ഇരുട്ടില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ പശ്ചിമ ബംഗാളിലെ ബൈകന്ത്പുര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പരിചിതമായിരുന്നില്ല. സൂക്ഷിച്ചുനോക്കിയപ്പോള്‍, കുറുകിയ കൈയും നീണ്ട പിന്‍കാലുകളും കരുത്തുറ്റ വാലും ഒട്ടിയ വയറുമായി കൂനിനില്‍ക്കുന്ന കങ്കാരു! ഒന്നല്ല, മൂന്നെണ്ണം. വീണ്ടും തിരഞ്ഞപ്പോള്‍ ഒന്നിനെക്കൂടി കണ്ടെത്തി. അതുപക്ഷേ അപരിചിതമായ ദേശത്ത് അതിജീവിക്കാന്‍ കഴിയാതെ ചത്തുപോയിരുന്നു.

To advertise here,

ഡാര്‍ജിലിങ്, ജല്‍പായ്ഗുരി ജില്ലകള്‍ക്ക് അതിരിടുന്ന വനപ്രദേശത്ത് കങ്കാരുക്കളെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. ബംഗാളിന്റെ വടക്കന്‍മേഖലയിലെ മൃഗശാലകളില്‍പ്പോലും തനി ഓസ്ട്രേലിയക്കാരായ ഈ ജീവിയെ കാണാന്‍ കിട്ടില്ല. പിന്നെങ്ങനെ എന്ന ചോദ്യം ഇന്ത്യയുടെ വടക്കുകിഴക്ക് പിടിമുറുക്കുന്ന മൃഗക്കടത്ത് സംഘങ്ങളിലെത്തി നില്‍ക്കും.

വിശിഷ്ട ഇനം ജീവികളെ ഒളിച്ചുകടത്തുന്നവര്‍ പിടിക്കപ്പെടുമെന്ന് തോന്നിയാല്‍ അവയെ ഉപേക്ഷിക്കും. ഈ മിണ്ടാപ്രാണികള്‍ പിന്നീട് അഭയാര്‍ഥികളെപ്പോലെ അലയും. കങ്കാരു മാത്രമല്ല, സിംഹക്കുട്ടിയെവരെ ഇങ്ങനെ റോഡരികിലും ഗുഡ്സ് വണ്ടികളിലും കണ്ടെത്തിയിട്ടുണ്ട്. ജല്‍പായ്ഗുരിയില്‍നിന്ന് രക്ഷപ്പെടുത്തിയ കങ്കാരുക്കളെ സിലിഗുരിയിലെ ബംഗാള്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റി.

മൃഗക്കടത്ത് കൂടുന്നു

ഇന്ത്യ വിദേശ ഇനം ജീവികളുടെ പ്രധാന അനധികൃതചന്ത ആകുന്നുന്നെന്ന് 2019-20 ല്‍ തന്നെ സ്മഗ്ലിങ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പറഞ്ഞിട്ടുണ്ട്. വിവിധയിനം തത്തകള്‍ക്കും വിചിത്ര ആമകള്‍ക്കുമാണ് ഡിമാന്‍ഡ് കൂടുതല്‍. വീട്ടില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ആവശ്യക്കാര്‍ ഏറെയും. പ്രധാനമായും മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് വടക്കുകിഴക്കന്‍ അതിര്‍ത്തിവഴിയാണ് മൃഗക്കടത്ത്.

വെളിപ്പെടുത്തല്‍

വിദേശജീവികളുടെ വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതിമന്ത്രാലയം പ്രഖ്യാപിച്ച പദ്ധതിപ്രകാരം 32,645 പേരാണ് അനധികൃതമായി വിദേശജീവികളെ കൈവശംവെച്ചിരിക്കുന്നത് വെളിപ്പെടുത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടായത് ബംഗാളില്‍നിന്നാണ്- 9764. തീവ്രവംശനാശഭീഷണി നേരിടുന്നവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജന്തുജന്യരോഗങ്ങള്‍ തടയാനെന്ന ലക്ഷ്യത്തോടെ 2020 ജൂണില്‍ പ്രഖ്യാപിച്ച പദ്ധതി കള്ളക്കടത്തുകാര്‍ ദുരുപയോഗം ചെയ്യുന്നെന്ന് ആക്ഷേപമുണ്ട്.

'' കങ്കാരുക്കള്‍ നാലുവിധം

1) ചുവന്ന കങ്കാരു (Macropus rufus)

2) കിഴക്കന്‍ ഗ്രേ കങ്കാരു (Macropus giganteus)

3) പടിഞ്ഞാറന്‍ ഗ്രേ കങ്കാരു (Macropus fuliginosus)

4) ആന്റിലോപൈന്‍ കങ്കാരു (Macropus antilopinus).

സ്വാഭാവിക ദേശം

ഓസ്ട്രേലിയ. ടാസ്മാനിയയിലും സമീപദ്വീപുകളിലും സാന്നിധ്യമുണ്ട്.

ഭാരം

വളര്‍ച്ചയെത്തിയ ആണ്‍ കങ്കാരുവിന് 30 അടി നീളത്തിലും 10 അടി ഉയരത്തിലും കുതിക്കാനാകും; മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍. കങ്കാരുക്കുഞ്ഞുങ്ങള്‍ക്ക് ജനിച്ചുവീഴുമ്പോള്‍ 2-2.5 സെന്റിമീറ്റര്‍ മാത്രമേ നീളം കാണൂ. ഭാരമാകട്ടെ രണ്ട് ഗ്രാമോളവും. ഇവ പിന്നീട് 7-10 മാസം അമ്മ കങ്കാരുവിന്റെ വയറ്റിലെ സഞ്ചിയില്‍കിടന്നാണ് പൂര്‍ണവളര്‍ച്ചയെത്തുക.''