
ബൊക്കാരോ: രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപജാതികളെ പരസ്പരം മത്സരിപ്പിച്ച് ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുമിച്ചുനിന്നാൽ നമ്മൾ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബൊക്കാരോവിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തൊണ്ണൂറുകളിൽ ഒബിസി വിഭാഗത്തിന് സംവരണം ലഭിച്ചതിനുശേഷം കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ 250 സീറ്റുകൾ പോലും തികയ്ക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒബിസിയെ വിഭജിച്ച് നിരവധി ഉപജാതികളാക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഒബിസിയ്ക്ക് കീഴിലുള്ള ജാതികളുടെ ഒത്തൊരുമ രാജ്യത്തെ ശക്തമാക്കി. പക്ഷേ, ഈ ജാതിക്കാർ തമ്മിൽ പരസ്പരം പോരടിക്കണമെന്നാണ് കോൺഗ്രസിന്റെയും ജെഎംഎമ്മിന്റെയും ആഗ്രഹം. ഒബിസി വിഭാഗത്തിൽപ്പെടുന്ന ജാതികൾ ഒബിസിയായി പരിഗണിക്കുന്നത് അവസാനിപ്പിച്ച് അതത് ജാതിപേരുകളിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഒബിസി വിഭാഗം പിളരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ പിളർന്നാൽ നിങ്ങളുടെ ശബ്ദം ദുർബലമാകില്ലേ? നമ്മൾ ഒരുമിച്ചുനിന്നാൽ നമ്മൾ ശക്തരാകുമെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഝാർഖണ്ഡിലെ നിരവധി യുവാക്കൾ സൈന്യത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'ജമ്മു കശ്മീരിലെ തീവ്രവാദം കാരണം നിരവധി സൈനികരെ നമ്മുക്ക് നഷ്ടമായി. ആർട്ടിക്കിൾ 370 ആയിരുന്നു അതിന്റെ പ്രധാന കാരണം. മോദി അത് എന്നെന്നേക്കുമായി ഇല്ലാതാക്കി. എന്നാൽ, കോൺഗ്രസിനും സഖ്യകക്ഷികൾക്കും അത് ഇഷ്ടമായില്ല. രാജ്യം സ്വതന്ത്രമായി, ഭരണഘടനയുണ്ടായി. പക്ഷേ, കഴിഞ്ഞ ഏഴ് ദശാബ്ദകാലമായി ബി.ആർ അബേദ്ക്കറുടെ ഭരണഘടന നടപ്പിലായില്ല. ദളിത്, ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ലഭിച്ചില്ല. അബേദ്കർ ആർട്ടിക്കിൾ 370 റദ്ദാക്കി, അവിടെ അബേദ്ക്കറുടെ ഭരണഘടന കൊണ്ടുവന്നു. അവിടെ തിരഞ്ഞെടുപ്പ് നടന്നതും ചരിത്രത്തിൽ ആദ്യമായി അബേദ്ക്കറുടെ ഭരണഘടന സാക്ഷിയാക്കി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതും നിങ്ങൾ കണ്ടിരിക്കും. ബാബാസാഹിബ് അബേദ്ക്കറോടുള്ള മോദിയുടെ പ്രണാമമാണിത്', അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന 2004-നും 2014 -നുമിടയിൽ 80,000 കോടി രൂപയുടെ സഹായമാണ് ഝാർഖണ്ഡിന് നൽകിയത്. 2014-ൽ ബിജെപി അധികാരത്തിലേറിയതിനുശേഷം മൂന്ന് ലക്ഷം കോടി രൂപയാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് നൽകിയതെന്നും മോദി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഭൂമിയും പെൺമക്കളെയും സംരക്ഷിക്കാനായി ഝാർഖണ്ഡിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരണമെന്നും ബി.ജെ.പി, എ.ജെ.എസ്.യു, എൽ.ജെ.പി, ജെ.ഡി.യു സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Content Highlights: Modi Blasts Congress for Dividing OBCs in Jharkhand
Published: 10 Nov 2024, 05:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented