പാചകത്തിൽ പരീക്ഷണങ്ങൾ നടത്താനിഷ്ടമുള്ളവരുടെ പ്രധാനവിഭാഗമാണ് ഫ്യൂഷൻ വിഭവങ്ങൾ. സോഷ്യൽമീഡിയയിലടക്കം പങ്കുവെക്കപ്പെടുന്ന ഫ്യൂഷൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരും അതിനെ എതിർക്കുന്നവരുമുണ്ട്. വേറിട്ടൊരു പാചക പരീക്ഷണമാണിപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

To advertise here,

ബട്ടർ ചിക്കൻ ഐസ്‌ക്രീം. ഇത് തയ്യാറാക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സോഷ്യൽമീഡിയാ കണ്ടന്റ് ക്രിയേറ്ററായ ജൂലിയറ്റ് മൊറെനോ എന്ന യുവതി.

'ബാക്കിയായ ബട്ടർ ചിക്കൻ ഉണ്ടെങ്കിൽ അതുപയോഗിച്ച് ഐസ്‌ക്രീം ഉണ്ടാക്കുന്നത് നല്ലതാണ്' എന്ന് പറഞ്ഞുകൊണ്ട് അവർ ബട്ടർ ചിക്കൻ ഐസ്‌ക്രീം തയ്യാറാക്കുന്നത് വീഡിയോയിൽ കാണാം. ഒരു പാത്രത്തിൽ ആവശ്യത്തിന് ബട്ടർ ചിക്കനും മറ്റ് ചേരുവകളും ചേർത്ത് ബ്ലെൻഡ് ചെയ്യുന്നു. 'ബട്ടർ ചിക്കൻ, ഹെവി ക്രീം, കണ്ടൻസ്ഡ് മിൽക്ക്, പഞ്ചസാര എന്നിവ കൂട്ടിച്ചേർക്കുക. ചിക്കൻ കഷണങ്ങൾ പൂർണമായും അരയുന്നതുവരെ എല്ലാം ബ്ലെൻഡ് ചെയ്യുക', അവർ വിശദീകരിച്ചു.

തുടർന്ന്, മിശ്രിതം രാത്രി മുഴുവൻ ഫ്രീസറിൽ വെച്ച ശേഷം, ഐസ്‌ക്രീം മേക്കർ ഉപയോഗിച്ച് അതിനെ രുചികരമായ ഐസ്‌ക്രീം ആക്കി മാറ്റുന്നു. ബട്ടർ ചിക്കൻ ഐസ്‌ക്രീമിന്റെ രണ്ട് സ്‌കൂപ്പുകൾ ആസ്വദിക്കുന്നതിനിടയിൽ, ഇത് തനിക്ക് പ്രിയപ്പെട്ട പുതിയ ഐസ്‌ക്രീം ആണെന്ന്' യുവതി പറഞ്ഞു.

എന്നാൽ ഈ പരീക്ഷണത്തിന് സമ്മിശ്ര അഭിപ്രായങ്ങളാണ് വീഡിയോ കണ്ടവരിൽനിന്ന് ലഭിച്ചത്. ഈ റെസിപ്പി പരീക്ഷിക്കാൻ തയ്യാറല്ലെന്നും ബട്ടർ ചിക്കന്റെ കൊലപാതകമാണിപ്പോൾ കണ്ടതെന്നും ചിലർ കമന്റുകളായി പറഞ്ഞപ്പോൾ ചിലർ ബട്ടർ ചിക്കൻ ഐസ്‌ക്രീം കൗതുകമുണർത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടു.