തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരത് എക്‌സ്പ്രസില്‍ വിളമ്പിയ സാമ്പാറില്‍ പുഴുക്കളെന്ന് പരാതി. ട്രെയിനില്‍ പ്രഭാതഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവത്തില്‍ വീഡിയോ സഹിതം യാത്രക്കാര്‍ പരാതി ഉന്നയിച്ചതോടെ ദക്ഷിണ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു. 

To advertise here,

കഴിഞ്ഞദിവസം രാവിലെ തിരുനെല്‍വേലിയില്‍നിന്ന് യാത്രതിരിച്ച ട്രെയിനില്‍ വിളമ്പിയ ഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇഡ്ഡലി, സാമ്പാര്‍, ചട്‌നി, വട എന്നിവയും ഒരു മധുരപലഹാരവുമാണ് രാവിലെ പ്രഭാതഭക്ഷണമായി വിതരണംചെയ്തിരുന്നത്. ഇതില്‍ സാമ്പാറിലാണ് പുഴുക്കളെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരിലൊരാള്‍ ട്രെയിനിലുണ്ടായിരുന്ന കാറ്ററിങ് ജീവനക്കാരെ വിവരമറിയിച്ചു. എന്നാല്‍, ഇവര്‍ക്ക് തമിഴില്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലായില്ല. ഇതോടെ കാറ്ററിങ് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. സാമ്പാറിലുണ്ടായിരുന്നത് ജീരകമാണെന്നായിരുന്നു ഇവരുടെ വാദം. പുഴുക്കളെ ചൂണ്ടിക്കാണിച്ച് നല്‍കിയിട്ടും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. സംഭവം ഒതുക്കിതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍, പണം നല്‍കിയിട്ടും ഇത്തരം വൃത്തിയില്ലാത്ത ഭക്ഷണം വിളമ്പുന്നത് തെറ്റാണെന്നും വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും പരാതി ഉന്നയിച്ച യാത്രക്കാരന്‍ നിലപാടെടുത്തു. തുടര്‍ന്ന് ഇദ്ദേഹവും മറ്റുയാത്രക്കാരും ട്രെയിനില്‍നിന്ന് വീഡിയോ ചിത്രീകരിക്കുകയും ഇത് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

യാത്രക്കാരുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദക്ഷിണ റെയില്‍വേ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. കാറ്ററിങ് സര്‍വീസുകാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ പിഴ ചുമത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൃത്തിഹീനമായ ഭക്ഷണം വിളമ്പിയതിന് കാറ്ററിങ് ലൈസന്‍സിയില്‍നിന്ന് അമ്പതിനായിരം രൂപ മുതല്‍ ഒരുലക്ഷം രൂപ വരെ പിഴ ഈടാക്കിയേക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്നവിവരം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.