പാചകം ചെയ്യുമ്പോള്‍ നമ്മളില്‍ പലര്‍ക്കും പലവിധത്തിലുള്ള അബദ്ധങ്ങള്‍ സംഭവിക്കാറുണ്ടല്ലേ? ചിലപ്പോള്‍ ഉപ്പ് അധികമാകാം, അല്ലെങ്കില്‍ ഉപ്പ് ചേര്‍ക്കാന്‍ മറന്നു പോകാം. മുകളും എരിവും കൂടിപ്പോകാം, മസാലകള്‍ മാറിപ്പോകാം. പലരും ചെയ്യുന്ന മറ്റൊരു അബദ്ധം കറികളില്‍ അധിക അളവില്‍ എണ്ണ ചേര്‍ക്കുക എന്നതാണ്. ഇനി കറികളില്‍ എണ്ണ കൂടിപ്പോയാല്‍ വിഷമിക്കേണ്ട. ഇതിനുള്ള പരിഹാരം വാഗ്ദാനം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

To advertise here,

കണ്ടന്റ് ക്രിയേറ്ററായ ദീപ്തി കപുറാണ് കറികളില്‍ അധിക എണ്ണ എങ്ങനെ നീക്കം ചെയ്യാമെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. വളരെ ലളിതമാണ് ദീപ്തിയുടെ പൊടികൈ. എണ്ണ കുടിപ്പോയെന്ന് കണ്ടാല്‍ പാനിന്റെ മധ്യത്തിലായി പച്ചക്കറികള്‍ മാറ്റി ഒരു ചെറിയ പാത്രം കമഴ്ത്തിവെക്കുക. അതിന് ശേഷം ഒരു അടപ്പ് ഉപയോഗിച്ച് പാന്‍ മൂടി കറി പാചകം ചെയ്യുക. കുറച്ച് സമയത്തിന് ശേഷം
നിങ്ങള്‍ മൂടി നീക്കംചെയ്ത് ചെറിയ പാത്രം മാറ്റി നോക്കിയാല്‍ പാനിന്റെ മധ്യഭാഗത്ത് അധിക എണ്ണ മുഴുവന്‍ അടിഞ്ഞുകൂടിയതായി കാണാം.

ഇതോടെ വശങ്ങളില്‍നിന്ന് കറി കോരി മാറ്റി ഉപയോഗിക്കാം എന്നാണ് ദീപ്തി പറയുന്നത്. അധിക എണ്ണ കറിയില്‍ കലരുമെന്ന് പേടിക്കുകയും വേണ്ട. ദീപ്തിയുടെ ഈ വീഡിയോ 12 ലക്ഷത്തിലധികം ആളുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ കണ്ടത്. ഒരുപാട് പേരാണ് അവരെ അഭിനന്ദിച്ചുകൊണ്ട് എത്തിയത്. ഗുണകരമായ പൊടിക്കൈയാണ് ഇതെന്നാണ് പലരും കമന്റ് ചെയ്തത്. അടുത്ത തവണ കറികളില്‍ എണ്ണ കൂടിപ്പോയാല്‍ ഇത് പരീക്ഷിക്കാമെന്നും പലരും അഭിപ്രായപ്പെട്ടു.