74-ാമത്തെ വയസ്സിലും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ താന്‍ ചെയ്യുന്ന ഉപവാസ ദിനചര്യ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാലരമാസംവരെ നീണ്ടുനില്‍ക്കുന്ന ഉപവാസവും നവരാത്രി വ്രതവും ഉള്‍പ്പെടെ ഓരോ വര്‍ഷവും താന്‍ വിവിധ ഉപവാസങ്ങള്‍ പിന്തുടരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പോഡ്കാസ്റ്ററും എഐ ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. 

To advertise here,

താന്‍ അമ്പത് വര്‍ഷത്തിലേറെയായി ചിട്ടയായ ഉപവാസചര്യ പിന്തുടരുന്നുണ്ടെന്നും അതിന് വലിയ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീപാവലിക്കു ശേഷം ജൂണ്‍ പകുതി മുതല്‍ നാല് മാസംവരെ നീളുന്നതാണ് ചാതുര്‍മാസ്. ഈ പുരാതന ഇന്ത്യന്‍ പാരമ്പര്യം ഞാന്‍ പിന്തുടരുന്നുണ്ട്. ആ സമയത്ത് ഒരു ദിവസം ഒരു നേരം മാത്രമേ ആഹാരം കഴിക്കുകയുള്ളു, മഴക്കാലത്ത് ദഹനം മന്ദഗതിയിലാകുമെന്നും അപ്പോള്‍ ഈ ശീലം പ്രയോജനകരമാണെന്നും വിശദീകരിച്ചുകൊണ്ട് മോദി പറഞ്ഞു. 

ഒന്‍പത് ദിവസം ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുകയും ചൂടുവെള്ളം മാത്രം കുടിക്കുകയും ചെയ്യുന്ന തന്റെ നവരാത്രി വ്രതത്തെക്കുറിച്ചും മോദി സംസാരിച്ചു. ചൂടുവെള്ളം കുടിക്കുന്നത് എപ്പോഴും എന്റെ ദിനചര്യയുടെ ഭാഗമാണ്. ക്രമേണ എന്റെ ജീവിതശൈലി ആ ശീലവുമായി പൊരുത്തപ്പെട്ടു, അദ്ദേഹം വ്യക്തമാക്കി. 

മാര്‍ച്ചിലോ ഏപ്രിലോ വരുന്ന ചൈത്ര നവരാത്രി വ്രതം അനുഷ്ഠിക്കാറുണ്ട്. അതില്‍ ഒന്‍പത് ദിവസത്തേക്ക് ഒരേതരം പഴം മാത്രമാണ് കഴിക്കുക. പപ്പായയാണ് അതിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ പിന്നെ ഒന്‍പത് ദിവസവും ആ പഴം മാത്രമാണ് ഭക്ഷണം. അതല്ലാതെ മറ്റൊന്നും തൊടുകപോലുമില്ല, മോദി വിശദമാക്കി. 

അഞ്ച് പതിറ്റാണ്ടിലേറെയായി തന്റെ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു പാരമ്പര്യമാണ് ഉപവാസമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപവസിക്കുമ്പോള്‍ മണം, സ്പര്‍ശനം, രുചി തുടങ്ങിയവ സംബന്ധിച്ച ഇന്ദ്രിയങ്ങള്‍ വളരെ സെന്‍സിറ്റീവ് ആകും. എനിക്ക് ഉപവാസം ഒരുതരം ആത്മനിയന്ത്രണമാണ്. അതൊരു സമര്‍പ്പണ പ്രവൃത്തിയാണ്. അതെന്നെ കൂടുതല്‍ ശക്തനാക്കുന്നു, ഉപവാസത്തിന്റെ ഗുണങ്ങളെ കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക മാത്രമല്ല ശരീരത്തെ സന്തുലിതമാക്കുക, ഇച്ഛാശക്തി ശക്തിപ്പെടുത്തുക, ആന്തരിക ഐക്യം കൈവരിക്കുക തുടങ്ങിയവയൊക്കെയാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉപവാസം ശരീരത്തെ ദുര്‍ബലപ്പെടുത്തുമെന്ന പൊതുവിശ്വാസത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. മനസ്സിനെയും ആത്മാവിനെയും റീചാര്‍ജ് ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായിട്ടാണ് താനിനതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.