ഫോറിനേഴസ് ട്രിബ്യൂണല്‍ ‘വിദേശികളെന്ന്’ കണ്ടെത്തിയ ആസാമിലെ ബർപേട്ട ജില്ലയില്‍ നിന്നുള്ളവരെ ഇക്കഴിഞ്ഞ സെപ്തംബറില്‍ ട്രാന്‍സിറ്റ് ക്യാമ്പിലേക്ക് മാറ്റിയിരുന്നു. 9 സ്ത്രീകള്‍ ഉള്‍പ്പടെ 28 പേരെയായിരുന്നു ഗോല്‍പാരയിലെ മാതിയയിലുള്ള ക്യാമ്പിലേക്ക് മാറ്റിയത്. ഈ ട്രാന്‍സിറ്റ് ക്യാമ്പിനെക്കുറിച്ച് അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നല്‍കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അസം സർക്കാറിന് നിർദേശവും നല്‍കിയിരുന്നു. ഇതിനിടെ, പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട 105 വയസ്സുകാരന്‍ തടവിലാണെന്ന വാദത്തോടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നത് ''പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായി തടവില്‍ കഴിയുന്ന 105 വയസ്സുള്ള അസംകാരന്‍ ചോദിക്കുന്നു: ഈ രാജ്യം ഉണ്ടാകുന്നതിനും 33 വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ ജീവിക്കുന്നുണ്ട്. അന്ന് ഇപ്പറഞ്ഞ അയല്‍ രാജ്യങ്ങളെല്ലാം ഇന്ത്യയിലായിരുന്നു. 72 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഞാനെങ്ങിനെ
നുഴഞ്ഞുകയറ്റക്കാരനായി.....?''
അന്വേഷണം

റിവേഴ്സ് ഇമേജ് പരിശോധനയില്‍ ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഈ ചിത്രം വാർത്തയ്‌ക്കൊപ്പം നല്‍കിയതായി കണ്ടെത്തി. 2011 ഒക്ടോബർ മാസം പ്രസിദ്ധീകരിച്ച വാർത്തകള്‍ അനുസരിച്ച്, അസമിലെ കരിംഗഞ്ച് ജില്ലയിലെ 120 കാരനായ ഹാസി അബ്ദുൾ നൂർ ആണ് ചിത്രത്തിലുള്ളത്. അദ്ദേഹത്തിന്‍റെ വിവാഹ ദിവസം പകർത്തിയതാണ് ഈ ഫോട്ടോ. രേഖകള്‍ പ്രകാരം തനിക്ക് 116 വയസ്സാണെങ്കിലും യഥാർത്ഥ പ്രായം 120 ആണെന്ന് നൂർ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടില്‍ പറയുന്നത്. തന്നെക്കാള്‍ പകുതി പ്രായമുള്ള സമോയി ബീബിയെയാണ്
ഹാസി അബ്ദുള്‍ നൂർ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. അബ്ദുള്‍ നൂറിന്‍റെ ആദ്യ ഭാര്യ സലീമ ഖാത്തൂന്‍ 2005ല്‍ മരിച്ചു. തന്‍റെ കാര്യങ്ങള്‍ നോക്കാന്‍
ആരെങ്കിലും വേണമെന്ന പിതാവിന്‍റെ നിർദേശാനുസരണമായിരുന്നു വിവാഹം നടത്തിയത് എന്നാണ് നൂറിന്‍റെ മൂത്ത മകനും റിട്ടയേഡ് അധ്യാപകനുമായ ഹാസി അസീർ ഉദ്ദീന്‍ അന്ന്
മാധ്യമങ്ങളോട് പറഞ്ഞത്.

ചില റിപ്പോർട്ടുകളില്‍ ലോകത്തെ ഏറ്റവും പ്രായംകൂടിയ വരനാണ് ഹാസി അബ്ദുള്‍ നൂർ എന്നും കണ്ടു. അത് സംബന്ധിച്ചും പരിശോധന നടത്തി, അമേരിക്കയിലെ മയാമി ആസ്ഥാനമാക്കി 2007ല്‍ ആരംഭിച്ച ‘വേള്‍ഡ് റെക്കോഡ് അക്കാദമി’ നൂറിനെ ലോകത്തെ ഏറ്റവും പ്രായം കൂടിയ വരനായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രവും അബ്ദുള്‍ നൂറും ഭാര്യയും മക്കള്‍ക്കൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രവും വേള്‍ഡ് റെക്കോഡ് അക്കാദമിയുടെ സൈറ്റില്‍ 2011 ഒക്ടോബർ 27ന് നല്‍കിയിരിക്കുന്നതായി കാണാം.

ഹാസി അബ്ദുള്‍ നൂർ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നത് സംബന്ധിച്ച റിപ്പോട്ടുകള്‍ എന്തെങ്കും ഉണ്ടോ എന്ന് തുടർന്ന് പരിശോധിച്ചു. എന്നാല്‍ അങ്ങനെയുള്ള വിവരങ്ങളൊന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, നൂറ്റിയൊന്നാം വയസ്സില്‍ പൗരനല്ലെന്ന് കണ്ടെത്തി തടങ്കല്‍ പാളയത്തിലായ ചന്ദ്രഹർ ദാസ് തന്‍റെ പൗരത്വം തെളിയിക്കാനുള്ള നിയമപോരാട്ടത്തിനിടെ 104ാം വയസ്സില്‍ മരിച്ചത് സംബന്ധിച്ച മാധ്യമ വാർത്തകള്‍ ലഭിച്ചു. 2020ലെ വാർത്തകള്‍ പ്രകാരം, 2018 ജനുവരിയിൽ ഫോറിനേഴ്‌സ് ട്രൈബ്യൂണൽ ദാസിനെ വിദേശിയെന്ന് കണ്ടെത്തുകയും സിൽചാർ തടങ്കൽപ്പാളയത്തിലേക്ക് അയക്കുകയും ചെയ്തു. അവിടെ വച്ച് വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായി. മാനുഷിക
പരിഗണനയുടെ അടിസ്ഥാനത്തിൽ കോടതി ദാസിന് ജാമ്യം അനുവദിച്ചു. എന്നാല്‍ നിയമപോരാട്ടം പൂർത്തിയാക്കും മുന്‍പേ അദ്ദേഹം മരണത്തിന് കീഴടങ്ങി.
വാസ്തവം

അസമിലെ കരിംഗഞ്ച് സ്വദേശിയായ ഹാസി അബ്ദുൾ നൂർ 2011ല്‍ തന്‍റെ 120ാം വയസ്സില്‍ വിവാഹിതനായിരുന്നു. അദ്ദേഹത്തിന്‍റെ വിവാഹ ദിവസത്തെ ചിത്രമാണ് പൗരത്വ പട്ടികയില്‍
നിന്ന് പുറത്തായി ട്രാന്‍സിറ്റ് ക്യാമ്പില്‍ കഴിയുന്ന 105 വയസ്സുകാരന്‍റേത് എന്ന തരത്തില്‍ പ്രചരിക്കുന്നത്.
Content Highlights: Fact Check: Is This 105-Year-Old Man in Assam Detained for Citizenship?
Published: 11 Nov 2024, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented