
നോർത്ത് ഗോവയിലെ മാപുസയിലുള്ള ബോദ്ഗേശ്വർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് സമീപത്തെ ഭക്ഷണശാലകളിൽ ഗോബി മഞ്ചൂരിയൻ, തന്തൂരി ചിക്കൻ എന്നിവയുടെ വിൽപ്പന നിരോധിച്ചു. ഉത്സവകാലത്ത് ഈ വിഭവങ്ങൾ വൃത്തിഹീനമായി ഉണ്ടാക്കുന്നുവെന്ന് മുൻകാലങ്ങളിൽ പരാതി ലഭിച്ചിരുന്നുവെന്നും അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാലാണ് ഭക്ഷണശാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
വറുത്ത കോളിഫ്ലവർ കഷ്ണങ്ങൾ റെഡ് ചില്ലി മസാല സോസിൽ ചേർത്തുവയ്ക്കുന്ന ഗോബി മഞ്ചൂരിയൻ പ്രശസ്തമായ ഒരു ഇന്ത്യൻ-ചൈനീസ് വിഭവമാണ്. ക്ഷേത്രോത്സവ സമയങ്ങളിൽ നിരവധി സ്റ്റാളുകളിൽ ഈ വിഭവം വിളമ്പാറുണ്ട്. ഈ വർഷത്തെ ഉത്സവം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. എന്നാൽ ഇത്തവണ ഗോബി മഞ്ചൂരിയൻ വിൽക്കുന്നുണ്ടെങ്കിൽ സ്റ്റാളുകൾക്ക് അനുമതി ലഭിക്കില്ല. മാംസ വിഭവങ്ങളിൽ തന്തൂരി ചിക്കനും മറ്റ് ലൈവ് കുക്കിംഗ് (തത്സമയ പാചകം) സ്റ്റാളുകൾക്കും ഞങ്ങൾ അനുമതി നിഷേധിച്ചിട്ടുണ്ട്. ചിക്കൻ കഷ്ണങ്ങൾ കെട്ടിത്തൂക്കിയിട്ട് പ്രദർശിപ്പിക്കുന്ന ചില സ്റ്റാളുകളുണ്ട്. ഇത്തരം രീതികൾ അനുവദിക്കില്ലെന്ന് ശ്രീ ബോദ്ഗേശ്വർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വാമൻ പണ്ഡിറ്റ് പറഞ്ഞു.
എന്നാൽ, ഓംലറ്റ് പാവ്, ഗോവൻ ചിക്കൻ ഷാക്കുട്ടി എന്നിവ വിൽക്കുന്ന പ്രാദേശിക കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനിൽ ലൈസൻസുള്ള സ്റ്റാളുകൾക്കാണ് അധികൃതർ അനുമതി നൽകിയിരിക്കുന്നത്.
കച്ചവടക്കാർ കൃത്രിമ നിറങ്ങൾ, അജിനോമോട്ടോ (മോണോസോഡിയം ഗ്ലൂട്ടാമേറ്റ് അല്ലെങ്കിൽ MSG), ഗുണനിലവാരമില്ലാത്ത സോസുകൾ എന്നിവ ചേർക്കുന്നുണ്ടെന്നും, സമീപ വർഷങ്ങളിൽ വൃത്തിഹീനമായി ഭക്ഷണം പാകം ചെയ്യുന്നതിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വാമൻ പണ്ഡിറ്റ് പറഞ്ഞു.
2024-ൽ, ബോദ്ഗേശ്വർ ക്ഷേത്രോത്സവ സമയത്ത് സ്റ്റാളുകളിൽ ഗോബി മഞ്ചൂരിയൻ വിൽക്കുന്നത് നിരോധിച്ചുകൊണ്ട് മാപുസ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 2022-ൽ, വാസ്കോയിലെ ശ്രീ ദാമോദർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകളുടെ എണ്ണം നിയന്ത്രിക്കാൻ സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ സൗത്ത് ഗോവയിലെ മർഗോവ മുനിസിപ്പൽ കൗൺസിലിന് സർക്കുലർ നൽകിയിരുന്നു.
Content Highlights: The Bodgeshwar Temple Committee in Mapusa, Goa, has banned the sale of Gobi Manchurian and Tandoori Chicken during the annual festival due to severe hygiene complaints
Published: 03 Jan 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented