കണ്ണൂര്‍: ആഗോളതലത്തില്‍ വെളിച്ചെണ്ണ വിലയില്‍ ഈ വര്‍ഷം വലിയ കുറവുണ്ടാകില്ലെന്ന് നിഗമനം. ലോക ബാങ്കിന്റെ കമ്മോഡിറ്റി മാര്‍ക്കറ്റ് ഔട്ട്ലുക്കില്‍ ഈ വര്‍ഷം ടണ്ണിന് 250 ഡോളര്‍ കൂടുമെന്ന് പ്രവചിച്ചിരുന്നു. ഇതനുസരിച്ചുള്ള വര്‍ധന ഉണ്ടായി. ടണ്ണിന് 1800 ഡോളറാണ് ലോക ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2025-ലെ പ്രതീക്ഷിതവിലയായി കണക്കാക്കിയത്. 1519 ഡോളറായിരുന്നു 2024-ലെ വില; 281 ഡോളര്‍ വര്‍ധന. 1750 ഡോളറാണ് 2026 -ലെ പ്രതീക്ഷിത വില. ഈ വര്‍ഷത്തെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ 2.8 ശതമാനത്തിന്റെ കുറവ്. ഇതുപ്രകാരം അടുത്തവര്‍ഷം പകുതിയോടെ വിലയില്‍ നേരിയ കുറവുണ്ടായാലും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ വില ഉയര്‍ന്നുനില്‍ക്കും.
വില ഉയര്‍ന്നതോടെ കേരളത്തിലുള്‍പ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി പറഞ്ഞു. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വര്‍ധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി. അതേസമയം, 40 ശതമാനം കുറവാണ് ദക്ഷിണേന്ത്യയില്‍ കൊപ്ര ഉത്പാദനത്തിലുണ്ടായത്. ഇത് വെളിച്ചെണ്ണ നിര്‍മാതാക്കളെ ബാധിച്ചതായി കേരഫെഡ് മാനേജിങ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രന്‍ പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം കാരണം കേരളം, തമിഴ്നാട്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ഉത്പാദനം 20 ശതമാനംവരെ കുറഞ്ഞതായി ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളീച്ചയുടെ ആക്രമണം, കാറ്റുവീഴ്ച തുടങ്ങിയവ ആരോഗ്യവും ഉത്പാദനക്ഷമതയും കുറച്ചു. ഇതോടൊപ്പം സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണം, ജൈവ ഇന്ധനമേഖലകളിലെ ഉപയോഗം എന്നിവ വര്‍ധിച്ചതിനാല്‍ ആഗോളതലത്തില്‍ ആവശ്യകതയുയര്‍ന്നതും വിലക്കയറ്റത്തിന് കാരണമായി. തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് അമേരിക്കയിലും യൂറോപ്പിലും അടുത്ത കാലത്ത് സ്വീകാര്യതയേറിയിട്ടുണ്ട്.
ഓണക്കാലത്ത് സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കാന്‍ കേരഫെഡ്
ഓണക്കാലത്ത് വെളിച്ചെണ്ണ വില ഉയരുമെന്നതിനാല്‍ ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സബ്സിഡി നിരക്കില്‍ വെളിച്ചെണ്ണ വിതരണം ചെയ്യുമെന്ന് കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി, മാനേജിങ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ കെ. ശ്രീധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ശുപാര്‍ശ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും. ഓണവിപണിയില്‍ വെളിച്ചെണ്ണയുടെ ലഭ്യത കൂട്ടാന്‍ നടപടി എടുക്കും. വിപണിവിലയെക്കാള്‍ ഒരു രൂപ അധികം നല്‍കി കേരഫെഡ് പച്ചത്തേങ്ങ സംഭരണത്തിന് ചെറുപുഴയില്‍ തുടക്കമിട്ടിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇസാഫുമായി സഹകരിച്ച് സംഭരണകേന്ദ്രങ്ങള്‍ തുറക്കും. തൃശ്ശൂരില്‍ സഹകരണസ്ഥാപനങ്ങളുമായി ചേര്‍ന്നും പച്ചത്തേങ്ങ സംഭരിക്കും. പച്ചത്തേങ്ങ കൊപ്രയാക്കി ഗുണനിലവാരമുള്ള വെളിച്ചെണ്ണ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഓണക്കാലത്ത് വ്യാജവെളിച്ചെണ്ണ വിപണിയിലിറങ്ങിയേക്കാമെന്നും ഇവര്‍ മുന്നറിയിപ്പുനല്‍കി.
Content Highlights: Coconut oil price hike in Kerala
Published: 09 Jul 2025, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented