രോഗാ: സർവേ അപി ജായന്തേ വേഗോദീരണ ധാരൈണ:

To advertise here,

 

ശരീരത്തിന്റെ സ്വാഭാവികമായ സൗഷ്ടവത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ് വേഗങ്ങൾ. ഇവയെ തടുക്കുന്നതും ബലമായി പ്രവർത്തിപ്പിക്കുന്നതും രോഗങ്ങൾക്ക് കാരണമാകാം.അധോവായു, മലവിസർജനം, മൂത്രവിസർജനം, വിശപ്പ്, ദാഹം, തുമ്മൽ, ഉറക്കം, ചുമ, കിതപ്പ്, കോട്ടുവാ, കരച്ചിൽ, ഛർദ്ദി, ശുക്ല സ്ഖലനം എന്നിവയാണ് അഷ്ടാംഗഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പറയപ്പെട്ടിട്ടുള്ള വേഗങ്ങൾ.

ഈ ഗ്രന്ഥം രചിക്കപ്പെടുമ്പോൾ ഉണ്ടായിരുന്ന ജീവിത സാഹചര്യങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വളരെയേറെ മാറിയിരിക്കുന്നു. മേൽ പറഞ്ഞവ കൂടാതെ മറ്റു ചില വേഗങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട് എന്നു തോന്നുന്നു.

കണ്ണുകളുടെ ആർദ്രത നിലനിർത്തുവാനായി കണ്ണുനീരിന്റെ ഒരു പാളി എപ്പോഴും കണ്ണിനെ പൊതിഞ്ഞു സൂക്ഷിക്കുന്നു. ഓരോ തവണയും കണ്ണടച്ചു തുറക്കുമ്പോൾ ഈ കണ്ണുനീർ പാളി നവീകരിക്കപ്പെടുന്നു. ഒരു മിനിറ്റിൽ നാം എട്ടു മുതൽ 21 തവണ കണ്ണടച്ചു തുറക്കുന്നുണ്ട്. ഇങ്ങനെ നാം അറിയാതെ തന്നെ ശരീരം കണ്ണുകളെ ആർദ്രമായി സൂക്ഷിക്കുന്നു. എന്നാൽ മൊബൈൽ /കംപ്യൂട്ടർ സ്ക്രീൻ എന്നിവ നോക്കുന്ന സമയത്ത് ഈ ഇമവെട്ടൽ വളരെയധികം കുറയുന്നു. നിരന്തരം ഇത് ശീലിക്കുന്നത് കണ്ണുകളുടെ ആർദ്രത നഷ്ടമാകുവാനും കണ്ണിന് വരൾച്ച അനുഭവപ്പെടാനും കാരണമാകുന്നു.

ഓരോ മാസവും ആർത്തവം ഉണ്ടാകുക എന്നത് ആരോഗ്യമുള്ള ഒരു സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രവർത്തനമാണ്. എന്നാൽ ഇന്ന് ഈ സ്വാഭാവിക പ്രവർത്തനത്തേയും നീട്ടിവെക്കുവാനുള്ള മാർഗങ്ങൾ സുലഭമാണ്. ഇപ്രകാരം ചെയ്യുന്നവരിൽ ആർത്തവത്തകരാറുകൾ ഉണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ശരീരത്തിലെ മാലിന്യങ്ങളെ പുറത്തു കളയാനുള്ള ഒരു വഴി കൂടിയാണ് വിയർപ്പ്. എന്നാൽ എയർ കണ്ടീഷണർ പോലുള്ള സാഹചര്യങ്ങളിൽ തുടർച്ചയായി ഇരിക്കുമ്പോൾ വിയർക്കുക എന്ന സ്വാഭാവിക പ്രവർത്തനം ഇല്ലാതാകുന്നു. ഒട്ടും വ്യായാമം ചെയ്യാതേയും ശാരീരികാധ്വാനം തീരെ ഇല്ലാതെ വരുമ്പോഴും ഇങ്ങനെ സംഭവിക്കാം. ഇതുവഴി വിയർപ്പിലൂടെ പുറത്തു പോകുമായിരുന്ന മാലിന്യങ്ങൾ ശരീരത്തിൽ കെട്ടി നിൽക്കാനും അതുവഴി രോഗങ്ങൾക്കും കാരണമാകുന്നു.

കണ്ണടച്ചു തുറക്കൽ, ആർത്തവം, വിയർപ്പ് തുടങ്ങിയ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളുടെ സൂചനകളെ അറിഞ്ഞോ അറിയാതെയോ പിടിച്ചു വെക്കുന്നത് രോഗങ്ങൾക്ക് കാരണമാകാം. ഏതുവിധേനയും ആരോഗ്യത്തോടിരിക്കാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരിക്കുക എന്നത് ശരീരത്തിന്റെ സ്വാഭാവികതയാണ്. അതിനാൽ ഈ പരിശ്രമത്തിന്റെ ഭാഗമായി ശരീരം നൽകുന്ന സൂചനകളെ യഥാസമയം മനസ്സിലാക്കുകയും അതിനനുകൂലമായി പ്രവർത്തിക്കുകയും ചെയ്താൽ ആരോഗ്യം ഏറെക്കുറെ നില നിർത്താനാകും.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശ്രീപാർവതി ആർ.
അസിസ്റ്റന്റ് പ്രൊഫസർ
പഞ്ചകർമ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം &വിദ്യാപീഠം
വാവന്നൂർ, പാലക്കാട്

Content Highlights:Ayursooktham Ayurveda human body and good health