കോട്ടയം: കേരളത്തിലെത്തി 10 ദിവസംകൊണ്ട് വൈക്കം സത്യാഗ്രഹ ബുള്ളറ്റിനില്‍ ഇടംനേടിയ ചപ്പാത്തി എന്ന പലഹാരം മലയാളിയുടെ രുചിയില്‍ ഇടം പിടിച്ചിട്ട് 101 വര്‍ഷം.

To advertise here,

വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായെത്തിയ സിഖ് സംഘം മലയാളിയെ പരിചയപ്പെടുത്തിയ ചപ്പാത്തി അന്നേ സത്യാഗ്രഹരേഖകളിലും ഇടം നേടിയിരുന്നു.

1924 മേയ് ഒമ്പതിന് പുറത്തിറങ്ങിയ വൈക്കം സത്യാഗ്രഹ വാര്‍ത്താ ബുള്ളറ്റിനിലാണ് ചപ്പാത്തി ഭക്ഷണശാലയെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ചപ്പാത്തി തയ്യാറാക്കുന്ന രീതിയെക്കുറിച്ചും അതിനായി ചെലവഴിച്ച തുകയേക്കുറിച്ചും പരാമര്‍ശമുണ്ടായി. ഇതിനായി 4000 രൂപ ചെലവഴിച്ചതായാണ് കണക്ക്. ഗോതമ്പും അനുബന്ധ സാധനങ്ങളും പഞ്ചാബില്‍നിന്ന് എത്തിച്ചകാര്യങ്ങളും ബുള്ളറ്റിനിലുണ്ട്.

സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാരകളില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ക്കായി പ്രക്ഷോഭത്തിനിറങ്ങിയ അകാലി സംഘം വൈക്കത്ത് സത്യാഗ്രഹ സമരത്തിനെത്തിയത് മറ്റൊരുമാറ്റത്തിന് പിന്തുണയേകാനാണ്. അവരുടെ സ്വന്തം ചപ്പാത്തി വിളമ്പിക്കൊണ്ടായിരുന്നു ആ പിന്തുണ.

പഞ്ചാബ് പ്രബന്ധ ശിരോമണി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വൈക്കം സത്യാഗ്രഹ നഗരിയില്‍ സൗജന്യ ചപ്പാത്തി ഭക്ഷണശാല തുറന്നത് പഞ്ചാബില്‍നിന്നെത്തിയ 10 അംഗ സംഘമാണ്. 1924 ഏപ്രില്‍ 28-നു വൈക്കത്തെത്തി. 29-ന് പരീക്ഷണാടിസ്ഥാനത്തില്‍ ചപ്പാത്തി ചുട്ടു. 30-ന് മലയാളിക്ക് മുന്നില്‍ വിളമ്പി. 30,000-ത്തോളം പേര്‍ക്ക് സംഘം സൗജന്യമായി ചപ്പാത്തി ചുട്ടുവിളമ്പി. 

കാലങ്ങള്‍കൊണ്ട് ചോറ് കഴിഞ്ഞാല്‍ മലയാളിയുടെ ഇഷ്ടവിഭവമെന്ന മേല്‍വിലാസമാണ് ഇപ്പോള്‍ ചപ്പാത്തിക്കുള്ളത്.