എൻ.സി.ഇ.ആർ.ടിയുടെ രണ്ടാം ക്ലാസ്സ് പാഠപുസ്തകം മതവിഭാഗീയത വളർത്തുന്നു എന്ന തരത്തിൽ ഒരു ചിത്രം വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉത്സവങ്ങളെ പറ്റി പഠിപ്പിക്കുന്ന ഒരു പാഠഭാഗത്തിലെ ചിത്രമാണ് പരക്കുന്നത്. ഈദുൽ ഫിത്തർ, ഹോളി, ഗണേശ ചതുർഥി എന്നീ ആഘോഷങ്ങളെ പറ്റിയാണ് ഇതിൽ പരാമർശിക്കുന്നത്. ഈദുൽ ഫിത്തറിനെ പറ്റി പറയുമ്പോൾ ' അവർ'' എന്നും, ഗണേശ ചതുർഥിയെ പറ്റി പറയുമ്പോൾ 'നമ്മൾ' എന്നുമാണ് ചിത്രത്തിലെ പാഠഭാഗത്ത് കാണുന്നത്. നിരവധി പേരാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. ഇത് കുട്ടികളിൽ തെറ്റായ ധാരണ പരത്തുന്നതാണെന്നും അവർ അഭിപ്രായപ്പെടുന്നു. 

അന്വേഷണം

എൻ.സി.ഇ.ആർ.ടി യുടെ പാഠപുസ്തകങ്ങൾ പരിശോധിച്ചപ്പോൾ ഉത്സവങ്ങളെ പറ്റിയുള്ള പാഠമുള്ളത് ഇംഗ്ലീഷ് പുസ്തകത്തിലാണെന്ന് മനസ്സിലായി. പുസ്തകം പരിശോധിച്ചപ്പോൾ പ്രചരിക്കുന്ന പാഠഭാഗം കാണാൻ സാധിച്ചില്ല. ദീപാവലി, ഈദുൽ ഫിത്തർ, ക്രിസ്മസ് എന്നീ ആഘോഷങ്ങളാണ് അതിൽ കൊടുത്തിട്ടുള്ളത്. ഗണേശ ചതുർത്ഥിയെ പറ്റി പാഠഭാഗത്ത് പറയുന്നില്ല.  കൂടാതെ, പ്രചരിക്കുന്ന ചിത്രത്തിലെ പേജിന്റെയും ടെക്സ്റ്റ് ബുക്കിന്റെയും ലേഔട്ട് വ്യത്യസ്തമാണ്. 

പ്രചരിക്കുന്ന ചിത്രം ഗൂഗിൾ റിവേഴ്‌സ് ഇമേജിന്റെയും കീ വേർഡുകളുടെയും സഹായത്തോടെ സെർച്ച് ചെയ്തപ്പോൾ, 'വിവ എജുക്കേഷൻ' എന്ന സ്വകാര്യ പ്രസാധകർ ഇറക്കിയ ''ഇ.വി.എസ്.'' പാഠപുസ്തകത്തിലേതാണെന്ന് കണ്ടെത്തി. പേജ് ലേഔട്ടും അവതരണ രീതിയും താരതമ്യം നടത്തിയപ്പോൾ പ്രചരിക്കുന്ന ചിത്രത്തിലെ പേജ് വിവ എജുക്കേഷന്റെ പുസ്തകത്തിലേതാണെന്ന് ഉറപ്പിച്ചു. പേജ് നമ്പർ 67 മുതൽ 73 വരെയുള്ള, 'ഔർ ഫെസ്റ്റിവൽസ്'  എന്ന പന്ത്രണ്ടാമത്തെ പാഠത്തിലെ ഭാഗമാണ് പ്രചരിക്കുന്നത്.

ഉത്തരേന്ത്യയിലെ പല സ്വകാര്യ സി.ബി.എസ്.ഇ. സ്‌കൂളുകളും വിവ എജുക്കേഷന്റെ പുസ്തകങ്ങളാണ് ഉപയോഗിക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാധകരാണ് ഇവർ. ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെ രാജ്യത്തെ സ്വകാര്യ സി.ബി.എസ്.ഇ. സ്‌കൂളുകൾ, സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങളാണ് പൊതുവെ ഉപയോഗിക്കുന്നത്.

fact check
എൻ.സി.ഇആർ.ടി. പാഠപുസ്തകത്തിന്റെ ചിത്രം

വാസ്തവം 

എൻ.സി.ഇ.ആർ.ടി. പുസ്തകത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ കാണുന്നത് വിവ എജുക്കേഷൻ എന്ന സ്വകാര്യ പ്രസാധകർ ഇറക്കിയ പാഠപുസ്തകത്തിന്റെ ചിത്രമാണ്.

Content Highlights: NCERT Second Class Text Book Controversy | Fact Check