സുല്‍ത്താന്‍ബത്തേരി: വയനാടന്‍ കാടുകളില്‍ 'കഴുകന്‍-പരുന്ത് കണക്കെടുപ്പ്' (റാപ്റ്റര്‍ സര്‍വേ) നടത്തി. വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ ദക്ഷിണേന്ത്യയിലെ അവശേഷിക്കുന്ന ആവാസസ്ഥലമാണ് വയനാട്. മൂന്നിനം കഴുകന്മാര്‍, 27 ഇനം പരുന്ത് വര്‍ഗങ്ങള്‍, ഒമ്പതിനം മൂങ്ങകള്‍ എന്നിവയുള്‍പ്പെടെ 227 ഇനം പക്ഷിവര്‍ഗങ്ങളെ കണ്ടെത്തി. ചുട്ടിക്കഴുകന്‍, കാതിലക്കഴുകന്‍, തവിട്ടുകഴുകന്‍ എന്നീ മൂന്നിനങ്ങളെയാണ് വയനാട്ടില്‍ സാധാരണയായി കണ്ടുവരുന്നത്.

To advertise here,

കഴുകന്മാരുടെ എണ്ണം സര്‍വേയംഗങ്ങളില്‍നിന്നും ക്രോഡീകരിച്ചുവരുന്നതേയുള്ളുവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴുകന്മാരുടെ പ്രധാനകേന്ദ്രമായ വയനാട് വന്യജീവി സങ്കേതത്തിനുപുറമേ, നോര്‍ത്ത് വയനാട്, സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനുകളില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു കണക്കെടുപ്പ്.

സര്‍വേക്കിടെ, മുത്തങ്ങയിലെ കാക്കപ്പാടത്ത് 38 ചുട്ടിക്കഴുകന്മാരും മൂന്ന് കാതിലക്കഴുകന്മാരും ഒരു പുള്ളിമാനിന്റെ ജഢം ഭക്ഷിക്കുന്നത് കണ്ടു. ജന്‍ഡന്‍സ് ബാസ (പ്രാ പരുന്തുവര്‍ഗം), യൂറേഷ്യന്‍ സ്പാരോ ഹോക്ക് (യുറേഷ്യന്‍ പ്രാപ്പിടിയന്‍), ലെഗ്ഗീസ് ഹോക്ക് ഈഗിള്‍ (കിന്നരി പരുന്ത്) എന്നിവയുടെ സാന്നിധ്യവും ശ്രദ്ധേയമായി.

വനംവകുപ്പ് സംഘടിപ്പിച്ച ഈ സര്‍വേയില്‍ സംസ്ഥാനത്തെ പക്ഷിനീരിക്ഷകരും പീച്ചി കെ.എഫ്.ആര്‍.എ., തൃശ്ശൂരിലെ ഫോറസ്ട്രി കോളേജ്, പൂക്കോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, ഫാറൂഖ് കോളേജ്, മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ 80-ഓളം പേര്‍ 24 ക്യാമ്പുകളിലായാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്രബാബു, ബത്തേരി അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. രഞ്ജിത്ത് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.