കൊടുങ്ങല്ലൂർ: ഈ ചെറിയജീവിതത്തിന് ഇത്രമാത്രം മതി. ബാക്കിയുള്ളതെല്ലാം മറ്റുള്ളവരുടെ അവകാശമാണ്. ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്ക് പകുത്തുനൽകുകമാത്രമാണ് ഞങ്ങൾചെയ്യുന്നത് -ഷിനോദും ബിന്ദുവും പറയുന്നു.

ലോകമലേശ്വരം തിരുവള്ളൂർ ‘ഗീതാഞ്ജലി’യിൽ ഷിനോദും ഭാര്യ ബിന്ദുവും ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നും കുറച്ച് തുക മാത്രമെടുത്ത് ബാക്കി പാവപ്പെട്ടവർക്ക് പങ്കുവെച്ച് നൽകുകയാണ്. ഇരുപതാണ്ടിലേറെയായി തുടരുന്ന ശീലം. എൽ.ഐ.സി.യിൽ അസി. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്നു ഷിനോദ്. സ്വയംവിരമിച്ച അദ്ദേഹവും ഭാരതീയവിദ്യാഭവനിൽ അധ്യാപികയായ ബിന്ദുവും വരുമാനത്തിൽനിന്ന് എല്ലാമാസവും പെൻഷൻപോലെ നൽകാൻ 69,000 രൂപ ഉപയോഗിച്ചിരുന്നു.

തുടക്കത്തിൽ പണം സ്വീകരിച്ചവരുടെ സാമ്പത്തികനില മെച്ചപ്പെട്ടപ്പോൾ പെൻഷൻകാരുടെ എണ്ണം കുറഞ്ഞു. അതനുസരിച്ച് സഹായധനത്തിൽ ചെറിയ വർധന വരുത്തി.

2008-ൽ ശമ്പളക്കുടിശ്ശികയായി മൂന്നുലക്ഷത്തോളം രൂപ ലഭിച്ചപ്പോൾ അതുമുഴുവൻ ഇവ്വിധം നൽകുകയായിരുന്നു. വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കി ആശാവർക്കർമാരുടെ സഹായത്തോടെയാണ് അർഹരെ കണ്ടെത്തിയത്. മദ്യപിക്കുന്നവരുടെ കുടുംബത്തിന് നൽകില്ലെന്നത് ഇതിലൊന്നുമാത്രം. 300 മുതൽ 2000 വരെ രൂപ തരംതിരിച്ചാണ് ‘പെൻഷൻ’ വിതരണത്തിന് തുടക്കമിട്ടത്.

എല്ലാമാസവും ആദ്യ ശനിയാഴ്ച രാവിലെ 8.30 മുതൽ വിവിധ കേന്ദ്രങ്ങളിലെത്തിയാണ് വിതരണം. ഇവരുടെ വീട് അക്ഷയകേന്ദ്രത്തിനുതുല്യമായ സൗജന്യ സേവനകേന്ദ്രം കൂടിയാണ്. രാവിലെമുതൽ ധാരാളംപേർ സഹായം തേടിയെത്തും. മൂത്തമകൻ ഹരികൃഷ്ണ ബെംഗളൂരുവിൽ നെറ്റ്‌വർക്ക് കമ്പനിയിൽ എൻജിനിയറാണ്. ഇളയമകൻ മനുകൃഷ്ണ തിരുവനന്തപുരം എൻജിനിയറിങ് കോളേജ് വിദ്യാർഥിയും.

Content highlights: Couples donate their pension and salary to poor people