ആരോഗ്യകാര്യത്തില്‍ ഏറെ സംരക്ഷണം നല്‍കേണ്ട സമയമാണ് മഞ്ഞുകാലം. തണുപ്പ് കൂടുന്നതുകൊണ്ടു തന്നെ അസുഖങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വരും. ചര്‍മസംബന്ധമായ പ്രശ്‌നങ്ങളും ഈ കാലത്ത് വര്‍ധിക്കാറുണ്ട്. ആഹാരകാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധിവരെ ഇത്തരം പ്രശ്‌നങ്ങളെ അവഗണിക്കാനാവും. അതേക്കുറിച്ച് പങ്കുവെക്കുകയാണ് സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റായ റുജുത ദിവേകര്‍.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് റുജുത ചില ഹെല്‍ത്തി ഫുഡുകളെക്കുറിച്ചും അവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും പങ്കുവെക്കുന്നത്. മഞ്ഞുകാലത്ത് ആരോഗ്യപ്രദമായിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം എന്നു പറഞ്ഞാണ് റുജുത പോസ്റ്റ് ചെയ്തിരിക്കുന്നത്.
പേള്‍ മില്ലറ്റ് അഥവാ കമ്പ് എന്ന ചെറുധാന്യത്തെക്കുറിച്ചാണ് ആദ്യം പറയുന്നത്. ധാരാളം മിനറലുകളും ഫൈബറും അടങ്ങിയിട്ടുള്ള ഈ ധാന്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് റുജുത കുറിക്കുന്നത്. സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുമെന്നതാണ് ഈ വിഭവത്തിന്റെ ഗുണം.
മറ്റൊന്ന് ശര്‍ക്കരയും നെയ്യുമാണ്. ഇവ സൈനസ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെയും ജലദോഷത്തെയും കുറയ്ക്കുമെന്നും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം കഴിക്കണമെന്നുമാണ് കുറിക്കുന്നത്.
മുതിരയും മഞ്ഞുകാല ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ വിഭവമാണെന്നാണ് റുജുത പറയുന്നത്. കിഡ്‌നിയിലെ കല്ലിനെ പ്രതിരോധിക്കാനും ചര്‍മത്തിലും ശിരോചര്‍മത്തിലും ജലാംശം നിലനിര്‍ത്താനും മികച്ചതാണ് മുതിര.
വെണ്ണയ്ക്കും എള്ളിനും സമാന ഗുണവശങ്ങളുണ്ടെന്ന് ഡയറ്റീഷ്യന്‍ കുറിക്കുന്നു. വെണ്ണ ദഹനപ്രക്രിയയെ സുഗമമാക്കാന്‍ സഹായിക്കുകയും എള്ള് കണ്ണിന്റെയും ചര്‍മത്തിന്റെയും എല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും റുജുത കുറിക്കുന്നു.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: food to stay healthy during winter
Published: 11 Dec 2022, 08:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented