
മുംബൈ: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി(എം.വി.എ.) ലോക്‌സഭാതിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹരിയാണയിലേതുപോലുള്ളൊരു സാഹചര്യം മഹാരാഷ്ട്രയിൽ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുമായി നടത്തിയ അഭിമുഖത്തിൽനിന്ന്...
നിയമസഭാതിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ സാധ്യത എന്താണ്
മഹാവികാസ് അഘാഡി (എം.വി.എ.) വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറും. 80 ശതമാനത്തോളം വിമതരെ അനുനയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സമ്പൂർണ ഐക്യത്തോടെയാണ് എം.വി.എ. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യം എല്ലാകക്ഷികൾക്കും തുല്യപരിഗണന നൽകുന്നു.
ഭരണഘടനാമുദ്രാവാക്യം വീണ്ടും ഉയർത്തുന്നതിലെ യുക്തിയെന്താണ്
ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം ബി.ജെ.പി. പൂർണമായും ഉപേക്ഷിക്കുന്നില്ല. ഞങ്ങളുടെ മുദ്രാവാക്യം ഭരണഘടനയും ഭരണഘടനയുടെ അടിസ്ഥാനഘടനയും സംരക്ഷിക്കുക എന്നതാണ്. രാഹുൽഗാന്ധിയുടെ പ്രചാരണത്തിൽ വൻ ജനാവലിയാണ് എത്തുന്നത്. വ്യാഴാഴ്ച മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുെട റാലിയിൽ ജനപങ്കാളിത്തം വളരെ കുറവായിരുന്നു. മോദിപ്രഭാവം ഇല്ലാതാവുകയാണ്. അജിത് പവാറിന്റെ പാർട്ടിയും സ്ഥാനാർഥികളും പ്രധാനമന്ത്രിയുടെ റാലിയിൽനിന്ന് വിട്ടുനിന്നു. മഹായുതിസഖ്യത്തിൽ ആഭ്യന്തരകലഹം രൂക്ഷമാണ്.
ലോക്‌സഭയിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിനായിരുന്നു. എന്നിട്ടും നിയമസഭയിൽ 101 സീറ്റിലാണ് മത്സരിക്കുന്നത്
ഒരു സഖ്യത്തിലായിരിക്കുമ്പോൾ പങ്കാളികളെയും തൃപ്തിപ്പെടുത്തണം. അതാണ് സഖ്യധർമം. മഹായുതിയെ നോക്കൂ. അവിടെ ശിവസേന ഷിന്ദേ വിഭാഗത്തിന് നൽകിയ പതിനഞ്ചോളം സീറ്റിലും അജിത് പവാറിന്റെ പാർട്ടിക്ക് നൽകിയ ആറോളം സീറ്റിലും ബി.ജെ.പി.യാണ് മത്സരിക്കുന്നത്. ഇവരുടെ സ്ഥാനാർഥികളെ ബി.ജെ.പി.യാണ് നൽകുന്നത്. വിചിത്രമായ സാഹചര്യമാണ് മഹാരാഷ്ട്രയിലുള്ളത്. ബി.ജെ.പി. എല്ലാ സഖ്യകക്ഷികളെയും വിഴുങ്ങാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ എല്ലാ സഖ്യകക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകുന്നു.
മഹായുതിയുടെ, സ്ത്രീകൾക്ക് മാസം 1500 രൂപ നൽകുന്ന പദ്ധതി വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ
എം.വി.എ. പ്രഖ്യാപിച്ച അഞ്ച് ഗാരന്റിയിലൂടെ ഇതിലും വലിയ മുന്നേറ്റം ഉണ്ടാവും. മഹാരാഷ്ട്രയുടെ എല്ലാ മേഖലകളിലും മഹാവികാസ് അഘാഡിക്ക് അനുകൂലസാഹചര്യമുണ്ട്. ജനം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളുണ്ട്. കർഷക ആത്മഹത്യകൾ ഇന്ത്യയിൽ കൂടുതൽ ഇവിടെയാണ്.
പരുത്തിക്കർഷകരും സോയാബീൻ കർഷകരും ഉള്ളിക്കർഷകരും കേന്ദ്ര സർക്കാരിന്റെ വ്യാപാരനയംമൂലം ദുരിതമനുഭവിക്കുകയാണ്. തൊഴിലില്ലായ്മ വലിയ തോതിലാണ്. വിലക്കയറ്റം രൂക്ഷമാണ്. മഹാരാഷ്ട്രയിലേക്കുവരുന്ന വലിയ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും ഗുജറാത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ‘മോദി-ഷാ സർക്കാരി’ന്റെ ഇത്തരം പ്രവർത്തനങ്ങളിൽ ജനങ്ങൾ അസ്വസ്ഥരാണ്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
Content Highlights: Congress leader Ramesh Chennithala predicts MVA`s victory in Maharashtra Assembly elections
Published: 16 Nov 2024, 03:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented