
പ്രമേഹത്തിൻ്റെ വ്യാപനവും അതിൻ്റെ ആഘാതങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കാൻ പ്രതിവർഷം നവംബർ 14 ലോക പ്രമേഹദിനമായി ആചരിക്കുന്നു. 2025-ലെ ലോക പ്രമേഹദിന പ്രമേയം 'പ്രമേഹവും ക്ഷേമവും' എന്ന വിഷയത്തിൽ ഊന്നൽ നൽകുന്നു. ശാരീരിക ക്ഷേമം മാത്രമല്ല, മാനസികവും വൈകാരികവുമായ ക്ഷേമവും പ്രമേഹ നിയന്ത്രണത്തിൽ പ്രധാനമാണ്.
പ്രമേഹം എന്നത് ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തിൽ അല്ലെങ്കിൽ അതിൻ്റെ പ്രവർത്തനത്തിലോ വരുന്നതടസ്സം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണ്.
ലോകത്തിന്റെ പ്രമേഹ തലസ്ഥാനമെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ടൈപ്പ് 2 പ്രമേഹരോഗികൾ കൂടുതലാണ്. കൂടാതെ, ദശലക്ഷക്കണക്കിനാളുകൾ പ്രീഡയബറ്റിക് അവസ്ഥയിലൂടെയും കടന്നുപോകുന്നു.
വായയുടെആരോഗ്യം
ശരീരത്തിലെ അമിതമായ ഗ്ലൂക്കോസ് അളവ് കാരണം വായിലെ ഉമിനീർ ഉത്പാദനം കുറയുകയും വരൾച്ച അനുഭവപ്പെടുകയും ചെയ്യുന്നു. വായിലെ ബാക്ടീരിയ വളർച്ചയ്ക്കും ദുർഗന്ധത്തിനും പ്രധാന കാരണം ഇതാണ്.
പ്രമേഹവും മോണ രോഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മറ്റെല്ലാ അവയവങ്ങളെപ്പോലെ തന്നെ പ്രമേഹരോഗികൾ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ദന്തസംരക്ഷണം. പ്രമേഹം കാരണമുണ്ടാവുന്ന പ്രധാന ദന്താരോഗ്യ പ്രശ്‌നങ്ങളിൽ പ്രധാനങ്ങളാണ് മോണരോഗം, ദന്തക്ഷയം, അസ്ഥിയുടെ തേയ്മാനം, വായ്നാറ്റം, വായിലോ നാവിലോ പുകച്ചിൽ, ഫംഗസ് ബാധ, അടിക്കടി ഉണ്ടാകുന്ന പഴുപ്പ്, രുചിയിലുള്ള മാറ്റം എന്നിവ. മോണരോഗവും പ്രമേഹവും തമ്മിൽ ദ്വിദിശ ബന്ധമാണുള്ളത്. എന്തെന്നാൽ, മോണരോഗമുള്ളവരിൽ രക്തത്തിലെ പഞ്ചസാര അളവ് നിയന്ത്രിക്കുക ബുദ്ധിമുട്ടുള്ളതുപോലെ തന്നെ പ്രമേഹമുള്ളവരിൽ മോണരോഗം മൂന്നു മുതൽ നാലുമടങ്ങ് വരെ വർധിക്കുന്നു. പ്രമേഹത്തിൻ്റെ ദൂഷ്യഫലങ്ങളിൽ ആറാമതായി മോണരോഗത്തെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രമേഹരോഗികളിൽ മോണയിലെ പഴുപ്പും മോണയിൽ നിന്നുള്ള രക്തസ്രാവവും സാധാരണക്കാരെക്കാൾ കൂടുതൽ കണ്ടുവരുന്നു. വിവിധ ശസ്ത്രക്രിയകൾക്ക് ശേഷം മുറിവുണങ്ങാൻ കാലതാമസം നേരിടേണ്ടി വരുന്നതും പ്രമേഹരോഗികളിൽ കാണുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. ഓറൽ ത്വക്ക്‌രോഗങ്ങളായ ലൈക്കൻ പ്ലാനസ് മുതലായവയും പ്രമേഹരോഗികളിൽ കൂടുതലായി കാണപ്പെടുന്നു.
പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- രാവിലെയും വൈകുന്നേരവും സോഫ്റ്റ് ടൂത്ത്‌ബ്രഷ് ഉപയോഗിച്ച് സമയമെടുത്ത് പല്ല് വൃത്തിയാക്കുക.
- പല്ലിനിടയിൽ കയറിയ ഭക്ഷണാവശിഷ്ടങ്ങൾ ഡെന്റൽ ഫ്ലോസ് ഉപയോഗിച്ച് വൃത്തിയാക്കുക.
- പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന കാൽക്കുലസ് യഥാസമയം നീക്കം ചെയ്യുക.
- ആറുമാസം കൂടുമ്പോൾ ഡെന്റിസ്റ്റിനെ കണ്ടു ദന്താരോഗ്യം പരിശോധിക്കുക.
- പ്രമേഹത്തിന് ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളും ഇൻസുലിനും കൃത്യമായി എടുക്കുക.
വായയുടെ ആരോഗ്യ സംരക്ഷണത്തിന് ലളിതമായ ചുവടുകൾ:
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക.
മധുരം കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുക.
വായ ഉണങ്ങുന്നതായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ദ്രാവകങ്ങൾ കൂടുതലായി കുടിക്കുക.
(തിരുവനന്തപുരം ഡെന്റൽ കോളേജിലെ പബ്ലിക് ഹെൽത്ത് ഡെന്റിട്രി വിഭാഗം വകുപ്പ് മേധാവിയും ഹൗസ് സർജനുമാണ് ലേഖകർ)
Content Highlights: Understand the strong link between diabetes and gum disease. Learn essential oral care tips for diabetics to prevent complications and maintain overall health. Protect your smile!
Published: 14 Nov 2025, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented