സിനിമയുടെ വെള്ളിവെളിച്ചത്തിന് പിന്നിൽ അധ്വാനിക്കുന്നവരുടെ കഥകൾ എപ്പോഴും കൗതുകകരമാണ്. അത്തരത്തിൽ, കഴിഞ്ഞ 30 വർഷമായി സിനിമാ സെറ്റുകളിൽ രുചികരമായ ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റന്റ് രാജേഷ് ക്ലബ് എഫ്എം ദ ക്രൂ ക്ലബ് എന്ന പരിപാടിയിൽ താൻ ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന ജോലിയേക്കുറിച്ചും വിവിധ അഭിനേതാക്കളുടെ ഭക്ഷണ രീതിയേക്കുറിച്ചും പങ്കുവെക്കുകയാണ്. 

To advertise here,

തുടക്കം 75 രൂപയിൽ; ഇന്ന് ഫെഫ്കയുടെ സാരഥി

ശ്യാമപ്രസാദ്-ശോഭന ടീമിന്റെ 'അഗ്നിസാക്ഷി' എന്ന ചിത്രത്തിലൂടെയാണ് രാജേഷ് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്നത്. അന്ന് 75 രൂപയായിരുന്നു ആദ്യ ശമ്പളം. നീണ്ട മുപ്പത് വർഷത്തെ കരിയറിനൊടുവിൽ അദ്ദേഹം ഇപ്പോൾ ഫെഫ്ക (FEFKA) പ്രൊഡക്ഷൻ അസിസ്റ്റന്റ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയാണ്. നിലവിൽ നിവിൻ പോളി ചിത്രത്തിലും അടുത്തതായി മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയിക്കുന്ന 'തുടക്കം' എന്ന സിനിമയിലുമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

മെസ്സിലെ വിഭവങ്ങളും ചെലവും

താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും ഒരേ മെസ്സിൽ നിന്നാണ് ഭക്ഷണം തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരാൾക്ക് നാല് നേരത്തെ ഭക്ഷണത്തിന് ഏകദേശം 350 രൂപയാണ് ഇപ്പോഴത്തെ കരാർ നിരക്കെന്നും പറയുന്നുണ്ട്.

സാധാരണയായി പ്രഭാതഭക്ഷണത്തിന് ഇഡലി, പൂരി, റവയോ റാഗിയോ കൊണ്ടുള്ള ഉപ്പുമാവ്, പുട്ട് എന്നിവയാണ് തയ്യാറാക്കാറുള്ളത്. ഉച്ചഭക്ഷണത്തിന് കുത്തിരി ചോറും പച്ചേരി ചോറും ഉണ്ടാകും. ഇതിനൊപ്പം മീൻ കറിയും മീൻ വറുത്തതും നിർബന്ധമാണ്. ഓരോ ദിവസവും മാറി മാറി ചിക്കൻ അല്ലെങ്കിൽ ബീഫ് വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഞായറാഴ്ചകൾ ക്രൂവിനെ സംബന്ധിച്ച് ഏറെ സ്പെഷ്യലാണ്, അന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ ബിരിയാണിയാണ് വിളമ്പാറുള്ളത്.

താരങ്ങളുടെ പ്രിയപ്പെട്ട രുചികൾ

സിനിമയിലെ ഓരോ താരങ്ങൾക്കും വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണുള്ളതെന്ന് രാജേഷ് പറയുന്നു. സെറ്റിൽ ഒട്ടുമിക്ക ആളുകളും ഡയറ്റ് പിന്തുടരുന്നവരാണെന്നും രാജേഷ് പറയുന്നു.

മോഹൻലാൽ ഡയറ്റിലാണെങ്കിൽ മൂന്ന് നേരവും പാൽക്കഞ്ഞി മാത്രമാണ് കഴിക്കാറുള്ളത്. പുറത്തുനിന്നുള്ള ഭക്ഷണത്തേക്കാൾ സെറ്റിലെ മെസ്സിലുള്ള ഭക്ഷണം കഴിക്കാനാണ് അദ്ദേഹത്തിന് ഏറെ പ്രിയം. മമ്മൂട്ടിയാകട്ടെ മിക്കവാറും ചോറ് പൂർണ്ണമായും ഒഴിവാക്കാറാണ് പതിവ്. ചെറിയ മീനുകളോട് പ്രത്യേക താല്പര്യമുള്ള മമ്മൂക്ക, ഓരോ സിനിമയുടെയും പാക്കപ്പ് ദിവസം സെറ്റിലുള്ള എല്ലാവർക്കും തന്റെ വകയായി മട്ടൺ ബിരിയാണി നൽകാറുമുണ്ട്. ആസിഫ് അലിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉപ്പുമാവും പഴം പുഴുങ്ങിയതുമാണെന്നും രാജേഷ് പറയുന്നു. നടി ഉർവശിയാകട്ടെ മീൻ വിഭവങ്ങളുടെ വലിയൊരു ആരാധികയാണെന്നും രാജേഷ് പങ്കുവെക്കുന്നു.

3:30-ന് തുടങ്ങുന്ന കഠിനാധ്വാനം

ഏകദേശം 100 പേരുള്ള ഒരു സിനിമാ ക്രൂവിനായി എട്ട് പേരടങ്ങുന്ന ടീമാണ് ഭക്ഷണം ഒരുക്കുന്നതെന്ന് രാജേഷ് പറയുന്നു. പുലർച്ചെ 3:30-ന് ഇവരുടെ ജോലി ആരംഭിക്കും. ‘രാത്രി ഉപയോഗിച്ച പാത്രങ്ങൾ കഴുകി വൃത്തിയാക്കി പുലർച്ചെ തന്നെ പുതിയ ഭക്ഷണം തയ്യാറാക്കുന്നു. ഷൂട്ടിങ് പുരോഗമിക്കുമ്പോൾ തടസ്സമില്ലാതെ ചായയും ലഘുഭക്ഷണവും ജ്യൂസും സെറ്റിൽ എത്തിക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. കാടുകളിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ ആണെങ്കിൽ പോലും ടെന്റുകൾ കെട്ടി വാനുകളിൽ സാധനങ്ങൾ എത്തിച്ച് കൃത്യസമയത്ത് ഭക്ഷണം തയ്യാറാക്കും’- രാജേഷ് പങ്കുവെച്ചു.

ചെറുപ്പത്തിൽ ഭക്ഷണത്തിന് കഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ട് മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പുന്നത് വലിയൊരു പുണ്യമായാണ് താൻ കാണുന്നതെന്ന് രാജേഷ് പറയുന്നുണ്ട്.