
ഒരുപക്ഷേ, ലോകത്തുതന്നെ ആദ്യമായിരിക്കാം, നിപ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായ ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കുന്നത്. ചികിത്സയ്ക്കിടെ ആരോഗ്യനില തകിടംമറിച്ച അപസ്മാരം, ശ്വാസംതന്നെ നിലച്ചുപോയ നിമിഷം, വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ ഏഴുദിവസങ്ങള്‍... നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ ഒമ്പതുകാരനായ മകന്‍. ഇപ്പോഴവന്‍ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്.
ഈ തിരിച്ചുവരവ് ഓരോ നിമിഷവും ആശങ്കയോടെ, പ്രതീക്ഷയോടെ കാത്തിരുന്നവരില്‍ ഉമ്മയ്ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം കുറച്ചുപേര്‍ കൂടിയുണ്ട് -അവനെ ശുശ്രൂഷിച്ച ഡോക്ടര്‍മാരും നഴ്സുമാരും. പുറത്തറിഞ്ഞതിനുമപ്പുറം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ചികിത്സയെന്ന്‌കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി ഡോ. ഇ.കെ. സുരേഷ് കുമാറും പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ വിഭാഗം മേധാവി ഡോ. കെ. സതീഷ് കുമാറും പറയുന്നു.
കാര്യങ്ങള്‍ തകിടംമറിഞ്ഞ തിങ്കളാഴ്ച
പനി, ശ്വാസംമുട്ടല്‍, രക്തത്തില്‍ ഓക്‌സിജന്റെ അളവുകുറവ് എന്നീ ലക്ഷണങ്ങളോടെ സെപ്റ്റംബര്‍ ഒമ്പതിനാണ് കുട്ടിയെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുട്ടിയെ കൊണ്ടുവരുംമുമ്പുതന്നെ കുറ്റ്യാടിയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സിച്ച ഡോ. സജിത്ത്, ഡോ. സുരേഷിനെ വിളിച്ച് ഏതോ അപകടകരമായ വൈറസ് ആണോയെന്ന് സംശയിക്കുന്നതായി പറഞ്ഞു. അതുകൊണ്ടുതന്നെ കുട്ടിയെ ഐ.സി.യു.വില്‍ ഐസൊലേഷനിലാണ് പ്രവേശിപ്പിച്ചത്.
ഇത്രയും പ്രശ്‌നങ്ങളില്ലെങ്കിലും ഇതേ ലക്ഷണങ്ങളോടെ കുട്ടിയുടെ നാലുവയസ്സുള്ള സഹോദരിയെയും ഉമ്മയുടെ സഹോദരനെയും ഞായറാഴ്ച ഇവിടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതോടെ പ്രശ്‌നം ഗൗരവതരമാണെന്ന് മനസ്സിലായി. ആരോഗ്യവകുപ്പിനെ കാര്യങ്ങള്‍ അറിയിച്ചതോടെ സര്‍ക്കാര്‍സംവിധാനങ്ങള്‍ നിരീക്ഷണം ആരംഭിക്കുകയും ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തു.
മുഹമ്മദലി മരിക്കുന്നതിന് തൊട്ടുമുമ്പ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായി കുറ്റ്യാടിയിലെ ആരോഗ്യവകുപ്പിന്റെ ഡോക്ടറില്‍നിന്ന് അറിയാനായി. മുഹമ്മദലിയെ ചികിത്സിച്ച ഇഖ്റ ആശുപത്രിയിലെ ഡോ. ഫാരിസിനെ ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെ നിപയെന്ന സംശയം ബലപ്പെട്ടു. രാത്രി വൈകി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് നിപ തന്നെയെന്ന പരിശോധനാഫലവുമെത്തി.
മുന്‍ അനുഭവങ്ങളില്ല
എം.ആര്‍.ഐ. സ്‌കാനിങ്ങില്‍ കുട്ടിയുടെ തലച്ചോറില്‍ വൈറസ്ബാധ കാരണം പലയിടത്തായി പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. നിപ ബാധിച്ച ഒരുകുട്ടിയെ ചികിത്സിച്ചതിന്റെ മുന്‍അനുഭവങ്ങള്‍ എവിടെയുമില്ലാത്തത് വെല്ലുവിളിയായിരുന്നെന്ന് ഡോ. സതീഷ് പറഞ്ഞു. മോണോ ക്ലോണല്‍ ആന്റിബോഡി, ലക്ഷണംകണ്ട് അഞ്ചുദിവസത്തിനകം നല്‍കേണ്ടതായിരുന്നതിനാല്‍ അത് കൊടുക്കാതെ മറ്റു മരുന്നുകളാണ് നല്‍കിയത്. ക്രമേണ മാറ്റംകണ്ടുതുടങ്ങി. ശ്വാസമെടുത്തുതുടങ്ങിയതോടെ വെന്റിലേറ്ററില്‍നിന്ന് മാറ്റുകയും ഓക്‌സിജന്‍ നല്‍കുന്നത് തുടരുകയും ചെയ്തു. ബോധത്തിലേക്ക് വരാന്‍ പിന്നെയും സമയമെടുത്തു.
ഡോ. സുരേഷിനും ഡോ. സതീഷിനുമൊപ്പം പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. സ്മിലു മോഹന്‍ലാലും മറ്റ് വിദഗ്ധ ഡോക്ടര്‍മാരും ഓരോഘട്ടത്തിലും കൂടെനിന്നു. മോളിക്യുലാര്‍ ലാബ് വിഭാഗം തലവന്‍ ഡോ. വിപിന്‍ വിശ്വനാഥിന്റെയും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം നഴ്സിങ് ഹെഡ് അന്നമ്മ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ രാപകല്‍ ജീവനക്കാര്‍ പ്രവര്‍ത്തിച്ചു. പരിചരണവും കരുതലുമായി കുട്ടികളുടെ ഐ.സി.യു.വില്‍ 11 നഴ്സുമാരാണ് കാവലിരുന്നത്. ഒരുസമയത്ത് രണ്ടുപേര്‍വീതം നിപ പ്രോട്ടക്കോള്‍ പാലിച്ച് എട്ടുമണിക്കൂറോളമായിരുന്നു ഡ്യൂട്ടിയില്‍.
പതറാതെ ഉമ്മ
ഒരാഴ്ചമുമ്പുണ്ടായ ഭര്‍ത്താവിന്റെ മരണം. എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ മകന്‍ ഒന്നുംപറയാനാവാത്ത സ്ഥിതിയില്‍ വെന്റിലേറ്ററില്‍. ആരും തളര്‍ന്നുപോവുന്ന നിമിഷം. എന്നിട്ടും സങ്കടങ്ങള്‍ ഉള്ളിലൊതുക്കി, ഒട്ടും പതറാതെനിന്നു ഉമ്മ. ദിവസവും വീഡിയോകോളിലൂടെ രാവിലെയും വൈകീട്ടും ഉമ്മ മകനെ കണ്ടു. ആ ഉമ്മയുടെ സ്‌നേഹവാക്കുകള്‍ കുഞ്ഞിന്റെ മടങ്ങിവരവില്‍ നിര്‍ണായകമായെന്ന് ഡോ. സുരേഷ് പറയുന്നു.
Content Highlights: first person to come back alive after being admitted to ventilator due to nipah
Published: 30 Sept 2023, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented