ദസറക്കെത്തിയ സഞ്ചാരികൾ കാഴ്ചകൾ കണ്ടുതീർന്നാൽ ഉടൻ അന്വേഷിക്കുക മൈസൂർ പാക്കിനെ പറ്റിയായിരുക്കും. മൈസൂർ പാക്ക് കിട്ടുന്ന നഗരത്തിലെ കട അന്വേഷിക്കലായിരിക്കും അടുത്തത്. കട കണ്ടെത്തിയാൽ വീട്ടിലേക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി മൈസൂർ പാക്ക് വാങ്ങി കൈയിൽ കരുതും. മൈസൂരുവിലെത്തുന്നവരുടെ ഈ ശീലത്തിന് വർഷങ്ങളെത്ര കഴിഞ്ഞാലും മാറ്റമുണ്ടാകില്ല.
മൈസൂരുവിന്റെ രുചിപ്പെരുമ ചോരാതെ മധുരപലഹാരങ്ങളിൽ കാലമെത്ര പിന്നിട്ടാലും മൈസൂർ പാക്കിന്റെ സ്ഥാനം മായാതെ നിൽക്കും. 20-നടുത്ത് തരത്തിലുള്ള മൈസൂർ പാക്ക് ഇന്ന് ബേക്കറികളിൽ ലഭ്യമാണ്. ഓർഡിനറി മൈസൂർ പാക്ക്, സ്പെഷ്യൽ മിൽക് പാക്ക്, ബൂസ്റ്റ് പാക്ക്, മിൽക് പാക്ക്, ഗീ മൈസൂർ പാക്ക് എന്നിങ്ങനെ നീളും അതിന്റെ പട്ടിക. കിലോയ്ക്ക് 400 മുതൽ 1200 രൂപ വരെയുള്ള പാക്ക് വിഭവങ്ങളാണ് ഇന്ന് മൈസൂരുവിലെ ബേക്കറികളിൽ. ആർകെജിയും കടലമാവും ഉപയോഗിച്ചുള്ള മൃദുവായ മൈസൂർ പാക്കിനാണ് ഇന്ന് ആവശ്യക്കാരേറെയെന്ന് മലയാളി വ്യാപാരിയും റോയൽ ബേക്കറി ഉടമയുമായ സുഫൈർ പറയുന്നു. വർഷത്തിൽ ദസറ കാലത്താണ് എറ്റവും കൂടുതൽ മൈസൂർ പാക്ക് വിറ്റഴിയുന്നത്. ദീപാവലി സീസണിൽ മാർവാടികളും വൻതോതിൽ വാങ്ങുമെന്നും സുഫൈർ പറഞ്ഞു.
മാദപ്പ വിളമ്പിയ മധുരം
മൈസൂരുവിന്റെ പലഹാരം എന്നർഥം വരുന്ന മൈസൂർ പാക്ക് ഉത്ഭവിച്ചത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൈസൂരു കൊട്ടാര അടുക്കളയിൽ നിന്നാണ്. അന്നത്തെ മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമന്റെ ഭരണകാലത്താണ് മൈസൂർ പാക്ക് ആദ്യമായി തയ്യാറാക്കിയത്. കൊട്ടാരം പാചകക്കാരനായ കാകാസുര മാദപ്പയോട് തന്റെ വിരുന്നുകാർക്ക് നൽകാൻ മധുരപലഹാരം തയ്യറാക്കാൻ രാജാവ് ആവശ്യപ്പെടുന്നു. ഉടൻ അടുക്കളയിലുണ്ടായിരുന്ന പശുവിൻ നെയ്യ്, കടലപ്പൊടി പഞ്ചസാര എന്നിവ ചേർത്ത് മിശ്രിതമുണ്ടാക്കി മാദപ്പ കേക്ക് പോലുള്ള ഒരു മധുരപലഹാരം തയ്യാറാക്കുന്നു. രാജാവിനും വിരുന്നുകാർക്കും പലഹാരം നന്നേ ഇഷ്ടമായി. ആസ്വദിച്ച് കഴിച്ച രാജാവ് മാദപ്പയോട് ഇതിന്റെ പേര് ചോദിക്കുന്നു. പെട്ടെന്ന് മാദപ്പക്ക് വായിൽ വന്ന പേരാണ് മൈസൂർ പാക്ക്.
പലഹാരത്തെ പോലെ ഇതിന്റെ പേരും രാജാവിന് ഇഷ്ടമായി. അങ്ങനെ ചരിത്രത്തിൽ ആദ്യമായി മൈസൂർ പാക്ക് പിറക്കുകയായിരുന്നു. കാലംപിന്നിടുമ്പോൾ ഇതിന്റെ പല വകഭേദങ്ങൾ പിറന്നെങ്കിലും അന്നും ഇന്നും മൈസൂർ എന്നാൽ ആദ്യം മനസ്സിൽ വരുന്ന പലഹാരം മൈസൂർ പാക്ക് ആണ്.
Published: 27 Sept 2025, 10:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented