അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി മുകേഷ് ചന്ദ്രകാന്ത് ദലാല്‍ എതിരില്ലാതെ ജയിച്ച സംഭവത്തില്‍ പിന്‍വാങ്ങിയവരില്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായ പ്യാരേലാല്‍ ഭാരതിയും. പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായ തിങ്കളാഴ്ച ബി.ജെ.പി. സ്ഥാനാര്‍ഥിക്കുപുറമേ എട്ടുപേര്‍കൂടി മത്സരരംഗത്തുണ്ടായിരുന്നു. ബി.എസ്.പി. സ്ഥാനാര്‍ഥിയായ പ്യാരേലാല്‍ ഭാരതിയായിരുന്നു പ്രമുഖന്‍. മൂന്ന് ചെറുപാര്‍ട്ടികളുടെ പ്രതിനിധികളും നാല് സ്വതന്ത്രരുമായിരുന്നു മറ്റുള്ളവര്‍.

To advertise here,

ഇവരെ പിന്‍വലിപ്പിക്കാന്‍ ബി.ജെ.പി. തിരക്കിട്ട നീക്കം നടത്തി. ഏഴുപേരും രാവിലെ പത്രിക പിന്‍വലിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ബി.എസ്.പി. സ്ഥാനാര്‍ഥിയും പിന്‍വാങ്ങി. മുകേഷ് ദലാല്‍ വിജയിച്ചതായി വരണാധികാരി രേഖയും നല്‍കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതുസംബന്ധിച്ച് ദുരൂഹത തുടരുകയാണ്. മൂവരെയും ബി.ജെ.പി.ക്കാര്‍ ഭീഷണിപ്പെടുത്തി സത്യവാങ്മൂലം കൊടുപ്പിച്ചതായി കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഹൈക്കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. സ്ഥാനാര്‍ഥിയുടെ സഹോദരീഭര്‍ത്താവും അനന്തരവനും കച്ചവടപങ്കാളിയുമാണ് കാലുമാറിയ നാമനിര്‍ദേശകര്‍. നിലേഷ് കുംഭാണിക്കെതിരേ കോണ്‍ഗ്രസില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിജയിച്ച മുകേഷ് ദലാലിന് ലോക്സഭയിലേക്ക് ആദ്യ ഊഴമാണ്.

കഴിഞ്ഞ മൂന്നുതവണ എം.പി.യും റെയില്‍വേ സഹമന്ത്രിയുമായ ദര്‍ശന ജര്‍ദോഷിനെ തഴഞ്ഞാണ് ദലാലിന് സീറ്റുനല്‍കിയത്. ബി.ജെ.പി. സിറ്റി ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം കോര്‍പ്പറേഷനില്‍ മുമ്പ് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. 2014-ലും 2019-ലും അഞ്ചുലക്ഷം വോട്ടിനുമുകളിലായിരുന്നു ഇവിടെ ബി.ജെ.പി.യുടെ ഭൂരിപക്ഷം. 1984-ലാണ് അവസാനം കോണ്‍ഗ്രസ് ജയിച്ചത്. 1989 മുതല്‍ 2004 വരെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് കാശിറാം റാണയാണ് ജയിച്ചത്. കോണ്‍ഗ്രസില്‍നിന്നും 1977-ല്‍ ജനതാപാര്‍ട്ടിയില്‍നിന്നും മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വിജയിച്ച മണ്ഡലവുമാണ്.