഫസര്‍മാര്‍ വരെ ക്ലാസുകള്‍ എടുക്കാന്‍ വരുന്നത്. ഒരാളുടെ വിഭവശേഷി എത്രകാലം ഉപയോഗിക്കാന്‍ പറ്റുമോ അത്രയും കാലം അവരെ ഉപയോഗപ്പെടുത്തുക എന്നതാണ് അവിടുത്തെ രീതി. നമ്മുടെ നാട്ടില്‍ മാത്രമാണ് 57 വയസ്സായാല്‍ മനുഷ്യന്‍ വൃദ്ധനായി, മരണം കാത്തിരിക്കുകയാണ് എന്ന ചിന്ത. ശരിക്കും ആ പ്രായത്തിലാണ് ഒരാള്‍ അയാളുടെ ജീവിതം ശരിയായി ജീവിച്ചു തുടങ്ങുന്നത്. ജീവിതപരിചയം, ലോകപരിചയം, പ്രവൃത്തിപരിചയം വായിച്ചുള്ള പരിചയം എല്ലാം നേടി ഒരാള്‍ ഉത്തമമനുഷ്യനാകുന്നത് ആ കാലഘട്ടത്തിലാണ്. അതാണ് നമ്മള്‍ മരിക്കാനുള്ള പ്രായമെന്ന് പറഞ്ഞ് പാഴാക്കുന്നത്. എന്റെ വിശ്വാസം ജീവിതം തുടങ്ങിയത് 55-60 വയസ്സില്‍ ഒക്കെയാണ് എന്നാണ്. പ്രായം വര്‍ധിക്കും തോറും ശരീരത്തിന് വരുന്ന അപാകതകള്‍ പരിഹരിച്ച് വീണ്ടും ജീവിക്കുക എന്നതാണ് തത്വം. മമ്മൂട്ടിക്ക് 70 വയസ്സായില്ലെ, അയാള്‍ താന്‍ വൃദ്ധനായി ഇനി വീട്ടിലിരിക്കാം എന്ന് പറയുന്നുണ്ടോ? ടി.ജെ.എസ് ജോര്‍ജിനെ നോക്കൂ, ഇപ്പോഴും എത്ര ആക്ടീവായാണ് അദ്ദേഹം ചിന്തിക്കുന്നതും എഴുതുന്നതും. 93 വയസ്സുണ്ട് അദ്ദേഹത്തിന്. അവരൊക്കെ മരണം കാത്തിരിക്കുകയാണോ? ഒരു പാഷനുണ്ടെങ്കില്‍ അതാണ് നമ്മളെ എപ്പോഴും മുന്നോട്ട് കൊണ്ടുപോകുക, അത് കണ്ടെത്തുക. 

രാജിനി ചാണ്ടി, നടി

നമ്മുടെ വാര്‍ധക്യം മനോഹരമാകണമെങ്കില്‍ ആദ്യം തന്നെ പ്രായമാകുന്നകാലത്തേക്ക് വേണ്ടിയുള്ള ചെറിയൊരു സമ്പാദ്യം കണ്ടെത്തിവയ്ക്കണം. പ്രായമായാല്‍ മിക്കവര്‍ക്കും പല കാര്യങ്ങള്‍ക്കും മക്കളെ ആശ്രയിക്കേണ്ടി വരും. അങ്ങനെ ആശ്രയിക്കേണ്ടി വരുമ്പോള്‍ പലതും കണ്ടില്ലെന്നും ആഗ്രഹമില്ലെന്നും നടിക്കേ
ണ്ടി വരുന്നവരുണ്ട്. മാതാപിതാക്കളുടെ നല്ലകാലത്ത് അവരുടെ സമ്പാദ്യവും ആരോഗ്യവും എല്ലാം തങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ചെലവഴിച്ചതെന്ന് മക്കളും മറന്നുപോകുന്നു. നമ്മള്‍ സാമ്പത്തികസുരക്ഷിതത്വം നേടിയ ആളാണെങ്കില്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരില്ല. ഞാന്‍ എനിക്കുവേണ്ടി ജീവിക്കുന്നയാളാണ്, എന്നാല്‍ മറ്റുള്ളവരെ വേദനിപ്പിക്കാതെ സ്വന്തം സന്തോഷം കണ്ടുപിടിക്കുക. ചിലപ്പോ കുടുംബത്തില്‍ നിന്നു തന്നെ നമ്മളെ എതിര്‍ക്കുന്നവരുണ്ടാവാം, എന്നാല്‍ അത് ശ്രദ്ധിക്കാതെ ഇരിക്കുകയാണ് നല്ലത്. കാരണം എനിക്കിനി നാളെ ഉണ്ടോ എന്ന് അറിയില്ല, ഈ നിമിഷം ഉണ്ടെന്ന് മാത്രമേ അറിയൂ, അപ്പോള്‍ സന്തോഷമായി ജീവിക്കുക എന്നതാണ് എന്റെ പോളിസി. നമുക്കൊരു പ്രായമായാല്‍ വേദനകളും ക്ഷീണവുമൊക്കെ വരും, എന്നാല്‍ അത് തന്നെ ആലോചിച്ച് വയ്യേ എന്ന് പറഞ്ഞിരുന്നാല്‍ ഇതൊക്കെ കൂടി വരുകയേ ഉള്ളൂ. അതിന് പകരം ഇക്കാലഘട്ടം ഇങ്ങനെയാണ്, എല്ലാം എങ്ങനെ മറികടക്കാം എന്ന് കണ്ടുപിടിക്കുകയാണ് വേണ്ടത്. എന്റെ യൗവ്വനകാലത്ത് ചെയ്യേണ്ട കാര്യങ്ങളെല്ലാം നല്ല ഭംഗിയായി ചെയ്തു തീര്‍ത്തയാളാണ് ഞാന്‍ എന്നാണ് എന്റെ വിശ്വാസം. ഇനി എന്റെ സമയമാണ്, എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് സന്തോഷത്തോടെ ഇരിക്കാനുള്ള സമയം.   

വാര്‍ധക്യത്തിനായി ഒരുങ്ങുക

വാര്‍ധക്യത്തിനായി ഒരുങ്ങുക എന്ന പ്രയോഗം നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ല. വയസ്സായാല്‍ അടങ്ങി ഒതുങ്ങി കൊച്ചു മക്കളെയും നോക്കി വീട്ടിലിരിക്കുക എന്നതാണ് നമ്മുടെ തത്ത്വം. പെന്‍ഷനോ മറ്റ് വരുമാനമോ ഉള്ളവര്‍ക്ക് കുറച്ചുകൂടി സ്വാതന്ത്യം ഉണ്ടെങ്കില്‍ അതില്ലാത്തവര്‍ക്ക് മക്കളുടെയോ ബന്ധുക്കളുടെയോ ഔദാര്യത്തിലെന്ന പോലെ വേണം ജീവിതം. എന്നാല്‍ രണ്ടാം ഊഴമെന്നാണ് വിദേശരാജ്യങ്ങള്‍ പലതും വാര്‍ധക്യത്തെ വിശേഷിപ്പിക്കുന്നത്. യാത്ര ചെയ്യാനും, ഇഷ്ടമുള്ള കാര്യങ്ങള്‍ വീണ്ടും തുടങ്ങാനും, പ്രണയിക്കാനും എല്ലാം. ആ ജീവിതത്തിന് ഒരുങ്ങാന്‍ പല വഴികളുണ്ട്.

യൗവ്വനത്തിലേ തുടങ്ങാം

വാര്‍ധക്യത്തിനായുള്ള തയ്യാറെടുപ്പുകള്‍ ചെറുപ്പത്തില്‍ തന്നെ ആരംഭിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തിലൊരു രീതി പണ്ടുമുതലേ തന്നെയുണ്ട്. മൂന്ന് തരത്തിലുള്ള തയ്യാറെടുപ്പുകളാണ് ഇതിനായി വേണ്ടത്. ആരോഗ്യപരമായ തയ്യാറെടുപ്പുകള്‍, സാമൂഹികമായ തയ്യാറെടുപ്പുകള്‍, സാമ്പത്തികമായ തയ്യാറെടുപ്പുകള്‍ എന്നിങ്ങനെയാണ് അവ. 

ആരോഗ്യപരമായ തയ്യാറെടുപ്പുകള്‍

ഭക്ഷണവും വ്യായാമവും കൃത്യമായി പാലിക്കുകയാണ് ആദ്യം വേണ്ടത്. എല്ലാ യുവാക്കളും    ആഴ്ചയില്‍ 150 മിനിറ്റെങ്കിലും സാമാന്യ തീവ്രതയുള്ള വ്യായാമം (moderate exercise) ചെയ്യണം. 220 ല്‍ നിന്ന് നിങ്ങളുടെ പ്രായം കുറയ്ക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ് നിങ്ങളുടെ ഹൃദയം ഒരു മിനിട്ടില്‍ പരമാവധി മിടിക്കാവുന്ന സംഖ്യ. 40 വയസ്സുള്ള ഒരാളാണെങ്കില്‍ 120 ബീറ്റ്‌സ് ആണ് ഹാര്‍ട്ട് റേറ്റ്. മാക്‌സിമം ഹൃദയമിടിപ്പിന്റെ 60 ശതമാനമെങ്കിലും ഹൃദയമിടിക്കുന്ന രീതിയിലുള്ള വ്യായാമത്തെയാണ് സാമാന്യ തീവ്രതയുള്ള വ്യായാമം എന്ന് പറയുന്നത്. ഇത്തരത്തില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്താല്‍ മതി. നല്ല വേഗത്തില്‍ നടക്കുക, ജോഗിങ്, നീന്തല്‍, സൈക്ലിങ് എന്നിവയൊക്കെ ഇത്തരത്തിലുള്ള വ്യായാമ മുറകളാണ്. ആദ്യം പതിയെ തുടങ്ങി (Warm up phase) വേഗത്തില്‍ ചെയ്യുകയും അവസാന അഞ്ച് മിനിറ്റ് വേഗത കുറച്ച് കൊണ്ടുവരുകയും വേണം. അങ്ങനെ 40 മിനിറ്റ് വ്യായാമം ചെയ്യണം. ഇളം വെയില്‍ കൊണ്ട് വ്യായാമം ചെയ്യുന്നതാണ് നല്ലത്. ശരീരഭാരത്തെ കാലുകള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധം ക്രമീകരിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതാണ് ഏറെ ഉചിതം. നടത്തം, ഓട്ടം എന്നിവയാണ് അവയില്‍ മികച്ചവ. 

യൗവ്വനം തൊട്ടു തന്നെ ഭക്ഷണം ക്രമീകരിച്ചു കൊണ്ടുപോകുന്ന ശീലം ഭാവിയില്‍ ജീവിതശൈലീ രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഫുഡ് പ്ലേറ്റ് മെതേഡ് എന്ന ഭക്ഷണ ക്രമീകരണമാണ് ഇതില്‍ ഏറ്റവും മികച്ചത്. മൊത്തം കഴിക്കുന്ന ഭക്ഷണത്തിന്റെ നാലിലൊന്ന് മാത്രം അന്നജം, ബാക്കി നാലിലൊന്ന് പ്രോട്ടീനുകള്‍, ബാക്കി നാലിലൊന്ന് ഇലക്കറികള്‍, നാലിലൊന്ന് നാരടങ്ങിയ പഴ വര്‍ഗങ്ങള്‍ എന്ന രീതിയില്‍ ക്രമീകരിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണ രീതി. മലയാളിയുടെ ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കൂടുതലാണ്. ചോറിന്റെ അളവ് കുറയ്ക്കണം. രാത്രിയിലുള്ള ഭക്ഷണം എട്ട് മണിക്ക് മുന്‍പേ കഴിക്കണം. രാത്രിയിലെ ഭക്ഷണം കഴിഞ്ഞ ശേഷം രണ്ട് മണിക്കൂര്‍ എങ്കിലും കഴിഞ്ഞ ശേഷം വേണം ഉറങ്ങാന്‍. പ്രായമാകുമ്പോള്‍ വരുന്ന നെഞ്ചെരിച്ചില്‍ അഥവാ ഗ്യാസ്‌ട്രോ ഇസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് ഒഴിവാക്കാന്‍ നേരത്തെ ഭക്ഷണം കഴിക്കുന്ന ശീലം സഹായിക്കും. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് ഇത് അധികമാകുന്നത്. നേരത്തെ ഭക്ഷണം കഴിച്ചാല്‍ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. എട്ട് മണിക്ക് മുമ്പ് അത്താഴം കഴിക്കുക, വെള്ളം കുടിക്കുക, ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മാത്രം ഉറങ്ങാന്‍ കിടക്കുക. കിടക്കുമ്പോള്‍ തലയുടെ ഭാഗം ഉയര്‍ത്തി വച്ച് കിടക്കാം. 

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടയ്ക്കിടെയുള്ള ഉപവാസം ആരോഗ്യത്തിന് വളരെ നല്ലതാണ്. രാത്രിയില്‍ എട്ട് മണിക്ക് ഭക്ഷണം കഴിച്ചാല്‍ പിന്നീട് 12 മണിക്കൂര്‍ സ്‌നാക്‌സ് അടക്കം യാതൊരു ഭക്ഷണവും കഴിക്കാതിരിക്കുക. പിറ്റേന്ന് എട്ട് മണിക്ക് ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. ഇത് ശരീരത്തിലെ കോശങ്ങള്‍ക്ക് പുന:രുജ്ജീവനം നടത്താനുള്ള സമയം നല്‍കും. എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ട് ഇരുന്നാല്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നതിനാല്‍ കോശങ്ങള്‍ വേഗം ജീര്‍ണിക്കാനും നശിക്കാനും വാര്‍ധക്യം വേഗമെത്താനും വഴിവയ്ക്കും. കോശങ്ങള്‍ക്ക് വിശ്രമം നല്‍കാനാണ് ഈ ഉപവാസം. ഒരു മാസം 12 മണിക്കൂര്‍ ഉപവസിച്ചാല്‍ അടുത്തമാസം മുതല്‍ അത് 16 മണിക്കൂറാക്കാം. 

ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക മറ്റൊന്നാണ്. എന്തെങ്കിലും ഹോബികള്‍ ഉണ്ടെങ്കില്‍ അവയ്ക്കായി ദിവസവും ഒരു മണിക്കൂറെങ്കിലും സമയം ചെലവഴിക്കണം. ദിവസത്തിലെ ഒരു മണിക്കൂര്‍ സമയം മക്കള്‍ക്കും പങ്കാളിക്കുമായി ദിവസവും മാറ്റി വയ്ക്കണം. അവര്‍ പറയുന്നത് കേള്‍ക്കാനും എല്ലാവരുമായി ആത്മബന്ധം വളര്‍ത്താനും ഈ സമയം ഉപകരിക്കും. എല്ലാത്തിനും സമയം മാറ്റി വച്ച ശേഷം ഒരു മണിക്കൂര്‍ അവനവന് വേണ്ടി മാത്രം ചെലവഴിക്കുക. മീ ടൈം എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതത്തില്‍ ഏറെ ആവശ്യമാണ്. വിനോദത്തിന് വേണ്ടിയുള്ള മൊബൈല്‍ ഉപയോഗം ഒരുമണിക്കൂറില്‍ താഴെയാക്കാം. നല്ലയുറക്കം യൗവ്വനത്തിലേ ശീലിക്കാം. കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും വേണം. ഉച്ചക്ക് ശേഷം ചായ, കാപ്പി എന്നീ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക. വൈകുന്നേരം ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കുളിക്കുക. ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് മൊബൈല്‍ ഫോണടക്കം എല്ലാ ദൃശ്യമാധ്യമങ്ങളും ഒഴിവാക്കാം. ഇത്രയും കാര്യങ്ങള്‍ നിദ്രാശുചിത്വ വ്യായാമങ്ങളുടെ പട്ടികയിലാണ് വരുന്നത്. നല്ല ഉറക്കം ലഭിക്കാന്‍ ഇവയെല്ലാം ശീലമാക്കാം.

കടപ്പാട്- ഡോ.അരുണ്‍ ബി.നായര്‍, സൈക്ക്യാട്രിസ്റ്റ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

ഡോ. ജഷീറ മുഹമ്മദ്, കണ്‍സല്‍ട്ടന്റ്, ഇന്റേര്‍ണല്‍ മെഡിസിന്‍ ആസ്റ്റര്‍ മിംസ്, കോഴിക്കോട് 

(ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്)