
ലോകത്ത് കാൻസർ രോഗികളുടെ നിരക്കിൽ വൻവർധനവുള്ളതായി അടുത്തിടെ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. 2050 ആകുമ്പോഴേക്കും 35ദശലക്ഷം പുതിയ രോഗികളുണ്ടാകാം എന്നും ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരം പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നേരത്തേ ചികിത്സ ലഭ്യമാക്കുക എന്നതാണ് രോഗപ്രതിരോധത്തിൽ പ്രധാനം. സെലിബ്രിറ്റികൾ ഉൾപ്പെടെ അർബുദസ്ഥിരീകരണം സംബന്ധിച്ച് തുറന്നുപറച്ചിൽ നടത്തുന്നത് പലർക്കും ലക്ഷണങ്ങളെ തിരിച്ചറിയാൻ സഹായിക്കാറുണ്ട്. കഴിഞ്ഞദിവസമാണ് ബോളിവുഡ് നടി ഹിനാ ഖാൻ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സ ആരംഭിച്ചതിനേക്കുറിച്ചും തുറന്നുപറഞ്ഞത്. അർബുദസ്ഥിരീകരണത്തേക്കുറിച്ച് പങ്കുവെച്ച ചില താരങ്ങളെ പരിചയപ്പെടാം.
1. ഹിനാ ഖാൻ
കഴിഞ്ഞദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ ടെലിവിഷന്‍- ബിഗ്ബോസ്- സിനിമ താരം ഹിന ഖാൻ സ്തനാര്‍ബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് പങ്കുവെച്ചത്. രോഗത്തിന്റെ മൂന്നാംഘട്ടത്തിലാണെന്നും രോവസ്ഥയെ അതിജീവിച്ച് മടങ്ങിയെത്തുമെന്നും താങ്ങും തണലുമായി കുടുംബം തന്നോടൊപ്പമുണ്ടെന്നും അവര്‍ അറിയിച്ചു. ചികിത്സ ആരംഭിച്ചുകഴിഞ്ഞുവെന്നും ഈ രോഗത്തില്‍ നിന്ന് മുക്തി നേടുന്നതിനായി സാധ്യമായതെല്ലാം ചെയ്യാനും നേരിടാനും താന്‍ സജ്ജയാണെന്നും താരം പറഞ്ഞിരുന്നു.
2. മനീഷ കൊയ്രാള
2012-ലാണ് അണ്ഡാശയ അര്‍ബുദം എന്ന വില്ലന്‍ മനീഷയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അര്‍ബുദത്തെ ജയിച്ച മനീഷ ഈ രോഗത്തെ തന്റെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ 'സമ്മാനം' എന്നാണ് പറയാറുള്ളത്. തളര്‍ന്നു പോകുമായിരുന്ന ഘട്ടത്തില്‍നിന്ന്, പൊരുതി ജയിക്കാനുള്ള വാശിയോടെ അര്‍ബുദം തന്നെ പഠിപ്പിച്ച പാഠങ്ങൾ മനീഷ 'ഹീല്‍ഡ്: ഹൗ കാന്‍സര്‍ ഗെവ് മി എ ന്യൂ ലൈഫ്' എന്ന തന്റെ പുസ്തകത്തിലൂടെ പങ്കുവെച്ചിരുന്നു. മുംബൈയിലും നേപ്പാളിലും അമേരിക്കയിലുമായി ചികിത്സയില്‍ ഏര്‍പ്പെട്ട മനീഷ, പടിപടിയായി തന്റെ മനസ്സും ശരീരവും സുഖപ്പെടുത്തുകയായിരുന്നു.
3. സൊനാലി ബിന്ദ്രെ
2018-ലാണ് ബോളിവുഡ് താരം സൊനാലി ബിന്ദ്രെക്ക് അർബുദം സ്ഥിരികരിച്ചത്. തുടർന്ന് അമേരിക്കയിലാണ് അവർ ചികിത്സതേടിയത്. ന്യൂയോർക്കിൽ ചികിത്സയ്ക്കായെത്തിയപ്പോൾ കാൻസറിന്റെ നാലാം സ്റ്റേജ് ആണെന്നും രക്ഷപ്പെടാൻ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് ഡോക്ടർ പറഞ്ഞുവെന്നും സൊനാലി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
4. താഹിറ കശ്യപ്
സ്തനാർബുദത്തെ അതിജീവിച്ചതിനേക്കുറിച്ചും കാൻസർ അവബോധം പകരുന്ന വിവരങ്ങളും സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കാറുള്ളയാളാണ് സംവിധായികയും നടൻ ആയുഷ്മാൻ ഖുറാനയുടെ പത്നിയുമായ താഹിറ കശ്യപ്. 2018-ലാണ് താഹിറയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്.
5. യുവ്രാജ് സിങ്
2011 ലോകകപ്പിനു ശേഷമാണ് ക്രിക്കറ്റ് താരം യുവ്രാജിന് അപൂർവയിനം ശ്വാസകോശ അര്‍ബുദം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനായ താരം രോഗത്തെ കീഴ്പ്പെടുത്തിയിരുന്നു.
6. സഞ്ജയ് ദത്ത്
2020 ഓഗസ്റ്റിലാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിക്കുന്നത്. ശ്വാസകോശാർബുദത്തിന്റെ നാലാമത്തെ സ്റ്റേജിലായിരുന്നു സഞ്ജയ് ദത്ത്. ശ്വസിക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ ഡോക്ടറെ വിളിച്ചു. എക്സ് റേ എടുത്തപ്പോൾ ശ്വാസകോശത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടു. അത് പുറത്തെത്തിക്കണമായിരുന്നു. ട്യൂബർക്കുലോസിസ് ആണെന്നാണ് കരുതിയത്. പക്ഷേ അത് അർബുദമായി മാറുകയായിരുന്നു". എന്നാണ് രോഗം സ്ഥിരീകരിച്ചതിനേക്കുറിച്ച് സഞ്ജയ് ദത്ത് പറഞ്ഞത്.
7. കിരൺ ഖേർ
നടിയും രാഷ്ട്രീയ നേതാവുമായ കിരൺ ഖേറിന് രക്താർബുദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. മൾട്ടിപ്പിൾ മൈലോമ എന്ന രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്നു താരം.
8. കെവിൻ ജൊനാസ്
നടനും ഗായകനും ഗാനരചയിതാവുമായ കെവിൻ ജൊനാസ് കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. സ്കിൻ കാൻസർ ബാധിച്ചവിവരമാണ് ജോനാസ് ബ്രദേഴ്സിലൊരാൾ കൂടിയായ കെവിൻ പങ്കുവെച്ചത്. അർബുദം നീക്കംചെയ്യാൻ സർജറി ചെയ്തുവെന്നും കെവിൻ പറഞ്ഞിരുന്നു. ചർമത്തിലെ മറുകുകൾ പരിശോധിക്കണമെന്ന് ഓർമിപ്പിക്കുകയാണ് താനെന്നും അദ്ദേഹം പറയുന്നു. ബേസൽ സെൽ കാർസിനോമയാണ് തന്നെ ബാധിച്ചതെന്നും തലയിൽ നിന്ന് അത് നീക്കംചെയ്തുവെന്നും കെവിൻ പറയുകയുണ്ടായി.
9. മംമ്ത മോഹൻദാസ്
ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്ന് നടി മംമ്ത പറഞ്ഞിട്ടുണ്ട്. 24 വയസ്സായിരുന്നു കാൻസർ ബാധിക്കുന്ന സമയത്ത് പ്രായം. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിന് മുന്‍പ് ജീവന് നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുവെന്നും മംമ്ത പറഞ്ഞിട്ടുണ്ട്. ചികിത്സയ്ക്ക് വേണ്ടി സിനിമയില്‍ നിന്ന് കുറച്ച് കാലം മംമ്ത ഇടവേളയെടുത്തു. രോഗം വിട്ടുമാറി എന്ന് ആശ്വസിച്ചിരിക്കുന്ന അവസരത്തില്‍ രണ്ടാമതും ക്യാന്‍സര്‍ വന്നു. എന്നാല്‍ മനക്കരുത്ത് ഒന്നു കൊണ്ട് മാത്രമാണ് മംമ്ത രോഗത്തെ വീണ്ടും അതിജീവിച്ചത്.
10. കേറ്റ് മിഡിൽടൺ
ഈയടുത്താണ് വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ പത്നിയുമായ കേറ്റ് മിഡിൽടൺ അർബുദവാർത്ത പുറത്തുവിട്ടത്.
ജനുവരിയിലാണ് ശസ്ത്രക്രിയ നടന്നത്. അന്ന് നോൺകാൻസറസ് ആണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ തുടർപരിശോധനകളിലാണ് കാൻസർ കണ്ടെത്തിയതെന്നും ചികിത്സയ്ക്കുശേഷം ഇപ്പോൾ സുഖംപ്രാപിച്ചു വരികയാണെന്നും കരുത്തോടെ തുടരുന്നുവെന്നും കേറ്റ് പറഞ്ഞു. നിലവിൽ ചികിത്സയുടെ ആദ്യഘട്ടത്തിലാണെന്നും കേറ്റ് പറയുകയുണ്ടായി.
11. ചാൾസ് രാജാവ്
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാൾസ് രാജാവിനും കാൻസർ ബാധിച്ച വിവരം ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ടത്. പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് ചികിത്സ തേടിയിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥിരീകരിച്ചത്. ചികിത്സയുടെ ഭാഗമായി പൊതുപരിപാടികൾ നീട്ടിവെക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പേപ്പർ വർക്കുകൾ തുടരുമെന്നും പ്രസ്താവനയിലുണ്ടായിരുന്നു. എന്തുതരം കാൻസറാണ് ചാൾസ് രാജാവിനെ ബാധിച്ചതെന്ന കാര്യത്തിൽ കൊട്ടാരം കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല.
12. ഒലിവിയ മൺ
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഹോളിവുഡ് നടി ഒലിവിയ മൺ സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നീണ്ടകുറിപ്പിലൂടെയാണ് ചിത്രങ്ങൾ സഹിതം ഒലിവിയ സ്തനാർബുദയാത്ര പോസ്റ്റ് ചെയ്തത്. കാൻസർ നിർണയ ജീൻ പരിശോധനകളിൽപ്പോലും നെഗറ്റീവ് റിസൽട്ട് ലഭിച്ചെങ്കിലും ബ്രെസ്റ്റ് കാൻസർ റിസ്ക് അസസ്മെന്റ് സ്കോർ പരിശോധിച്ചതാണ് ജീവൻ രക്ഷിച്ചതെന്നും പറയുന്നുണ്ട്. എല്ലാവരും പ്രസ്തുത പരിശോധന ചെയ്യുന്നത് നല്ലതാണെന്നും നാൽപത്തിമൂന്നുകാരിയായ ഒലിവിയ നിർദേശിച്ചിരുന്നു. സ്ത്രീകളിൽ സ്തനാർബുദസാധ്യത എത്രത്തോളമുണ്ടെന്നു പരിശോധിക്കുന്ന സംവിധാനമാണിത്.
13. ഛവി മിത്തൽ
സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി ഛവി മിത്തൽ. അർബുദം സ്ഥിരീകരിച്ചതു മുതലുള്ള ഓരോ വിവരങ്ങളും ഛവി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലേറ്റ പരിക്കിനെ തുടര്‍ന്ന് ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള യാത്രകളാണ് തന്റെ ജീവിതം രക്ഷിച്ചതെന്നും ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.
14. ആഞ്ജലീന ജോളി
2013-ലാണ് ഇതിഹാസ താരം ആഞ്ജലീന ജോളി തന്റെ സ്തനങ്ങള്‍ നീക്കം ചെയ്യാന്‍ പോകുകയാണെന്ന കാര്യം ലോകത്തെ അറിയിച്ചത്. തന്റെ അമ്മയും മുത്തശ്ശിയും അമ്മായിയും മരണപ്പെട്ടത് സ്തനാര്‍ബുദം മൂലമാണെന്നിരിക്കെ മുന്‍കരുതലെന്ന നിലയ്ക്കാണ് താരം ഈ തീരുമാനം കൈകൊണ്ടത്. ഇവരില്‍ നിന്നും പാരമ്പര്യമായി അര്‍ബുദത്തിന് കാരണമാകുന്ന ജീന്‍ ആഞ്ജലിനയ്ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷം വീണ്ടും അര്‍ബുദ സാധ്യത കണ്ടെത്തിയതോടെ താരം തന്റെ അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും ഓപ്പറേഷന് നടത്തി നീക്കം ചെയ്തു. സ്തനാര്‍ബുദം സംബന്ധിച്ച് എല്ലാ സ്ത്രീകള്‍ക്കും അവബോധമുണ്ടാകാനാണ് താന്‍ ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഇത്തരം രോഗങ്ങള്‍ സംബന്ധിച്ച കുടുംബ ചരിത്രമുള്ളവര്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
15. ക്ലോയി കർദാഷിയാൻ
പ്രശസ്ത അമേരിക്കൻ മോഡലായ ക്ലോയി കർദാഷിയാനും അത്തരത്തിലൊരു ചർമത്തെ ബാധിക്കുന്ന മെലനോമ എന്ന കാൻസർ പിടികൂടിയതിനേക്കുറിച്ചും അതിൽ നിന്നു മുക്തയായതിനേക്കുറിച്ചും പങ്കുവെച്ചിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ക്ലോയി കർദാഷിയാന്റെ കവിളിൽ രൂപപ്പെട്ട അർബുദം നീക്കം ചെയ്തത്. മുഖത്തിന്റെ ഇടതുവശം സർജറിക്കുശേഷം കുഴിഞ്ഞുപോയതും തുടർന്ന് കോസ്മെറ്റിക് സർജറിയിലൂടെ അതുപരിഹരിച്ചതുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ കോൾ പങ്കുവെച്ചിട്ടുണ്ട്. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷമാണ് മുഖം പഴയപടി ആയതെന്നും ക്ലോയി പറയുന്നുണ്ട്.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
Content Highlights: celebs who were recently diagnosed with cancer
Published: 29 Jun 2024, 05:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented