ജില്ലാ കളക്ടർ നൽകിയ സമയപരിധി കഴിഞ്ഞു
പെരുമ്പാവൂർ : ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമുള്ള സമയപരിധി വെള്ളിയാഴ്ചയോടെ പൂർത്തിയായെങ്കിലും പെരുമാനിയിലെ മാലിന്യനീക്കം മൂന്നിലൊന്നുപോലുമായില്ല. പേരിനു മാത്രമായാണ് ഇവിടെനിന്ന് മാലിന്യം നീക്കം ചെയ്തത്.
പെരുമാനിയിലെ പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ കഴിഞ്ഞ 12-നുണ്ടായ തീപ്പിടിത്തത്തിന്റെ അവശിഷ്ടങ്ങൾ 23-നകം പൂർണമായി നീക്കം ചെയ്യണമെന്ന് 18-നാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്. ആശുപത്രിമാലിന്യങ്ങൾ ഉൾപ്പെടെ മാലിന്യശേഖരത്തിൽ കണ്ടെത്തിയെന്ന കുന്നത്തുനാട് തഹസിൽദാരുടെ റിപ്പോർട്ട് പരിഗണിച്ചാണ് കളക്ടർ ഉത്തരവിട്ടത്. അതീവ ഗൗരവത്തോടെയും ശാസ്ത്രീയമായും സംസ്കരിക്കേണ്ട ആശുപത്രിമാലിന്യത്തിന്റെ പായ്ക്കറ്റുകൾ മാലിന്യത്തോടൊപ്പം കണ്ടെത്തിയിരുന്നു.
75 സെന്റ് സ്ഥലത്തെ മാലിന്യശേഖരത്തിലുണ്ടായ തീപ്പിടിത്തം 20 മണിക്കൂർ പ്രയത്നിച്ചാണ് അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കിയത്. ഒരാൾ ഉയരത്തിൽ ടൺ കണക്കിന് മാലിന്യം കത്താതെ പിന്നെയും അവശേഷിച്ചു. സമീപവാസികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. വയോധികരെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു.
സമീപമുളള കുടിവെള്ള സ്രോതസ്സുകളിലേക്ക് മാലിന്യം കലർന്ന് ഭയാനകമായ സാഹചര്യം നിലനിൽക്കുന്നുവെന്ന് കണ്ടെത്തിയതിനേ തുടർന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാൽ മാലിന്യം നീക്കുന്നതിന് ബന്ധപ്പെട്ടവർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഗ്രീൻ ഇവോ ടെക് എന്ന മാലിന്യസംഭരണ സ്ഥാപനം നടത്തിവന്ന തിരുവനന്തപുരം നെടുമങ്ങാട് കുറ്റിച്ചൽ മണ്ണൂർക്കര എസ്. മുബാറക്, സ്ഥലം ഉടമ അല്ലപ്ര കാരോത്തുകുടി കെ.കെ. കൊച്ചുണ്ണി എന്നിവർക്കാണ് കളക്ടർ നോട്ടീസ് നൽകിയത്. നിശ്ചിത സമയപരിധിക്കുളളിൽ മാലിന്യം നീക്കം ഉറപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ എൽ.എസ്.ജി.ഡി. ജോ. ഡയറക്ടർ, വെങ്ങോല പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. സ്ഥലം സന്ദർശിച്ച മനോജ് മൂത്തേടൻ എം.എൽ.എ. മാലിന്യനീക്കം വേഗത്തിലാക്കണമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റൂറൽ എസ്.പി. കെ.എസ്. സുദർശനൻ സ്ഥലത്തെത്തി പോലീസ് നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതാണ്.
Published: 24 Oct 2026, 02:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented