പ്രൊഫ. അകിരാ മിയാവാക്കി അന്തരിച്ച വാർത്ത ജപ്പാനു പുറത്തേക്കുവന്നത് വളരെ താമസിച്ചാണ്. ഇക്കഴിഞ്ഞ ജൂലായ്‌ 16-ന് ആയിരുന്നു അദ്ദേഹത്തിന്റെ മരണം. മരണാനന്തരച്ചടങ്ങുകൾ പൂർത്തിയാക്കിയത് ജൂലായ്‌ 23-ന്. വാർത്തകൾ പുറത്തേക്കുവന്നത് ഓഗസ്റ്റ് രണ്ടിനും. ഒരു പക്ഷേ, ജപ്പാനിൽ ഒളിംമ്പിക്സ്‌ നടക്കുന്നതാവാം കാരണം.
മലയാളികൾ ‘മിയാവാക്കി’ എന്ന പദം ആദ്യമായി കേൾക്കുന്നത് ‘രാമന്റെ ഏദൻതോട്ടം’ എന്ന സിനിമയിലൂടെയാവണം. നിർഭാഗ്യവശാൽ ആ സിനിമ എനിക്കന്നു കാണാൻ കഴിഞ്ഞില്ല. ‘മിയാവാക്കി’ എന്ന പേര് ഞാൻ കേട്ടിട്ട് കഷ്ടിച്ച് അഞ്ചോ ആറോ വർഷമേ ആയുള്ളൂ. പക്ഷേ, ഇന്ന് ആ പേര് കേരളത്തിലെ വീട്ടമ്മമാർക്കും സ്കൂൾകുട്ടികൾക്കുമൊക്കെ ഒരുപോലെ പരിചിതമാണ്.
കാലാവസ്ഥാ വ്യതിയാനത്തിലൂടെ സർവനാശത്തിലേക്കു നീങ്ങുന്ന ലോകത്തെ അല്പമെങ്കിലും തടഞ്ഞുനിർത്താനാണ് ഏഴു പതിറ്റാണ്ടോളം പ്രൊഫ. മിയാവാക്കി ശ്രമിച്ചത്. അദ്ദേഹത്തിന്റെ പ്രധാന നേട്ടങ്ങളെ രണ്ടു വാചകങ്ങളിലായി ചുരുക്കാം. കുറഞ്ഞ കാലംകൊണ്ടു സ്വാഭാവികവനങ്ങൾക്കു തുല്യമായ വനമാതൃകകൾ സൃഷ്ടിക്കുന്നതിനുള്ള മാർഗം അദ്ദേഹം വികസിപ്പിച്ചെടുത്തു. ഒരു പ്രദേശത്തെ സ്വാഭാവികസസ്യങ്ങളെ തിരിച്ചുകൊണ്ടുവരുന്നതിലൂടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള ഒരുമാർഗം അദ്ദേഹം ആവിഷ്കരിച്ചു.

തൊണ്ണൂറ്റിമൂന്നാം വയസ്സിലാണ് അദ്ദേഹം അന്തരിക്കുന്നത്. ലോകമെമ്പാടുമായി പതിനേഴു രാജ്യങ്ങളിൽ സ്വാഭാവിക വനമാതൃകകൾ തീർക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. ജപ്പാനിൽ മാത്രം 2700-ഓളം സ്ഥലങ്ങളിലായി മൂന്നുകോടി മുപ്പത്തേഴുലക്ഷത്തി അൻപത്തി ഏഴായിരം ചെടികൾ നട്ടു. ജപ്പാനു പുറത്താവട്ടെ 158 ഇടങ്ങളിലായി അഞ്ചുലക്ഷത്തി രണ്ടായിരത്തി ഇരുനൂറിലധികം ചെടികൾ നട്ടു. ഇതിലെത്രയോ അധികം മരങ്ങളും ചെടികളും അദ്ദേഹത്തിന്റെ ശിഷ്യരും ആരാധകരും സ്നേഹിതരും ലോകമെമ്പാടും വെച്ചുകഴിഞ്ഞു. അതു നിരന്തരമായി കൂടാൻ തന്നെയാണു സാധ്യത.
പ്രൊഫസർ മിയാവാക്കി നമ്മെ പഠിപ്പിച്ചുതന്ന വേറെയും ചില കാര്യങ്ങളുണ്ട്. വനവത്കരണത്തിന് അധികം സ്ഥലമൊന്നും ആവശ്യമില്ല എന്നതാണ് അവയിൽ ഏറ്റവും പ്രധാനം. നമ്മുടെ സാധാരണ വനവത്കരണ രീതികളിൽ ഒരു ഏക്കറിൽ നാനൂറു മരമോ മറ്റോ വെക്കുമ്പോൾ മിയാവാക്കി മാതൃകയിൽ ഒരേക്കറിൽ പതിനാറായിരം ചെടികളാണു െവക്കുന്നത്. അവയിൽ നാലായിരം എണ്ണമെങ്കിലും മരങ്ങൾ ആയിരിക്കും. എത്ര തിരക്കുപിടിച്ച നഗരത്തിലും അല്പം സ്ഥലം കണ്ടെത്തിയാൽ ചെടികൾകൊണ്ടു നിറയ്ക്കാം.പ്രൊഫസർ മിയാവാക്കിയിൽ നമുക്കു കാണാവുന്ന ഒരു പ്രത്യേകത സിദ്ധാന്തവും പ്രയോഗവും ഒരുപോലെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുന്നു എന്നതാണ്. വനവത്കരണത്തിന്റെ പുത്തൻ രീതികൾ ആവിഷ്കരിച്ചതോടൊപ്പംതന്നെ ലോകമെമ്പാടും അതു സ്വീകരിപ്പിക്കാനും പ്രയോഗത്തിൽ വരുത്താനും കഴിഞ്ഞു. അതോടൊപ്പംതന്നെ നഷ്ടപ്പെട്ടു പോകുന്ന ജൈവവൈവിധ്യത്തെ കുറച്ചെങ്കിലും പിടിച്ചുനിർത്താനും. 

വനനശീകരണത്തിനും പ്രകൃതി നശീകരണത്തിനുമൊക്കെ അടിസ്ഥാന കാരണമായ അമിത വിഭവചൂഷണത്തെക്കുറിച്ചു സംസാരിക്കുമ്പോൾ പ്രൊഫസർ മിയാവാക്കിക്ക്‌ പലപ്പോഴും ഒരു സാമൂഹ്യശാസ്ത്രജ്ഞന്റെ സ്വരമാണ്.

Miyawaki
മിയാവാക്കിക്കൊപ്പം ലേഖകന്‍

പ്രൊഫസർ മിയാവാക്കിയുടെ സംഭാവനകളെക്കുറിച്ചാലോചിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്താവുന്ന മറ്റൊരാളുണ്ട്, അറുപത്തിയാറുകാരനായ റ്റിം ബെർണേർസ് ലീ. കമ്യൂണിക്കേഷൻ രംഗത്തെ മഹാദ്‌ഭുതമായ വേൾഡ് വൈഡ് വെബ് (www) രൂപപ്പെടുത്തിയ ബ്രിട്ടീഷ് കംപ്യൂട്ടർ ശാസ്ത്രജ്ഞൻ. അദ്ദേഹം തന്റെ കണ്ടുപിടിത്തങ്ങൾക്ക്‌ പേറ്റന്റ് എടുക്കാതെ ജനങ്ങൾക്കായി നൽകി. അതിലെ വ്യവസായ സാധ്യത വ്യക്തിപരമായി പ്രയോജനപ്പെടുത്താൻ അദ്ദേഹം മുതിർന്നില്ല. ഇന്നും ഏറക്കുറെ അജ്ഞാതനായി തുടരുന്നു.
ഏറക്കുറെ ഇത്തരമൊരു സമീപനം തന്നെയാണ് പ്രൊഫസർ മിയാവാക്കിയും സ്വീകരിച്ചത്. അദ്ദേഹം താൻ മനസ്സിലാക്കിയ കാര്യങ്ങൾ മനുഷ്യരാശിക്കായി നൽകി. ലോകമെമ്പാടും പരമാവധിയാളുകൾ അതു പ്രയോജനപ്പെടുത്തട്ടെ എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോയി.

കേരളത്തിലെ മിയാവാക്കി മാതൃകാ വനവത്കരണ പരിപാടികളുടെ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ഞങ്ങൾ അദ്ദേഹവുമായി പങ്കുെവക്കുകയുണ്ടായി. തന്റെ ആരോഗ്യപ്രശ്നങ്ങൾ അവഗണിച്ച് അവ ഓരോന്നും പരിശോധിച്ച് അദ്ദേഹം നിർദേശങ്ങൾ തന്നു. കേരളത്തിലെ പ്രവർത്തനങ്ങൾ കണ്ടുമനസ്സിലാക്കാൻ തന്റെ ആദ്യശിഷ്യയായ പ്രൊഫ. ഫ്യൂജിവാര കസ്യൂവിനെയും സഹഗ്രന്ഥകാരനായ പ്രൊഫ. ബോക്സിനെയും കേരളത്തിലേക്കയക്കുകയും ചെയ്തു.

തികച്ചും യാദൃച്ഛികമാണെങ്കിലും പ്രൊഫ. മിയാവാക്കി പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി കേരളത്തിലായിരുന്നു. കേരള െഡവലപ്‌മെന്റ് ഇനിഷ്യേറ്റീവ് ആൻഡ്‌ സ്ട്രാറ്റജി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. മിയാവാക്കിയുടെ തൊണ്ണൂറ്റിരണ്ടാം ജന്മദിനം തിരുവനന്തപുരത്ത് ആഘോഷിച്ചു. 2020 ജനുവരി 29-ന് തിരുവനന്തപുരം ചാല ബോയ്‌സ് ഹൈസ്കൂളിൽ മിയാവാക്കി മാതൃകാവനം നട്ടുപിടിപ്പിച്ചുകൊണ്ടായിരുന്നു പരിപാടി. പരിപാടിയിൽ പങ്കെടുത്ത കുട്ടികളുമായി വീഡിയോ കോൺഫറൻസിലൂടെ ആഹ്ലാദം പങ്കുവെച്ച പ്രൊഫസർ മിയാവാക്കിയുടെ അവസാനത്തെ പൊതുപരിപാടിയും അതായിരുന്നു.

അകിരാ മിയാവാക്കി [93] 

പരിസ്ഥിതി, സസ്യശാസ്ത്രജ്ഞൻ
ജനനം: ജപ്പാനിലെ തകഹാഷിയിൽ 1928 ജനുവരി 29ന്‌
പുസ്‌തകങ്ങൾ: 
ദി ഹീലിങ് പവേഴ്സ് ഓഫ് ഫോറസ്റ്റ്, പ്ലാന്റ്‌സ് ആൻഡ് ഹ്യൂമൻസ്, ടെസ്റ്റിമണി 
ബൈ ഗ്രീൻ പ്ലാന്റ്‌സ്, 
ദ ലാസ്റ്റ് ഡേ ഫോർ മെൻ
പ്രധാന 
പുരസ്കാരങ്ങൾ: അസഹി(1990), 
ബ്ലൂ പാനറ്റ്(2006) 
യൊക്കോഹോമ ദേശീയ സർവകലാശാലയിലെ പ്രൊഫസർ, ജാപ്പനീസ് സെൻറർ ഫോർ ഇൻറർനാഷണൽ സ്റ്റഡീസ് ഇൻ ഇക്കോളജിയിലെ ഡയറക്ടർ സ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവ വഹിച്ചു.

(മിയാവാക്കി മാതൃകാ വനവത്കരണ പ്രചാരകനായ ലേഖകൻ ഇൻവിസ് മൾട്ടിമീഡിയയുടെ മാനേജിങ്‌ ഡയറക്ടറാണ്‌)