കൊല്ലം: തെങ്ങിന്റെ ഉയരംകണക്കെ കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണവില. 'ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങ വീണു' എന്ന അവസ്ഥയിലാണ് സാധാരണക്കാര്‍. കാര്‍ഷികവൃത്തിയെന്ന പതിവ് പണ്ടേ അവസാനിപ്പിച്ചവര്‍ക്ക് വെളിച്ചെണ്ണവിലവര്‍ധന കടുത്ത സാമ്പത്തികഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്.
ഒരുലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയില്‍ 529 രൂപ കൊടുക്കണം. വിലകുറച്ചു കിട്ടുമെന്നു കരുതി സപ്ലൈകോയിലേക്ക് ചെന്നാല്‍ അവിടെ സബ്സിഡി വെളിച്ചെണ്ണ പോയിട്ട് നോണ്‍ സബ്സിഡി പാക്കറ്റ് പോലുമില്ല. ഒരു മാസത്തേക്ക് നോക്കണ്ട എന്നാണ് ജീവനക്കാര്‍ പറയുന്നത്.
Also Read
നാട്ടിന്‍പുറങ്ങളിലെ മില്ലുകളില്‍ വെളിച്ചെണ്ണയ്ക്ക് 480 രൂപയാണ്. 10 കിലോഗ്രാം കൊപ്ര ആട്ടിയെടുത്താല്‍ ഏറ്റവും കൂടിയത് ആറുകിലോ വെളിച്ചെണ്ണയാണ് ലഭിക്കുന്നത്. നിലവിലെ വിലയും കൂലിച്ചെലവും ഉള്‍പ്പെടെ വരുമ്പോള്‍ വിലകൂട്ടാതെ നിവൃത്തിയില്ലെന്നാണ് മൊത്തവ്യാപാരികള്‍ പറയുന്നത്.
പഴമക്കഥ
വിലവര്‍ധനയുടെ ആശങ്കയ്ക്കിടയിലും വെളിച്ചെണ്ണയുടെ പഴമക്കഥ പറയുകയാണ് ചാത്തിനാംകുളം സ്വദേശി രാധാകൃഷ്ണപിള്ള-'തേങ്ങ കൊപ്രയാക്കി ചാക്കിലാക്കും. സൈക്കിളിന്റെ പുറകില്‍ വെച്ചുകെട്ടി മില്ലില്‍ കൊണ്ടുപോകും. ആട്ടിയെടുക്കുന്ന വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു പണ്ട്. തേങ്ങയുടച്ച് മുറ്റത്തു നിരത്തി പിന്നീട് കഴറ്റിയരിഞ്ഞ് പനമ്പായില്‍ നിരത്തി, കാക്ക കൊണ്ടുപോകാതിരിക്കാന്‍ അതിനുമേല്‍ വല വിരിച്ചും ഒരുവശത്ത് കണ്ണാടി ചാരിവെച്ചും നാലുമൂലയിലും കട്ടവെച്ച് സുരക്ഷിതമാക്കി ഉണക്കി കൊപ്രയാക്കുന്ന രീതി. അതൊരു ആവേശമായിരുന്നു. എന്തൊരു മണമായിരുന്നു അതിന്...'
കയറുകയാണ് വില
2024-ല്‍ കൊപ്രയുടെ വില കിലോഗ്രാമിന് 90-100 രൂപ മാത്രമായിരുന്നു. 2025-ല്‍ വില കിലോഗ്രാമിന് 280 മുതല്‍ 320 രൂപയായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് 2024-25 കാലയളവില്‍ വെളിച്ചെണ്ണവില ലിറ്ററിന് 210-ല്‍നിന്ന് 529 രൂപയായി വര്‍ധിച്ചത്. ഒരു കിലോഗ്രാം തേങ്ങയ്ക്ക് 35 രൂപയില്‍നിന്ന് 80-90 രൂപയിലേക്കെത്തി.
എണ്ണ നഹി... നഹി...
വെളിച്ചെണ്ണ വിലവര്‍ധന ഹോട്ടലുകളെ ദോഷകരമായി ബാധിച്ചു. ഹോട്ടലുകളില്‍ പാമോയിലും സണ്‍ഫ്‌ളവര്‍ എണ്ണയും കൂടുതലായി ഉപയോഗിച്ചുതുടങ്ങിയെന്ന് ഉടമകള്‍ പറയുന്നു. കേറ്ററിങ് രംഗത്തും സമാനസ്ഥിതിയാണ്.
Content Highlights: Coconut oil price hike impacting consumers and businesses
Published: 25 Jul 2025, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented