വെളളക്കടല ചോക്ലേറ്റിൻ്റെ കൂടെ കഴിച്ചാൽ എങ്ങനെയുണ്ടാകും? രണ്ട് വ്യത്യസ്ത രുചികൾ കൊണ്ടൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം സമീര റെഡ്ഡി. തൻ്റെ പാചക പരീക്ഷണങ്ങൾ ഇടക്കിടെ പങ്കുവെക്കുന്ന സമീര, വെള്ളക്കടലകൊണ്ടുള്ള ചോക്ലേറ്റ് ട്രഫിളിൻ്റെ ചേരുവകളും പാചക രീതിയുമുൾപ്പടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നുണ്ട്. 

To advertise here,

കുതിർത്ത് വേവിച്ച വെള്ളക്കടലയാണ് സമീര ഇവയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. തൊലി കളഞ്ഞ വെളളക്കടലയാണ് ഉപയോഗിച്ചിരിക്കുന്നത്. 200 ഗ്രാം വെള്ളക്കടല, രണ്ട്  ടേബിൾ സ്പൂൺ കൊക്കോ പൗഡർ, ആറ് ഈന്തപ്പഴം, ഒരു ടേബിൾ സ്പൂൺ പീനട്ട് ബട്ടർ (നിലക്കടല) എന്നിവയാണ് വെള്ളക്കടല കൊണ്ട് തയ്യാറാക്കാവുന്ന ചോക്ലേറ്റ് ട്രഫിളിൻ്റെ ചേരുവകൾ. 

ചേരുവകളെല്ലാം ബ്ലെൻഡറിൽ കുഴച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ഒഴിച്ച് ഉരുട്ടി എടുക്കാനാകുന്നപോലെ മാവ് പരുവത്തിലാക്കിയെടുക്കണം.  ഇവ ചെറിയ ബോൾ ആകൃതിയിലാക്കിയ ശേഷം ഉരുക്കി വെച്ചിരിക്കുന്ന ചോക്ലേറ്റിലേക്ക് മുക്കിയെടുക്കുക. 25 മിനിട്ട് ഫ്രീസറിൽ വെക്കാനും നിർദേശിക്കുന്നുണ്ട്.  

പോഷകങ്ങൾ നിറഞ്ഞതാണെന്ന വാഗ്ദാനം താൻ നൽകുന്നില്ലെന്നും സമീര റെഡി വീഡിയോടൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ഇതുപോലെ മധുരക്കിഴങ്ങ് കൊണ്ടുള്ള ചോക്ലേറ്റ് ഫഡ്ജ് പരീക്ഷിച്ച് നോക്കണമെന്നും പാൽപ്പൊടിയും ബദാം പൊടിച്ചതും ചേർത്ത് സമീര പങ്കുവെച്ച റെസിപ്പി പരീക്ഷിച്ചു നോക്കിയെന്നും കമൻ്റുകളുണ്ട്.

ചോക്ലേറ്റ് ട്രഫിൾ 

താരതമ്യേനെ കട്ടിയുള്ള ചോക്ലേറ്റിനുള്ളില്‍ മൃദുലമായ ചോക്ലേറ്റ് ഗണാഷ് കൊണ്ട് നിറഞ്ഞ ഫ്രഞ്ച് മധുരമാണ് ചോക്ലേറ്റ് ട്രഫിള്‍. പരമ്പരഗതമായി തയ്യാറാക്കുന്ന ട്രഫിള്‍ ചോക്ലേറ്റുകളുടെ പുറത്ത് നട്‌സുകളും തേങ്ങയുംകൊണ്ട് അലങ്കരിക്കാറുണ്ട്. ട്രഫിൾസ് എന്നുവിളിപ്പേരുളള പൂപ്പലിനോടുള്ള സാദൃശ്യത്തില്‍ നിന്നാണ് ട്രഫിൾ എന്ന പേര് ഈ മധുരത്തിന് ലഭിച്ചത്.