
കോഴിക്കോട്: പച്ചച്ചീര, കുപ്പച്ചീര, ബ്രഹ്‌മിച്ചീര, ഉലുവച്ചീര, കൊഴുപ്പ, ചേമ്പ്, ചക്കക്കുരു, കടല, ചെറുപയർ മുളപ്പിച്ചത് തുടങ്ങി ഇലയും കിഴങ്ങും ധാന്യങ്ങളുമെല്ലാമായി 52 ഇനം ചേരുവകൾ. അതെല്ലാം ചേർത്ത് മിക്‌സഡ് വെജ് തോരൻ. അതുപോലെ ചക്കയും മധുരക്കിഴങ്ങും ചേനയുമെല്ലാമായി 51 ചേരുവകളടങ്ങിയ പോഷകപ്പുഴുക്ക്... രുചിയും പോഷകവും ഒരുപോലെ നിറഞ്ഞ് സ്കൂൾ പാചകത്തൊഴിലാളികളുടെ സംസ്ഥാനതല പാചകമത്സരം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് മത്സരം നടത്തിയത്.
മാവേലിക്കര കുന്നം ജി.എച്ച്.എസ്.എസിലെ ടി.സി. ജയശ്രീ ഒന്നാംസ്ഥാനം നേടി പാചകറാണിയായി. എം. സിന്ധു (കോഴിക്കോട് പന്തീരാങ്കാവ് എച്ച്.എസ്.എസ്.), സെലിൻ വർഗീസ് (ഇടുക്കി എൻ.എം.എൽ.പി.എസ്.), പി.പി. ആസിയ (ഫറോക്ക് പുറ്റിയക്കാട് എ.എം.എൽ.പി.എസ്.), ലക്ഷ്മി എം. നായർ (തിരുവനന്തപുരം കൂത്താളി ഇ.വി.യു.പി.എസ്.) എന്നിവർ രണ്ടുമുതൽ അഞ്ചുവരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി.
5000 രൂപയാണ് ഒന്നാംസമ്മാനം. തുടർന്നുള്ള സ്ഥാനങ്ങൾക്ക് 4000, 3000, 25,00, 2000 രൂപയും പങ്കെടുത്തവർക്ക് 1,500 രൂപയുമാണ് സമ്മാനം.
രുചിയിടം സീസൺ-രണ്ട് മത്സരത്തിൽ തയ്യാറാക്കിയ വിഭവങ്ങളിൽ ഭൂരിഭാഗവും ചുറ്റുവട്ടത്തെ പറമ്പുകളിൽനിന്ന് ശേഖരിച്ച ചേരുവകളായിരുന്നു. കൂടുതൽപ്പേരും ഉണ്ടാക്കിയത് തോരനും പുഴുക്കും. ചിലർ കൂട്ടുകറിയുണ്ടാക്കി. സമ്പുഷ്ടീകരിച്ച അരിയും ഈന്തപ്പഴവും പനീറുമെല്ലാം ചേർത്തുള്ള റെയിൻബോ ഫ്രൈഡ്റൈസും കൂട്ടത്തിലുണ്ടായി. ഏറ്റവുംകൂടുതൽ ഉപയോഗിച്ചത് പലതരം ഇലവർഗങ്ങൾത്തന്നെ. ജില്ലാതലത്തിൽനിന്ന് തിരഞ്ഞെടുത്ത രണ്ടുവീതം ടീമുകളാണ് മത്സരത്തിനുണ്ടായത്. ഓരോ ടീമിലും ഒരാൾമാത്രമാണുണ്ടായിരുന്നത്. കിടിലോൽക്കിടിലം, കിസ്മത്ത്, മൊഹബത്ത്, കാന്താരി, സാൾട്ട് ആൻഡ് പെപ്പർ തുടങ്ങി പല പേരുകളിലായിരുന്നു രുചിക്കൂട്ടൊരുക്കിയ ഓരോ മേശയും.
ബി.ഇ.എം. ജി.എച്ച്.എസ്.എസിൽ നടത്തിയ മത്സരം അഹമ്മദ് ദേവർകോവിൽ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കൗൺസിലർ ശ്രീജ സി. നായർ അധ്യക്ഷയായി. സമാപനച്ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ സമ്മാനംനൽകി. എ.ഡി.പി.ഐ. ആർ.എസ്. ഷിബു, ഡി.ഡി.ഇ. ടി. അസീസ്, ഡി.ഇ.ഒ. എൻ.പി. സജിനി, പ്രധാനാധ്യാപിക ജെസ്സി ജോസഫ്, ജില്ലാ നൂൺ ഫീഡിങ് സൂപ്പർവൈസർ ആർ. ബിന്ദു, കൗൺസിലർ സാറാ ജാഫർ, കെനി ജോൺസൻ, പി.കെ. ഫൈസൽ, പി. നൗഷാദ് അലി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Explore Kerala school cooking competition highlights.
Published: 08 Feb 2026, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented