
ന്യൂസിലന്‍ഡ് തീരത്ത് പുതിയ പ്രേതസ്രാവിനെ കണ്ടെത്തി ഗവേഷകര്‍. ന്യൂസിലന്‍ഡിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് അറ്റ്മോസ്ഫെറിക് റിസര്‍ച്ച് (എന്‍.ഐ.ഡബ്ല്യു.എ. - NIWA) ഗവേഷകയായ ഡോ. ബ്രിട്ട് ഫിനൂച്ചിയാണ് ഓസ്ട്രലേഷ്യന്‍ നാരോ-നോസ്ഡ് സ്പൂക്കിഫിഷ് (Australasian Narrow-nosed Spookfish) എന്ന ഈ പുതിയ സ്രാവിനെക്കുറിച്ചുള്ള പഠനത്തിന് പിന്നില്‍. പ്രേതസ്രാവിന് ഹറിയോട്ട എവിയ (Harriotta avia) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്റെയും സമുദ്രാന്തര്‍ഭാഗങ്ങളില്‍ മാത്രമാണ് പുതിയ പ്രേതസ്രാവിനെ കാണാന്‍ കഴിയുക എന്ന് ഗവേഷകര്‍ പറയുന്നു.
ലോകത്താകമാനം ഒരേയൊരിനം പ്രേതസ്രാവുകള്‍ മാത്രമേ ഉള്ളൂ എന്നായിരുന്നു ഗവേഷകര്‍ ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതുതായി കണ്ടെത്തിയ പ്രേതസ്രാവ് ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ നിന്ന് ജനിതകമായും രൂപശാസ്ത്രപരമായും വ്യത്യസ്തമാണ്. ശല്‍ക്കങ്ങളില്ലാത്ത മിനുത്ത ശരീരവും ചെമ്മീനിന്റേതുപോലെ നീണ്ട ചുണ്ടുകളും അതിലെ കൂര്‍ത്ത പല്ലുകളും ഈ സ്രാവുകളുടെ പ്രത്യേകതയാണ്. റാറ്റ് ഫിഷ് (ratfish), റാബിറ്റ് ഫിഷ് (rabbitfish), എലിഫന്റ് ഫിഷ് (elephant fish) എന്നൊക്കെയാണ് ഈ നിഗൂഢമത്സ്യത്തിന്റെ മറ്റ് പേരുകള്‍. സ്രാവുകള്‍ക്കും തിരണ്ടിയനത്തില്‍പെട്ട മത്സ്യങ്ങള്‍ക്കും സമാനമായി തരുണാസ്ഥിയുള്ള (cartilaginous fish) മത്സ്യയിനമാണ് പ്രേതസ്രാവുകള്‍ അഥവാ ചിമേരകള്‍ (chimaer-as).
തന്റെ മുത്തശ്ശിയുടെ സ്മരണാര്‍ത്ഥമാണ് പുതുതായി കണ്ടെത്തിയ പ്രേതസ്രാവിന് ഹറിയോട്ട എവിയ എന്ന പേര് നല്‍കിയതെന്ന് ഡോ. ഫിനൂച്ചി പറയുന്നു. എവിയ (avia) എന്നാല്‍ ലാറ്റിന്‍ ഭാഷയില്‍ മുത്തശ്ശി എന്നാണ് അര്‍ത്ഥം. ഒരു ശാസ്ത്രജ്ഞ എന്ന നിലയില്‍ എന്റെ ജീവിതത്തിലുടനീളം ഏറ്റവും വലിയ പിന്തുണ നല്‍കിയ വ്യക്തിയാണ് മുത്തശ്ശി. അതുമാത്രമല്ല, മീനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ചിലപ്പോള്‍ ഇന്നുകാണുന്ന മത്സ്യങ്ങളുടെ മുത്തശ്ശിമാരും മുത്തച്ഛന്മാരുമൊക്കെ ആയിവരും ഈ പ്രേതസ്രാവുകള്‍. അതുകൊണ്ടുകൂടിയാണ് പുതിയ പ്രേതസ്രാവിന് ഈ പേര് നല്‍കിയത്, ഡോ. ഫിനൂച്ചി പറയുന്നു.
നീളമേറിയ കൂര്‍ത്ത കനം കുറഞ്ഞ മൂക്കും നീണ്ടുമെലിഞ്ഞ ശരീരവും വലിയ കണ്ണുകളും നീളമുള്ള വിരിഞ്ഞ ചിറകുകളും വാലുമുള്ള ഹറിയോട്ട എവിയയ്ക്ക് ചേക്ലേറ്റ് ബ്രൗണ്‍ നിറമാണുള്ളത്. സമുദ്രത്തിന്റെ ആഴമേറിയ ഭാഗങ്ങളിലാണ് ഇവയുടെ വാസം. ഏകദേശം 2600 മീറ്റര്‍ ആഴത്തില്‍ കാണപ്പെടുന്നു എന്നതുകൊണ്ടുതന്നെ ഇവയെ നിരീക്ഷിച്ചുള്ള പഠനങ്ങള്‍ കുറച്ചുമാത്രമേ നടക്കാറുള്ളൂ എന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവയെക്കുറിച്ചുള്ള ജീവശാസ്ത്രപരമായ സവിശേഷതകളോ വംശനാശഭീഷണിയെ സംബന്ധിച്ചോ ഒന്നും തന്നെ പറയാനാകില്ല. അതില്‍ വിഷമമുണ്ടെങ്കിലും അവയെക്കുറിച്ച് ലഭിക്കുന്ന ഇത്തരം ചെറിയ വിവരങ്ങള്‍ പോലും വലിയ സന്തോഷമാണ് തരുന്നതെന്നും ഗവേഷകര്‍ പറയുന്നു.
Content Highlights: new species of nz ghost shark discovered australasian narrow nosed spookfish harriotta avia
Published: 28 Sept 2024, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented