ഗുണനിലവാരമില്ലാത്ത ഉപ്പ് ഉത്പാദിപ്പിച്ചവര്‍ക്കും വിതരണംചെയ്തവര്‍ക്കും വിറ്റവര്‍ക്കും വന്‍തുക പിഴചുമത്തിയത് ചര്‍ച്ചയാകുന്നു. ആലപ്പുഴ ഭക്ഷ്യസുരക്ഷാ വിഭാഗമെടുത്ത രണ്ടു കേസില്‍ ആര്‍.ഡി.ഒ. കോടതിയാണ് പിഴവിധിച്ചത്. തിങ്കളാഴ്ച മൂന്നു സ്ഥാപനങ്ങള്‍ക്കായാണ് 1.85 ലക്ഷം പിഴയിട്ടത്. ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ചുള്ള നിലവാരമില്ലാത്ത സ്പ്രിങ്കിള്‍ ബ്രാന്‍ഡ് ഉപ്പ് വിപണനംചെയ്തതിനാണു നടപടി. സമാനമായ വിധി ചൊവ്വാഴ്ച മറ്റൊരു ബ്രാന്‍ഡ് ഉപ്പിനുമേല്‍ വന്നിട്ടുണ്ട്. ലക്ഷത്തിനുമേലാണ് പിഴയെന്നറിയുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഭക്ഷ്യസുരക്ഷാനിലവാര നിയമമനുസരിച്ച് ഉപ്പില്‍ 15 മുതല്‍ 30 വരെ പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) പൊട്ടാസ്യം അയഡൈഡ് വേണം. ഇത്രയുമില്ലെങ്കില്‍ അതു കൊണ്ടുദ്ദേശിക്കുന്ന ഗുണം കിട്ടില്ല. ഈയളവില്‍ ഇല്ലാത്തതിനാലാണ് നടപടിയെടുത്തതെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ വൈ.ജെ. സുബിമോള്‍ 'മാതൃഭൂമി'യോടു പറഞ്ഞു.
തിങ്കളാഴ്ചത്തെ വിധിയില്‍ ഉപ്പുനിര്‍മാതാക്കളായ തൂത്തുക്കുടിയിലെ സഹായമാതാ സാള്‍ട്ടേണിന് 1.5 ലക്ഷവും വിതരണക്കാരായ ചേര്‍ത്തലയിലെ ലക്ഷ്മി സ്റ്റോഴ്സിന് 25,000 രൂപയും വിറ്റ അമ്പലപ്പുഴ ഫ്രന്‍ഡ്സ് ട്രേഡിങ് കമ്പനിക്ക് 10,000 രൂപയുമാണ് പിഴയിട്ടത്.
അയഡിനും ഉപ്പും
തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനത്തിനും ശരിയായരീതിയില്‍ വളര്‍ച്ചയുണ്ടാകാനും അയഡിന്‍ ആവശ്യമാണ്. ഭ്രൂണാവസ്ഥയിലും ശൈശവത്തിലും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും അത്യാവശ്യം. അയഡിന്റെ കുറവ് ഗോയിറ്റര്‍ എന്ന തൊണ്ടമുഴയ്ക്കു കാരണമാകും. കടല്‍മത്സ്യങ്ങള്‍ കഴിക്കുന്നവര്‍ക്ക് ആവശ്യത്തിന് അയഡിന്‍ കിട്ടാറുണ്ട്. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍ക്കും കുറഞ്ഞ ചെലവില്‍ അയഡിന്‍ കിട്ടാനുള്ള എളുപ്പവഴിയാണ് ഉപ്പില്‍ പൊട്ടാസ്യം അയഡൈഡ് ചേര്‍ക്കല്‍.
കല്ലുപ്പും പൊടിയുപ്പും
കടല്‍വെള്ളത്തില്‍നിന്നോ ഉപ്പുപാറകളില്‍നിന്നോ ആണ് ഉപ്പുണ്ടാക്കുന്നത്. അസംസ്‌കൃത ഉപ്പാണ് കല്ലുപ്പ്. ഇതില്‍ സോഡിയം ക്ലോറൈഡ് കൂടാതെ, മറ്റു ലവണങ്ങളും ഉണ്ടാകും. എന്നാല്‍ അയഡിന്‍ ഉണ്ടാകില്ല. കല്ലുപ്പിനെ വെള്ളത്തില്‍ ലയിപ്പിച്ച് ശുദ്ധീകരിച്ച് ലവണങ്ങളും അവശിഷ്ടങ്ങളും മാറ്റി, കട്ടപിടിക്കാതിരിക്കാനുള്ള വസ്തുക്കളും പൊട്ടാസ്യം അയഡൈഡും ചേര്‍ത്തതാണ് പൊടിയുപ്പ്. കൂടുതല്‍ സുരക്ഷിതവും പോഷകഗുണമുള്ളതും ഇതാണ്. സംസ്‌കരിച്ച കല്ലുപ്പും വിപണിയിലുണ്ട്.
Content Highlights: heavy fines were imposed on those who sold low quality salt
Published: 11 Dec 2024, 09:21 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented