പ്രീമിയം മദ്യവിപണിയില്‍ നിക്ഷേപത്തിനൊരുങ്ങി ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. ഗ്ലെന്‍ജേണി എന്ന ആഡംബര സിങ്കിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡില്‍ നിക്ഷേപം നടത്തിയിരിക്കുകയാണ് നടന്‍. സംരംഭത്തില്‍ 1200 ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ മാത്രമാണുള്ളത്. ഓരോന്നിനും 50,000 രൂപ മുതല്‍ 60,000 രൂപവരെയാണ് വില.

To advertise here,

'മദ്യപിക്കാന്‍ തുടങ്ങിയത് മുതല്‍ ഞാനത് ആസ്വദിച്ചിരുന്നു. എന്നാല്‍ പിന്നീട് മദ്യപാനം കൂടി. ഒരു വെല്‍നസ് സ്പായില്‍ താമസിച്ചതിനുശേഷം ഒരു വര്‍ഷത്തോളം ഞാൻ മദ്യപിക്കാതിരുന്നു.ഇപ്പോള്‍ മദ്യപാന തോത് വളരെയധികം കുറച്ചിരിക്കുകയാണ്‌. മാള്‍ട്ടിന്റെ രുചി എനിക്കിഷ്ടമാണ്. വിസ്‌കിയുടെ രുചിയാണ് എന്നെ പുതിയ സംരഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്', സിഎന്‍ബിസി ടിവി18 -യോട് അജയ് ദേവ്ഗണ്‍ പ്രതികരിച്ചു. 

വോഡ്ക കഴിച്ചിരുന്ന താന്‍ സിങ്കിൾ മാള്‍ട്ട് കഴിച്ചുതുടങ്ങിയ കാര്യവും അദ്ദേഹം മറ്റൊരു മാധ്യമത്തോട് പ്രതികരിച്ചു. സ്‌കോട്‌ലാന്‍ഡ് സന്ദര്‍ശനത്തിനിടെ കാര്‍ട്ടല്‍ ബ്രോസിന്റെ സഹസ്ഥാപകനായ മോക്ഷ് സാനിയെ കാണാനിടയായെന്നും. അങ്ങനെ അദ്ദേഹം ഗ്ലെന്‍ജേണിയുടെ ബിസിനസ് പാര്‍ടണര്‍ കൂടിയായെന്നും  അജയ് ദേവ്ഗണ്‍ വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ നടന്‍ സഞ്ജയ് ദത്ത് ബ്രാന്‍ഡുമായി സഹകരിച്ചിരുന്നു. അന്ന് 200 മില്ലിലിറ്റര്‍ ബോട്ടില്‍ 45 ദിവസത്തിനുള്ളില്‍ 3 ലക്ഷം യൂണിറ്റുകള്‍ വിറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ചെറുപ്പക്കാലത്തെ തന്റെ വിചിത്രമായ മദ്യപാനശീലത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍  മുമ്പ് അജയ്, ഷെഫ് സഞ്ജയോദ് കീറിന്റെ യൂട്യൂബ് ചാനലില്‍ തുറന്നുപറഞ്ഞിരുന്നു. രസഗുളയില്‍നിന്ന് പഞ്ചസാര സിറപ്പ് പിഴിഞ്ഞെടുത്ത് മദ്യത്തില്‍ മുക്കി കഴിച്ചകാര്യം ഈ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.