സാമൂഹികമാധ്യമങ്ങളില്‍ ദിവസവും പലതരത്തിലുള്ള വീഡിയോകളാണ് വൈറലാകുന്നത്. ഇതില്‍ പുതിയ പാചകരീതികളും വ്യത്യസ്തമായ ഭക്ഷണങ്ങളും വിചിത്രമായ കോമ്പിനേഷനുകളുമെല്ലാം പരീക്ഷിച്ചു കാണാറുണ്ട്.

To advertise here,

ഒട്ടും ചേര്‍ച്ചയില്ലാത്ത രുചികള്‍ ഒന്നിച്ച് കഴിക്കുന്ന അത്തരം വീഡിയോകള്‍ക്ക് നല്ല വിമര്‍ശനങ്ങളും കിട്ടാറുണ്ട്. അത്തരമൊരു വിചിത്രമായ പാചക പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വ്യത്യസ്തമായൊരു വിഭവമാണ് വീഡിയോയിലുള്ളത്.  ഒരു വഴിയോര കച്ചവട സ്റ്റാളില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

കേട്ടാല്‍ കണ്ണു മിഴിച്ചുപോകുന്ന രണ്ടു വിഭവങ്ങളാണ് ഇവിടെ കൂട്ടിച്ചേര്‍ത്തുവെച്ചിരിക്കുന്നത്. ജിലേബിയും ആലു സബ്ജിയുമാണ് ഈ വിചിത്രമായ കോമ്പോയില്‍ പ്രഭാതഭക്ഷണമായി ലഭിക്കുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 'ഇത്തരത്തിലൊരു പ്രഭാതഭക്ഷണമോ സുഹൃത്തുക്കളേ' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ജിലേബി കഴിക്കാനായി നല്‍കുന്ന ഒരു പാത്രത്തിലേക്ക് എടുത്തുവെച്ചതിനു ശേഷം അതിനു മുകളിലേയ്ക്ക് ആലൂ സബ്ജിയും കുറച്ചു തൈരും ഒഴിക്കുന്നു. എന്നിട്ടാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്.

ഇത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല, മനുഷ്യകുലത്തോട് ചെയ്യുന്ന അതിക്രമം ആണെന്നും ഇതിനെതിരേ പ്രതികരിക്കണമെന്നും ഒരാള്‍ അഭിപ്രായപ്പെട്ടു. ഇതെല്ലാം വീട്ടിലുണ്ടായിട്ടും ഇങ്ങനെയൊന്നും പരീക്ഷിച്ചിട്ടില്ലെന്നും ഇഡ്‌ലിയും രസഗുളയും കഴിക്കുന്നവരേയും തനിക്ക് അറിയാമെന്നും തുടങ്ങിയ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

ജിലേബിയോടൊപ്പം സമൂസ കഴിച്ചിട്ടുണ്ടെന്നും തൈര് ഒഴിവാക്കിയിരുന്നെങ്കില്‍ കഴിക്കാമായിരുന്നുവെന്നും കമന്റിട്ടവരുണ്ട്.  ഈ വിചിത്രമായ വിഭവത്തിന്റെ വീഡിയോ 32000-ലധികം പേരാണ് ഇതിനകം കണ്ടത്.